അക്രമം ‘സ്വമേധയാ സംഭവിച്ചതല്ല, മറിച്ച് ആസൂത്രിതവും വംശീയമായി ലക്ഷ്യമിടുന്നതും ഭരണകൂടപരാജയങ്ങളാല്‍ സുഗമമാക്കപ്പെട്ടതുമാണ്’
ഒടുവില്‍ മണിപ്പൂരില്‍ സംഭവിച്ചവയുടെ നിഷ്പക്ഷമായ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നു. മണിപ്പൂരില്‍ നടന്ന വംശീയ സംഘര്‍ഷം അന്വേഷിക്കുന്നതിനായി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) 2024ല്‍ സ്ഥാപിച്ച സ്വതന്ത്ര ജനകീയ ട്രൈബ്യൂണലാണ് 2025 ഓഗസ്റ്റ് 20ന് 694 പേജുള്ള റിപ്പോര്‍ട്ട് പുറത്തിറക്കിയത്. അക്രമം ‘സ്വമേധയാ സംഭവിച്ചതല്ല, മറിച്ച് ആസൂത്രിതവും വംശീയമായി ലക്ഷ്യമിടുന്നതും ഭരണകൂടപരാജയങ്ങളാല്‍ സുഗമമാക്കപ്പെട്ടതുമാണ്’ എന്നാണ് ട്രൈബ്യൂണലിന്റെ നിഗമനം.
ട്രൈബ്യൂണലിന്റെ പ്രധാന കണ്ടെത്തലുകളും നിഗമനങ്ങളും
2023 മെയ് 3 ന് ആരംഭിച്ച അക്രമം ആസൂത്രിതവും വംശീയമായി ലക്ഷ്യമിട്ടതുമായിരുന്നുവെന്ന് ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട് സൂചിപ്പിച്ചു. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ അവരുടെ ഭരണഘടനാപരമായ കടമകളില്‍ പരാജയപ്പെട്ടുവെന്ന് ട്രൈബ്യൂണല്‍ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിനെ റിപ്പോര്‍ട്ട് പ്രത്യേകമായി വിമര്‍ശിച്ചു. The voices we heard paint a picture of systemic impunity and targeted brutality’ എന്നാണ് ജൂറി എഴുതിയിരിക്കുന്നത്. അരാംബായി തെങ്കോള്‍, മെയ്‌തേയ് ലീപുന്‍ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കും അവരുടെ അംഗങ്ങളുടെ കാര്യമായ അറസ്റ്റുകളുടെ അഭാവവും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്ങിലൂടെയും പ്രത്യേകിച്ച് ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകളില്‍ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിലൂടെയും മാധ്യമങ്ങള്‍ പിരിമുറുക്കം വര്‍ദ്ധിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
27 മാസത്തെ അക്രമങ്ങള്‍ക്കുശേഷവും 60,000-ത്തിലധികം ആളുകള്‍ ഇപ്പോഴും അപര്യാപ്തമായ ക്യാമ്പുകളില്‍ കഴിയുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധി റിപ്പോര്‍ട്ട് എടുത്തുകാണിച്ചു.
ട്രൈബ്യൂണലിന്റെ ശുപാര്‍ശകള്‍
അതിജീവിച്ച പലരും വിശ്വസിക്കുന്നത് സംസ്ഥാനം അക്രമം അനുവദിക്കുകയോ അതില്‍ പങ്കെടുക്കുകയോ ചെയ്തുവെന്നാണ്. അക്രമം, സുരക്ഷാസേനയുടെ പങ്ക്, വിദ്വേഷപ്രസംഗം എന്നിവ അന്വേഷിക്കാന്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) ട്രൈബ്യൂണല്‍ ശുപാര്‍ശ ചെയ്തു. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പുവരുത്താനായി മണിപ്പൂരിന് പുറത്തുനിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഈ എസ്‌ഐടി പ്രതിമാസം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത്തരം വിഷയങ്ങളില്‍ ഇന്ത്യയുടെ ജുഡീഷ്യറി, പാര്‍ലമെന്റ്, സിവില്‍ സൊസൈറ്റി എന്നിവയ്ക്കുള്ള ഉത്തരവാദിത്തം പ്രകടമാകേണ്ടതിന്റെ ആവശ്യകത ട്രൈബ്യൂണല്‍ ഊന്നിപ്പറഞ്ഞു.
ട്രൈബ്യൂണലിന്റെ ഘടന
പി.യു.സി.എല്‍ ആണ് ട്രൈബ്യൂണല്‍ വിളിച്ചത്. നിഷ്പക്ഷതയ്ക്കായി മണിപ്പൂരിനു പുറത്തു നിന്ന് തിരഞ്ഞെടുത്ത ജൂറിയുടെ അധ്യക്ഷന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ആയിരുന്നു. ജസ്റ്റിസ് കെ കണ്ണന്‍, ജസ്റ്റിസ് അഞ്ജന പ്രകാശ്, മുന്‍സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദേവസഹായം, സ്വരാജ് ബീര്‍ സിംഗ്, ഉമാ ചക്രവര്‍ത്തി, വിര്‍ജിനിയസ് സാക്‌സ, മനുഷ്യാവകാശ പ്രവര്‍ത്തകരായ മഞ്ജുള പ്രദീപ്, ഹെന്റി ടിഫാഗ്‌നെ, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ആകാര്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ട്രൈബ്യൂണലില്‍ അംഗങ്ങളായി ഉണ്ടായിരുന്നു. രക്ഷപ്പെട്ട ആയിരക്കണക്കിന് ആളുകളുമായുള്ള ചര്‍ച്ചകളുടെയും അനേകം സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്.
അതിജീവിച്ച 150-ലധികം പേര്‍ വാക്കാലുള്ള സാക്ഷ്യം നല്‍കി. അതേസമയം, ആയിരക്കണക്കിനു പേര്‍ രേഖാമൂലമോ ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയോ തെളിവുകള്‍ സമര്‍പ്പിച്ചു.
