കല്യാണമേ വേണ്ട!!

വിവാഹമെന്ന കൂദാശ സ്വീകരിക്കാന്‍ കുട്ടികള്‍ ഇന്ന് മടികാണിക്കുന്നു

അച്ചാ, മിനിമോള്‍ക്ക് വയസ് 35. ചേട്ടനും, എനിക്കും പ്രായം കൂടിവരുന്നു. ഞങ്ങള്‍ പലതവണ പറഞ്ഞിട്ടും അവള്‍ വിവാഹത്തിനു സമ്മതിക്കുന്നില്ല. അച്ചന്‍ ഒന്നു സംസാരിക്കാമോ? ഇത് ഇന്ന് അനേകം കുടുംബങ്ങളില്‍നിന്നും കേള്‍ക്കുന്ന വേദനയാണ്. ഒരു വശത്ത് വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത അനേകര്‍, മറുവശത്ത് വിവാഹം വേണ്ട എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍.
വിവാഹം എന്ന കൂദാശ സ്വീകരിക്കാന്‍ താല്പര്യമില്ല എന്ന നിലപാടിലൂടെ പോകുന്ന ഇരുപതിലധികം ചെറുപ്പക്കാരോട് സംസാരിച്ചപ്പോള്‍ അവര്‍ നല്‍കിയ ഉത്തരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. ഭയം
    വീട്ടില്‍ അപ്പനും അമ്മയും തമ്മില്‍ എന്നും അലമ്പാണ്. ഇത് കണ്ട് മടുത്ത ഞാനും എന്തിന് നരകതുല്യമായ ഇത്തരം ഒരു ജീവിതത്തിലേക്ക് പ്രവേശിക്കണം. ഒരാള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍, മറ്റൊരാള്‍ പറഞ്ഞു എന്റെ കൂടെ ജോലി ചെയ്യുന്ന 7 പേരില്‍ 3 പേരുടെയും വിവാഹജീവിതം തകര്‍ന്നു. അതുകൊണ്ട് എനിക്ക് വിവാഹം കഴിക്കാന്‍ താല്പര്യമില്ല.
  2. സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു
    ഇപ്പോള്‍ എനിക്ക് എന്റെ ഇഷ്ടം പോലെ ജീവിക്കാം. ആരെയും മൈന്‍ഡ് ചെയ്യേണ്ട കാര്യമില്ല. എവിടെ വേണമെങ്കിലും പോകാം, എപ്പോള്‍ വേണമെങ്കിലും പോകാം, ഇഷ്ടം ഉള്ളതു ചെയ്യാം, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. കല്യാണം കഴിഞ്ഞാല്‍ പങ്കാളിക്കുവേണ്ടി എന്റെ ഇഷ്ടങ്ങള്‍ ത്യജിക്കേണ്ടി വരും. അതിനാല്‍, എനിക്ക് വിവാഹം എന്ന കൂദാശയോട് താല്പര്യമില്ല.
  3. ജോലി, കരിയര്‍
    എനിക്ക് ഇനിയും ഏറെ നേടാനുണ്ട്. വിവാഹം കഴിച്ചാല്‍ തുടര്‍ന്ന് പഠിക്കാന്‍, ജോലിയില്‍ തുടരാന്‍ സാധിക്കില്ല. അതിനാല്‍ വിവാഹത്തോട് താല്പര്യമില്ല. എനിക്ക് കൂടുതല്‍ ഉയരണം, വളരണം.
  4. മുന്‍ അനുഭവങ്ങള്‍
    പഠനകാലത്ത് ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു. അവരെ വിശ്വസിച്ചു പക്ഷേ എന്നെ ഇട്ടിട്ടു പോയി. എന്നെ വഞ്ചിച്ച അദ്ദേഹത്തെപോലെ ആയിരിക്കില്ലേ ഇനി വിവാഹത്തിലേക്ക് പ്രവേശിച്ചാലും. ചൂടുള്ള വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കും. അതിനാല്‍ എനിക്ക് താല്പര്യമില്ല.
  5. ബാധ്യത ഏറ്റെടുക്കാന്‍ താല്പര്യമില്ല
    ഇത്രയും കഷ്ടപ്പെട്ടിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സാധിക്കുന്നില്ല. കല്യാണം കഴിച്ചാല്‍ പങ്കാളി, കുട്ടികള്‍ ഇവരുടെ കാര്യം നോക്കണം. എന്തിനു വെറുതെ ബാധ്യത വലിച്ചുവയ്ക്കണം.
  6. സോഷ്യല്‍ മീഡിയായുടെ സ്വാധീനം
    തിന്നുക, കുടിക്കുക, ആഹ്‌ളാദിക്കുക. മുന്തിരിച്ചാറുപോലെ ആസ്വദിക്കാനുള്ളതല്ലേ ജീവിതം. അങ്ങനെ ആയിരിക്കുന്ന ചില സ്റ്റാറുകളെ കാണുമ്പോള്‍, അവര്‍ സിംഗിള്‍ ആയതുകൊണ്ടല്ലേ ഇപ്രകാരം ആഘോഷിക്കുന്നത്, അതുകൊണ്ട് എനിക്ക് വിവാഹം വേണ്ട.
  7. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള വൈമുഖ്യം
    വിവാഹം കഴിച്ചാല്‍ കുട്ടികളെ പ്രസവിക്കണം. എന്റെ സൗന്ദര്യം, ആരോഗ്യം ഇവ പോകും. പ്രായമായ കാരണവന്മാരെ നോക്കണം. വിവാഹം കഴിച്ചില്ലെങ്കില്‍ ഈ പ്രാരാബ്ധങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലല്ലോ.
    ഇരുപതിലധികം അവിവാഹിതരായ യുവജനങ്ങളോട് സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടികളാണ് നാം കണ്ടത്.

