ഫാം ടൂറിസം മുന്നോട്ടുവയ്ക്കുന്ന സാധ്യതകള്‍ കേരളത്തിലെ മലയോരമേഖലകളില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒന്നാണ്. ഇതിനോടകം പല മേഖലകളിലും ഇത് യാഥാര്‍ഥ്യമായി കഴിഞ്ഞിരിക്കുന്നു. ഒരു നവീനസംരംഭമായി ഇതിനെ കാണാനും ആ രീതിയില്‍ സമീപിക്കാനും കരുതലോടെ നടപ്പിലാക്കാനും സാധിച്ചാല്‍ സാമ്പത്തിക ലാഭത്തേക്കാള്‍ കാര്‍ഷികമേഖല മുഴുവനെയും തന്നെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന ഒരു മേഖലയാണിത്.
ഏറെ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന പുതിയ കാലത്തു കര്‍ഷകരും പുത്തന്‍ ആശയങ്ങളെയും സാധ്യതകളെയും അറിയുകയും പരീക്ഷിക്കുകയും ചെയ്യണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഒരു ഭാഗത്തു നഷ്ടത്തിന്റെയും ഉദ്യോഗസ്ഥ നിസംഗതയുടെയും ഭാരം വഹിക്കേണ്ടി വരുമ്പോള്‍ പുത്തന്‍ സംരംഭങ്ങളിലേക്ക് ചുവടുവയ്ക്കുന്നത് ഇവയെയൊക്കെ ഒരു പരിധിവരെ മറികടക്കാന്‍ സഹായിച്ചേക്കും. അത്തരമൊരു സാധ്യതകളുടെ ലോകമാണ് ഫാം ടൂറിസം മുന്നോട്ടുവയ്ക്കുന്നത്.
ഫാം ടൂറിസം മുന്നോട്ടുവയ്ക്കുന്ന സാധ്യതകള്‍ കേരളത്തിലെ മലയോരമേഖലകളില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒന്നാണ്. ഇതിനോടകം പല മേഖലകളിലും ഇത് യാഥാര്‍ഥ്യമായി കഴിഞ്ഞിരിക്കുന്നു. ഒരു നവീനസംരംഭമായി ഇതിനെ കാണാനും ആ രീതിയില്‍ സമീപിക്കാനും കരുതലോടെ നടപ്പിലാക്കാനും സാധിച്ചാല്‍ സാമ്പത്തിക ലാഭത്തേക്കാള്‍ കാര്‍ഷികമേഖല മുഴുവനെയും തന്നെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന ഒരു മേഖലയാണിത്.
ഹൈറേഞ്ചിന്റെ കൃഷിത്തനിമയെ വളര്‍ത്താനും ടൂറിസ്റ്റുകള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും കഴിയണം. കൃഷിയിടങ്ങളിലൂടെ ഇറങ്ങിനടക്കാനും വിളവെടുക്കാനും കൃഷിരീതികള്‍ പരിചയപ്പെടാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കണം. അതിനൊപ്പം തനതായ രുചി പരിചയപ്പെടുത്താന്‍ കൂടിക്കഴിഞ്ഞാല്‍ സന്ദര്‍ശകര്‍ ഹാപ്പിയാകും.
നൂതന സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ഉണ്ടാവുന്ന റിസ്‌കുകളെ ഏറ്റെടുക്കാനുള്ള മനഃശക്തി ഇതിനു ആവശ്യമാണ്. ഒരുപക്ഷെ അതിനു നമ്മുടെ പൂര്‍വികരെ സ്മരിക്കുന്നത് ഏറെ പ്രയോജനകരമാണ്. മുന്നില്‍ എന്തെന്നുപോലും മനസ്സിലാക്കാതെ ഭാവിയില്‍ എന്തായിത്തീരുമെന്നു തിരിച്ചറിയാതെ മനക്കരുത്ത് കൈമുതലാക്കി, അധ്വാനശേഷി മുറുകെപ്പിടിച്ച് മലയോരമേഖലകളില്‍ കുടിയേറിപാര്‍ത്തു പൊന്നു വിളയിച്ചവരാണ് അവര്‍.
