ഡോ. അനിറ്റ് ജോസഫ് കാരയ്ക്കാട്ട്

ജനറൽ ഹോസ്‌പിറ്റൽ

മനുഷ്യരെ ബാധിക്കുന്ന ഏറ്റവും മാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ, മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന ഇതിന് ‘റാബീസ്’ എന്നു പറയുന്നു. ‘റാബീസ്’ എന്ന ലാറ്റിൻ പദത്തിൻ്റെ അർത്ഥം ‘ഭ്രാന്ത്’ എന്നാണ്. പേയുള്ള മൃഗത്തിൽനിന്ന് രോഗാണു മനുഷ്യനിൽ പ്രവേശിച്ച് രോഗബാധയുണ്ടായാൽ മരണം ഉറപ്പാണ്. ലോകത്ത് ഇന്നുവരെ പേവിഷബാധയ്ക്ക് ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. എന്നാൽ 100% പ്രതിരോധിക്കാൻ പറ്റുന്ന രോഗമാണിത്.

രോഗകാരണം:- റാബീസ് വൈറസ്റ്റാണ് ഈ രോഗത്തിനു കാരണം.

രോഗപകർച്ച:- വൈറസ്സ് ഉള്ള പട്ടി, പൂച്ച, മരപ്പട്ടി, പെരുച്ചാഴി, പശു, ആട്, കുറുക്കൻ, ചെന്നായ, കുരങ്ങൻ എന്നീ മൃഗങ്ങളിൽനിന്നാണ് മനുഷ്യർക്ക് ഇത് കിട്ടുന്നത്. മനുഷ്യരിൽ രോഗം പകർത്തുന്നത് പ്രധാനമായും (95%) പട്ടിയാണ്, പിന്നെ പുച്ച അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ പ്രധാനമായും വാമ്പൈർ വവ്വാലുകളാണ് രോഗം പകർത്തുന്നത്.

രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ ഈ വൈറസ്റ്റ് കണ്ടുവരുന്നു. അത് മൃഗങ്ങളുടെ കടികൊണ്ടോ മാന്തുകൊണ്ടോ ഉണ്ടായ മുറിവിലൂടെ / പോറലിലൂടെ ശരീരത്തിൽ പ്രവേശിച്ച്, ശരീര പേശികൾക്കിടയിലെ നാഡികളിൽ എത്തി, നാഡീവ്യൂഹത്തിൽകൂടി സഞ്ചരിച്ച് തലച്ചോറിലെത്തുന്നു. തൊലിയിൽ പോറലുള്ള സ്ഥലത്തും, കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ പേനായ്ക്കൾ നക്കിയാലും രോഗം ബാധിക്കാനിടയുണ്ട്.

രോഗലക്ഷണങ്ങൾ: മനുഷ്യരിൽ:-

രോഗാണു ശരീരത്തിനുള്ളിൽ കയറിയാൽ രോഗലക്ഷണങ്ങൾ ഒരാഴ്ച്‌ച മുതൽ 3 മാസത്തിനുള്ളിൽ കാണിച്ചു തുടങ്ങും. ചിലപ്പോൾ അത് ഒരു വർഷംവരെ എടുക്കാറുണ്ട്. മുറിവിൽനിന്ന് രോഗാണുക്കൾ നാഡികൾ വഴി തലച്ചോറിൽ എത്തുമ്പോഴാണ് രോഗലക്ഷണങ്ങൾ തുടങ്ങുന്നത്. റാബീസ് വൈറസ്റ്റ് തലച്ചോറിൽ എത്തി എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥയുണ്ടാക്കുന്നതുമൂലം മരണം സംഭവിക്കുന്നു. രോഗാവസ്ഥയെ മൂന്നു ഘട്ടങ്ങളായി തരംതിരിക്കാം:-

ഒന്നാം ഘട്ടം:- കടിയേറ്റ ഭാഗത്ത് ചൊറിച്ചിൽ, മുറിവേറ്റ ഭാഗത്ത് മരവിപ്പ്, തലവേദന, തൊണ്ട വേദന എന്നിവയുണ്ടാവും.

രണ്ടാം ഘട്ടം:-

വിറയൽ, ശ്വാസതടസ്സം, ഉത്‌കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്‌മ, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി. അതുകൊണ്ട് ഈ രോഗത്തെ ജലഭീതി (ഹൈഡ്രോ ഫോബിയ) എന്നു വിളിക്കുന്നു.

മൂന്നാം ഘട്ടം:-

തളർന്നു കിടക്കും. ശ്വാസതടസ്സം, ശബ്ദവ്യത്യാസം എന്നിവയുണ്ടാവും: അവസാനം മരണപ്പെടുന്നു.

രോഗലക്ഷണങ്ങൾ മൃഗങ്ങളിൽ:-

നായകളിൽ രോഗാണു പ്രവേശിച്ചു കഴിഞ്ഞാൽ 3 മുതൽ 8 ആഴ്ച‌യ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും.

ആദ്യഘട്ടം: പൊതുവെ ശാന്തസ്വഭാവമായിരിക്കും. വായിൽനിന്ന് നുരയും പതയും വരും. വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും പറ്റില്ല.