എന്താണ് ഇതിനൊരു പ്രതിവിധി?

  1. ദൈവമാണ് എന്നെ സൃഷ്ടിച്ചത്. മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന് തിരിച്ചറിഞ്ഞ ദൈവം അവനു ചേര്‍ന്ന ഇണയെ നല്‍കി (ഉല്‍പ 2:18). വിവാഹം എന്ന കൂദാശ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ ദൈവത്തോടും, ദൈവീക പദ്ധതികളോടും ആണ് മറുതലിക്കുന്നത്.
  2. മനുഷ്യന്‍ സാമൂഹ്യജീവിയാണ്, സമൂഹത്തോട് ചേര്‍ന്നു ജീവിക്കേണ്ടവനാണ്. എന്റെ ഇഷ്ടം, എന്റെ പദ്ധതി എന്റെ സ്വപ്നം എന്നു പറയുന്നത് സ്വാര്‍ത്ഥതയാണ്.
  3. റീല്‍സ് എല്ലാം റിയാലിറ്റി അല്ല
    സോഷ്യല്‍ മീഡിയായില്‍ അനുദിനം കാണുന്നതാണ് ശരിയെന്നത് മിഥ്യാധാരണയാണ്. ജീവിതത്തില്‍ സന്തുഷ്ടകരമായി ജീവിക്കുന്ന എത്ര ദമ്പതികള്‍ നമ്മുടെ ചുറ്റുപാടുകളിലുണ്ട്. അവരുടെ ജീവിതത്തിലെ മാതൃകകള്‍ കണ്ട് പഠിക്കണം.
  4. ജീവിതം ബാധ്യതയല്ല. സാധ്യതയാണ്.
    ആദിമാതാപിതാക്കളെ സൃഷ്ടിച്ച ദൈവം ഇങ്ങനെ അനുഗ്രഹിച്ചു ‘സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍, ഭൂമിയില്‍ നിറഞ്ഞ് കീഴടക്കുവിന്‍’ (ഉല്‍പ 1:28) ദൈവം മനുഷ്യവര്‍ഗത്തിന് കൊടുത്ത ആദ്യത്തെ അനുഗ്രഹമാണിത്. പ്രായമായ കാരണവന്മാരെ നോക്കുന്നത് ബാധ്യതയല്ല ദൈവാനുഗ്രഹത്തിന്റെ സാധ്യതയാണ്. മാതാപിതാക്കന്മാരുടെ അനുഗ്രഹം കുടുംബം ബലവത്താക്കും, കണ്ണീര്‍ കുടുംബത്തിന്റെ അടിവേരിളക്കും.
  5. വഴികാട്ടികള്‍ വഴിമുടക്കികള്‍ ആവരുതേ
    മാതാപിതാക്കന്മരെ നിങ്ങളുടെ ജീവിതമാകട്ടെ മക്കള്‍ക്കുള്ള മാതൃക. നിങ്ങളുടെ ജീവിതം കണ്ടിട്ട് മക്കള്‍ക്ക് പറയാന്‍ പറ്റണം. മാതാപിതാക്കള്‍ ജീവിക്കുന്നതുപോലെ ജീവിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ചെറുപ്പം മുതല്‍ ജീവിതാന്തസ്സ് തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും വിശുദ്ധരെക്കുറിച്ചും. സഭാപ്രബോധനങ്ങളെക്കുറിച്ചുമുള്ള അവബോധം മക്കള്‍ക്ക് നല്‍കുക.
  6. വേണ്ട സപ്പോര്‍ട്ട് നല്‍കുക
    ജീവിതത്തിലെ ചില പ്രതിസന്ധികള്‍ തളര്‍ത്തിയിട്ടുണ്ടാകാം. അതില്‍നിന്ന് മോചനം നേടാന്‍ സപ്പോര്‍ട്ട് നല്‍കുക. അതിനുവേണ്ടി നല്ല കൗണ്‍സിലിങ്ങ്, തുറന്നു സംസാരിക്കാനുള്ള വേദികള്‍ പരമാവധി പ്രയോജനപ്പെടുത്തുക.
    വാല്‍കഷണം: വിവാഹം ദൈവവിളിയാണ്.
    ”കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ കഴുകനെപ്പോലെ ചിറകടിച്ച് ഉയരും” (ഏശയ്യ 40:31).