ചലച്ചിത്രങ്ങളിലെ ക്രൈസ്തവവിരുദ്ധത വര്‍ദ്ധിക്കുന്നു

ക്രൈസ്തവ വിശ്വാസസംഹിതകളെയും പാരമ്പര്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വിരുദ്ധമായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ചലച്ചിത്ര മേഖലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അവഹേളനത്തിന്റെയും ദുര്‍പ്രചരണങ്ങളുടെയും മുള്ളും മുനയും ഉള്‍പ്പെടുത്തി തെറ്റിദ്ധാരണകള്‍ക്ക് ഇടം നല്കുന്ന ചലച്ചിത്ര വിശേഷങ്ങളുടെ വായന.
ചലച്ചിത്രങ്ങളുടെ പ്രമേയങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, ചലച്ചിത്രങ്ങളില്‍ കടന്നുകൂടുന്ന ചില ആശയങ്ങള്‍, ചലച്ചിത്രങ്ങളുടെ ദുഃസ്വാധീനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമീപകാലത്തായി പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ ക്രൈസ്തവ വിരുദ്ധവും സഭാവിരുദ്ധവുമായ ആശയങ്ങളും അവതരണങ്ങളും ചില മലയാളസിനിമകളെ വിവാദങ്ങളിലേക്കും കോടതി ഇടപെടലുകളിലേക്കും നയിക്കുകയുണ്ടായി. നിഷ്‌കളങ്കവും നിരുപദ്രവകരവുമെന്ന് തോന്നുന്ന ചെറിയ വാചകങ്ങളും സന്ദര്‍ഭങ്ങളും മുതല്‍, പ്രകടമായ നിന്ദയും ദുര്‍വ്യാഖ്യാനങ്ങളും വ്യാജപ്രചാരണങ്ങളും ഉള്‍പ്പെടുന്ന സീനുകളും ഡയലോഗുകളുംവരെ ഒട്ടേറെ ചലച്ചിത്രങ്ങളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ചില ചലച്ചിത്രങ്ങളുടെ പ്രമേയങ്ങളും പ്രകടമായ ക്രൈസ്തവ വിരുദ്ധത വെളിപ്പെടുത്തുന്നവയാണ്.
ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് നിരോധിക്കപ്പെട്ട ‘പിതാവിനും പുത്രനും’ എന്ന ചലച്ചിത്രത്തിന്റെ പേരിന് ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ വരുത്തി ‘അക്വേറിയം’ എന്നപേരില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തിക്കാനുള്ള ശ്രമത്തിനെതിരെ കേരളത്തിലെ സന്ന്യസ്തസമൂഹങ്ങളും സഭാനേതൃത്വവും നിയമനടപടികള്‍ സ്വീകരിക്കുകയുണ്ടായിരുന്നു. സന്ന്യസ്തരെയും സന്ന്യാസസമൂഹങ്ങളെയും അത്യന്തം വികലമായി ചിത്രീകരിച്ചാണ് പ്രസ്തുത സിനിമ നിര്‍മിച്ചിരുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെയുള്ള പ്രതിരോധവും പ്രതിഷേധവും അതിനുമുമ്പും ശേഷവും ഉണ്ടായിട്ടുണ്ട്. ചില തല്പരകക്ഷികള്‍ ഈ പൊതുസമൂഹത്തില്‍ ക്രൈസ്തവ വിശ്വാസം, കൗദാശിക ജീവിതം, സന്ന്യാസം, പൗരോഹിത്യം, കത്തോലിക്കാസഭയുടെ നിലപാടുകള്‍ തുടങ്ങിയവ സംബന്ധിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യാജങ്ങള്‍ക്ക് പിന്‍ബലമായി മാറുന്ന വിധത്തില്‍ ജനങ്ങളെ ഇത്തരം ചലച്ചിത്രങ്ങള്‍ സ്വാധീനിക്കുന്നുണ്ട് എന്ന ബോധ്യം മൂലമാണ് അപൂര്‍വമായെങ്കിലും ഇത്തരം ചില നിയമനടപടികള്‍ ഉണ്ടായിട്ടുള്ളത്.
ജനശ്രദ്ധ നേടാനുള്ള കുറുക്കുവഴികളോ
പ്രൊപ്പഗാന്തയോ?