കര്‍ഷകരുടെ നിലനില്‍പ്പ് അവതാളത്തിലാക്കുംവിധം വിലയില്ലായ്മ, വന്യമൃഗശല്യം, കര്‍ശനനിയമങ്ങളും, രൂക്ഷമാകുമ്പോള്‍ കിട്ടുന്ന വിലയ്ക്ക് വിറ്റിട്ടു കുടിയിറങ്ങുന്ന കാഴ്ചകളും അതിന്റെ ഫലമായ ആളൊഴിഞ്ഞ കൃഷിയിടങ്ങള്‍ സാധാരണവുമാകുന്നു. ഇങ്ങനെ കിട്ടുന്ന സ്ഥലങ്ങള്‍ നഗരകേന്ദ്രികൃത കോര്‍പ്പറേറ്റുകള്‍ ഹോംസ്റ്റേയ്ക്കും മറ്റുമായി വാങ്ങിയിട്ട് ലാഭങ്ങള്‍ കൊയ്യുമ്പോള്‍ എന്തുകൊണ്ട് കര്‍ഷകര്‍ക്കും അത് ചെയ്തുകൂടാ എന്ന ചോദ്യം ഉണ്ട്.
കുടിയേറ്റ കാലത്തെ അതേ സംഘശക്തിയും കൂട്ടായ്മകളും ഇന്‍ഫാം യൂണിറ്റ് തലത്തില്‍ രൂപപ്പെടുത്താനായാല്‍ ഇത്തരം ഹോംസ്റ്റേകളും ഫാം ടൂറിസം മേഖലകളും രൂപീകരിക്കാനും ഉപകാരപ്രദമാക്കി മാറ്റാനും നമുക്ക് സാധിക്കും. ഇടവകാതലത്തിലും യൂണിറ്റ് തലത്തിലും രൂപപ്പെടുത്തുന്ന കൂട്ടായ്മകള്‍ക്ക് സ്വന്തം മേഖലകളില്‍ ഒന്നിച്ചുള്ള ഹോംസ്റ്റേ സൗകര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇത്തരം കൂട്ടായമകള്‍ക്ക് തന്നെ ഒന്നിച്ച് കൃഷിമേഖലകളെയും ഉപയോഗപ്പെടുത്താം.
രണ്ടോ മൂന്നോ കൃഷിയിടങ്ങളെ ഒരു ക്ലസ്റ്റര്‍ ആക്കിക്കൊണ്ട് ജൈവകൃഷി, മത്സ്യകൃഷി, ഭക്ഷ്യസംസ്‌കരണം തുടങ്ങിയവ ഒന്നിച്ച് നടത്താം. ഇതേയിടങ്ങളെ ഫാം ടൂറിസം ഡെസ്റ്റിനേഷനുകളുമാക്കാം. ഉല്‍പന്നങ്ങള്‍ സംസ്‌കരിക്കാനും സംഭരിക്കാനുമുള്ള വെയര്‍ ഹൗസുകളും സംഭരണശാലകളും ആരംഭിക്കാം. ഇത്തരം റജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും വലിയ തോതില്‍ ധനസഹായവും തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത സബ്‌സിഡിയും ലഭിക്കും. സഞ്ചാരികള്‍ക്ക് ഓരോ ഫാമിലുമെത്തി വിളകള്‍ തൊട്ടറിഞ്ഞും രുചിച്ചും നോക്കാന്‍ കഴിയണം, ഒപ്പം ആടിനെയും കോഴിയെയും അലങ്കാര മത്സ്യങ്ങളെയും കാണാനുള്ള വഴിയൊരുക്കണം. കൃഷി പഠിക്കേണ്ടവര്‍ക്ക് അതാകാം. വെറുതേ കണ്ടു മടങ്ങണമെങ്കില്‍ അങ്ങനെയുമാകാം. മീന്‍പിടിച്ചു പാകം ചെയ്തു കഴിച്ചും വെള്ളച്ചാട്ടവും പ്രകൃതി സൗന്ദര്യവും ഓഫ് റോഡ് ഡ്രൈവുമൊക്കെ ആഘോഷമാക്കാന്‍ സാധിക്കണം. ഫാമുകളില്‍നിന്നുള്ള വരുമാനത്തിനു പുറമേയുള്ള വരുമാനമാണ് ഫാം ടൂറിസം തുറക്കുന്നത്. നമ്മുടെ തന്നെ കൃഷിയിടങ്ങള്‍ കാര്‍ഷികഉത്പന്നങ്ങള്‍ വാങ്ങാന്‍ മാത്രമുള്ള സ്ഥലമാകാതെ ഒരു വ്യത്യസ്ത അനുഭവം കൂടി പകരുന്ന ഇടമാകട്ടെ.