രണ്ടാം ഘട്ടം: ഈ ഘട്ടത്തിൽ അവ അക്രമകാരിയാവുന്നു. നായക്കൾ അനുസരണമില്ലാതെ ഇരുണ്ട മൂലകളിൽ പോയി ഒളിച്ച് നിൽക്കുകയും, ശബ്ദം, വെളിച്ചം എന്നിവയെ ഭയപ്പെടുകയും ചെയ്യും. സാങ്കല്‌പിക വസ്തു‌ക്കളെ കടിക്കുക; മരം, കല്ല്, മണ്ണ് എന്നിവ തിന്നുകയും ചെയ്യും. കണ്ണുകൾ ചുമക്കും, ഉമിനീരൊലിപ്പിച്ച് ലക്ഷ്യമില്ലാതെ ഓടും, പ്രകോപനമില്ലാതെ എല്ലാറ്റിനെയും കടിക്കും പേവിഷബാധയേറ്റ നായ്ക്കൾ കുരയ്ക്കാതെ കടിക്കും. കുരയ്ക്കുന്ന ശബ്ദത്തിലും വ്യത്യാസം കാണാം. ഇത് നാലോ അഞ്ചോ ദിവസം നീണ്ടുനില്ക്കുന്നു. ക്രമേണ തളർച്ച ബാധിച്ച മൃഗം ചത്തു പോവുന്നു.

പൂച്ചകൾ രണ്ടാം ഘട്ടം മാത്രമേ കാണിക്കൂ. ഒന്നോ രണ്ടോ ദിവസം ഒളിവിൽക്കഴിഞ്ഞ പൂച്ച അക്രമാസക്തിയോടെയാവും പുറത്തുവരിക. വിക്ഷോഭത്തിന്റെ കാലം കഴിഞ്ഞാൽ അംഗങ്ങൾ ഓരോന്നായി തളർന്ന് പൂച്ച ചത്തുവീഴുന്നു.

കന്നുകാലികളിൽ റാബീസ് ബാധിച്ചാൽ മൃഗം ക്രമേണ ആക്രമണകാരിയാവുകയും കുത്തുകയും നിലത്ത് മാന്തുകയും ചെയ്യും.

ചികിത്സ:-

  1. മുറിവുണ്ടായ ഭാഗം പൈപ്പിൽനിന്നും ഒഴുകുന്ന വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് 15 മിനിറ്റെങ്കിലും കഴുകിക്കൊണ്ടിരിക്കണം. റാബീസ് വൈറസ്റ്റുകൾ 90% ഈ ഒഴുകുന്ന വെള്ളത്തിൽ ഒലിച്ചു പോകും.
  2. വലിയ മുറിവുകളാണെങ്കിൽ കഴുകിയതിനുശേഷം വൃത്തിയുള്ള തുണിവെച്ച് കെട്ടി രക്തപ്രവാഹം നിയന്ത്രിക്കുക.
  3. ഉടനടി വൈദ്യസഹായം തേടുക.

പ്രതിരോധം-

രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയാൽ അസുഖം ചികിത്സിച്ചു ഭേദമാക്കുക അസാധ്യമാണ്. അതിനാൽ പ്രതിരോധം വളരെ പ്രധാനപ്പെട്ടതാണ്.

1) മനുഷ്യർക്ക് രോഗം ബാധിക്കാതിരിക്കാനുള്ള കുത്തി വയ്പുകൾ ഗവണ്മെൻ്റ് ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്. ഇത് പേ ഇല്ലാതാക്കാനുള്ള മരുന്നല്ല മറിച്ച് പേ വരാതിരിക്കാനുള്ള വാക്‌സിനാണ്.

ശരീരത്തിൽ പ്രവേശിച്ച രോഗാണുവിനെ വാക്‌സിൻ എന്തു ചെയ്യുന്നു?

റാബീസ് വൈറസ്റ്റ് മുറിവിൽനിന്നും വളരെ പതുക്കെ ഞരമ്പുകളുടെ ആവരണം വഴി തലച്ചോറിലെത്തി ജീവാപായം വരുത്തുന്നു. തലച്ചോറിൽനിന്നും എത്ര ദൂരയാണോ മുറിവിന്റെ ഭാഗം, അത്രയും പതുക്കൊയ വൈറസ്സ് തലച്ചോറിലെത്തു. അതായത് മുഖത്ത് എല്ക്കുന്ന മുറിവ് കാലിൽ ഏല്ക്കുന്നതിനേക്കാൾ അപകടകാരിയാണ്. അതുകൊണ്ട് വൈറസ്റ്റ് തല ച്ചോറിലെത്തുംമുമ്പേ വാക്‌സിൻ എടുത്തിരിക്കണം.

2) വലിയ മുറിവുകൾക്ക് പ്രതിരോധത്തിനായി റാബീസ് ഇമ്യൂണോ ഗ്ലോബുലിൻ കുത്തിവയ്‌പ് ലഭ്യമാണ്.

3) പത്തു ദിവസത്തേക്ക് കടിച്ച മൃഗത്തെ നിരീക്ഷിക്കണം. അതിന് വല്ല മാറ്റവും സംഭവിക്കുന്നുണ്ടോ അതോ അത് ചത്തുപോകുന്നുണ്ടോ എന്നു നോക്കണം.

4) രോഗവാഹകരാകാവുന്ന വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്ത് രോഗവ്യാപനം തടയാം. വളർത്തുമൃഗങ്ങൾക്ക് 3 മാസം പ്രായം ആയാൽ ആദ്യകുത്തിവയ്പ്പ് എടുക്കണം. പിന്നീട് ഓരോ വർഷ ഇടവേളയിൽ കുത്തിവയ്പ്പ് എടുക്കണം. പ്രതിരോധ കുത്തിവയ്ച്ച് എടുത്ത നായയെ രോഗബാധയുള്ള നായയോ മറ്റോ കടിച്ചാൽ ചികിത്സാ കുത്തിവയ്പ്പുകൾ ചെയ്യിക്കണം.