ചില സമീപകാല മലയാള സിനിമകള്‍ പരിശോധിച്ചാല്‍ ക്രൈസ്തവ വിരുദ്ധ, സഭാ വിരുദ്ധ ഘടകങ്ങള്‍ അനാവശ്യമാംവിധം ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. ഒരുപക്ഷേ, വിവാദങ്ങള്‍ ഉണ്ടായേക്കാം എന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ അത്തരം ചില സീനുകളോ ഡയലോഗുകളോ സിനിമയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അവഹേളനത്തിനായുള്ള നീക്കം എന്നതിന് പുറമെ, വിവാദങ്ങളിലൂടെ ജനശ്രദ്ധ നേടാനുള്ള തന്ത്രമായും അതിനെ സംശയിക്കാം. ഈ വര്‍ഷം പുറത്തിറങ്ങിയ ഏതാനും ചലച്ചിത്രങ്ങളില്‍ തന്നെ, വിശുദ്ധ കുമ്പസാരത്തെ അവഹേളിക്കുന്നവിധത്തിലുള്ള സീനുകള്‍, വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന വാചകങ്ങള്‍, തകര്‍ന്ന ദൈവാലയങ്ങള്‍, ഒടിഞ്ഞു വീണ കുരിശ് എന്നിങ്ങനെയുള്ളവയുടെ അവതരണം തുടങ്ങിയവ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഉദാഹരണങ്ങളാണ്. അതേസമയം, ഇത്തരം ചലച്ചിത്രങ്ങളുടെ പ്രമേയത്തിന് ക്രൈസ്തവ വിശ്വാസവുമായി ബന്ധമൊന്നും ഉണ്ടായിരിക്കുകയുമില്ല.
എന്നാല്‍, മറ്റൊരു വിഭാഗം മലയാള ചലച്ചിത്രങ്ങള്‍ ക്രൈസ്തവ കുടുംബ പശ്ചാത്തലങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കത്തോലിക്കാസഭ എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മിക മൂല്യങ്ങളെ വെല്ലുവിളിക്കുന്നുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ‘കാതല്‍’, 2024-ല്‍ പുറത്തിറങ്ങിയ ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്’ തുടങ്ങിയവ ഉദാഹരണങ്ങളാണ്. സ്വവര്‍ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന പ്രമേയങ്ങള്‍ ക്രൈസ്തവ കുടുംബ പശ്ചാത്തലങ്ങളില്‍ ഈ ചലച്ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. 2021-ല്‍ പുറത്തിറങ്ങിയ ‘സാറാസ്’ എന്ന ചലച്ചിത്രത്തിന്റെ പ്രമേയം ഗര്‍ഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്നതായിരുന്നു. ഇത്തരത്തില്‍ ധാര്‍മിക മൂല്യങ്ങളെയും വിശിഷ്യാ കത്തോലിക്കാസഭയുടെ പ്രബോധനങ്ങളെയും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള ചലച്ചിത്രങ്ങളും അനേകരില്‍ അധാര്‍മിക മനോഭാവങ്ങളോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ കാരണമാ കുന്നുണ്ട്. അത്തരം പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ ക്രൈസ്തവ
കുടുംബ – ക്രൈസ്തവ വിശ്വാസ പശ്ചാത്തലങ്ങള്‍
ദുരുപയോഗിക്കപ്പെടുന്നത് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
ചലച്ചിത്രത്തിലെ മാറിവരുന്ന പ്രവണതകള്‍
മലയാള ചലച്ചിത്രമേഖലയില്‍ കുടുംബങ്ങള്‍ക്ക് ആസ്വദിക്കാനാകുന്നതും സാമൂഹിക – ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ചലച്ചിത്രങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടയില്‍ ബ്ലോക്ക് ബസ്റ്ററുകളായി മാറിയതും കുട്ടികള്‍ ഉള്‍പ്പെടെ കുടുംബങ്ങള്‍ കാഴ്ചക്കാരായതുമായ പ്രമുഖ ചലച്ചിത്രങ്ങള്‍ വയലന്‍സിന്റെ അതിപ്രസരമുള്ളവയും ലഹരി ഉപയോഗത്തെ സാമാന്യവല്‍ക്കരിക്കുന്നവയുമായിരുന്നു. അത്തരമൊരു ട്രെന്‍ഡ് മലയാള ചലച്ചിത്രമേഖലയില്‍ വ്യാപകമാകുന്നതുമായി ബന്ധപ്പെട്ട് ദീര്‍ഘമായ ചര്‍ച്ചകള്‍ അടുത്ത കാലങ്ങളായി നടന്നിട്ടുണ്ട്. പ്രമേയങ്ങളില്‍ വര്‍ധിച്ചുവരുന്ന ഇത്തരം ഘടകങ്ങള്‍ വലിയ രീതിയില്‍ സമൂഹത്തെയും യുവജനങ്ങളെയും കുട്ടികളെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പലവിധത്തില്‍ പ്രകടമാണ്. ഇവയും കത്തോലിക്കാസഭ എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.
ആഗോള ചലച്ചിത്ര നിര്‍മാണപ്രവണതകള്‍ ഈ ഘട്ടത്തില്‍ നാം വിചിന്തനവിഷയമാക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഹോളിവുഡില്‍ നിര്‍മിക്കപ്പെട്ട ചലച്ചിത്രങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും ഏറ്റവുമധികം കുടുംബങ്ങളും കുട്ടികളും കണ്ടതും വലിയ സാമ്പത്തിക നേട്ടം കൈവരിച്ചവയുമായ ചലച്ചിത്രങ്ങള്‍ കുട്ടികളെ പ്രേക്ഷകരായി കണ്ടുകൊണ്ട് നിര്‍മിച്ചവയായിരുന്നു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നിര്‍മിക്കപ്പെടുന്ന ചലച്ചിത്രങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ കൂടുതലായി നിര്‍മിക്കപ്പെടുകയും കൂടുതല്‍ വലിയ ലാഭം നേടുകയും ചെയ്യുമ്പോള്‍ മലയാള ചലച്ചിത്രമേഖലയിലും പൊതുവെ ഇന്ത്യന്‍ ചലച്ചിത്രമേഖലയിലും അത്തരം ചലച്ചിത്രങ്ങള്‍ തീരെ ഇല്ലാതാകുന്നു എന്നതാണ് വാസ്തവം. ചില ചലച്ചിത്രങ്ങള്‍ അപ്രകാരം ഇറങ്ങുന്നുണ്ടെങ്കില്‍ തന്നെയും കലാമൂല്യം കുറവുള്ളവയും തീരെ ജനശ്രദ്ധ നേടാത്തവയും ആയതിനാല്‍ പരാജയങ്ങളായി മാറുന്നു. അതിനാല്‍തന്നെ, കുട്ടികള്‍ കാണാന്‍ താല്പര്യപ്പെടുന്നവയും അവരെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നവയും അക്രമത്തിന് വലിയ സ്ഥാനമുള്ള ലഹരി ഉപയോഗത്തെയും അധാര്‍മിക ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം ചലച്ചിത്രങ്ങളാണ്.
പ്രത്യാഘാതങ്ങള്‍ വലുത്
ഇക്കാലഘട്ടത്തില്‍ യുവജനങ്ങളിലും കുട്ടികളിലും ചലച്ചിത്രങ്ങള്‍ ചെലുത്തുന്ന സ്വാധീനം വലുതും അപകടകരവുമാണ്. ക്രൈസ്തവമൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്കും വിരുദ്ധമായ പലവിധ ആശയങ്ങള്‍ അവര്‍പോലുമറിയാതെ അവരില്‍ കടന്നുകൂടുന്നുണ്ട്. വിശ്വാസത്തില്‍നിന്നും ആത്മീയബോധ്യങ്ങളില്‍നിന്നും സഭയില്‍നിന്നും അകലാന്‍ പരോക്ഷമായി ഇത് കാരണമാകുന്നുണ്ട്. ചലച്ചിത്രങ്ങള്‍ മാത്രമല്ല, അതിന് അനുബന്ധമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആശയങ്ങളും പുതിയ ട്രെന്‍ഡുകളുടെയും ആശയങ്ങളുടെയും കടന്നുവരവും ചില പ്രത്യയശാസ്ത്രങ്ങള്‍ സമര്‍ഥമായി ഇത്തരം സാധ്യതകളെ ദുരുപയോഗിക്കുന്നതും പല തലങ്ങളില്‍ നമുക്ക് തിരിച്ചറിയാനാകും. ഇതെല്ലാം പല വിധത്തില്‍ സമൂഹത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
ഏറെ കലുഷിതവും സങ്കീര്‍ണവുമായ ഒരു സാമൂഹിക സാഹചര്യമാണ് ഇന്നത്തെ കേരളത്തിലുള്ളത്. മയക്കുമരുന്നിന്റെയും മറ്റു ലഹരികളുടെയും ഉപയോഗത്തിലെ വലിയ വര്‍ധനവ്, അധാര്‍മിക ആശയങ്ങ ളുടെ വ്യാപനം, തീവ്ര വര്‍ഗീയ പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം, രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മൂല്യശോഷണം, അക്രമസംഭവങ്ങളുടെ വര്‍ധനവ് എന്നിങ്ങനെ തികച്ചും അസുഖകരമായ സാഹചര്യം നാം ജീവിക്കുന്ന ഇന്നത്തെ ഈ ലോകത്ത് നിലനില്ക്കുന്നു. ഒട്ടേറെ കുടുംബങ്ങള്‍ അസമാധാനത്തിലും അരക്ഷിതാവസ്ഥയിലും കഴിയുന്നുണ്ട്. ഇത്തരം സാമൂഹിക പശ്ചാത്തലങ്ങളെ മുതലെടുക്കുന്ന ശൈലിയാണ് ഒരു വിഭാഗം ചലച്ചിത്രങ്ങളും പിന്തുടരുന്നത്. സാഹചര്യങ്ങളെ കൂടുതല്‍ മോശമാക്കാന്‍ അത്തരം സൃഷ്ടികള്‍ കാരണമാകുകയും ചെയ്യുന്നു.
ഈ ഘട്ടത്തില്‍ വിവേചനാശേഷി പുലര്‍ത്തുകയും ജാഗ്രത പാലിക്കുകയുമാണ് പ്രധാനം. നല്ലതിനെ ഉള്‍കൊള്ളാനും അല്ലാത്തവയെ തള്ളിക്കളയാനും ഈ സമൂഹത്തിന് കഴിയേണ്ടതുണ്ട്.