സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകളെ കേരളത്തിന്റെ സംരംഭകവികസനത്തില്‍ നിര്‍ണായക പിന്തുണ നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളാക്കുകയാണ്. കാലങ്ങളായുള്ള സംരംഭകരുടെ ആവശ്യം അംഗീകരിച്ച് വീടുകളില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് പുതിയ വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ നിയമപ്രകാരം അംഗീകാരം ലഭ്യമാക്കിയിരിക്കുകയാണ്. ഇതിലൂടെ പഞ്ചായത്തുകള്‍ക്ക് പ്രാദേശിക വിഭവങ്ങളെയും മനുഷ്യവിഭവശേഷിയെയും കോര്‍ത്തിണക്കി ഉല്‍പ്പാദനമേഖലയിലും സേവനമേഖലയിലും വിജയകരമായ കൂടുതല്‍ സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കാനാകും.
പ്രാദേശികവിപണി ലക്ഷ്യമിട്ട് വിവിധ ഉല്‍പ്പാദന, സേവന സംരംഭങ്ങള്‍ വീടുകളില്‍ ആരംഭിക്കാനാകുന്നത് ഭക്ഷ്യസംസ്‌കരണം ഉള്‍പ്പെടെയുള്ള ചെറുകിട സംരംഭക മേഖലയില്‍ വലിയമാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.
അധിക ഭൂമിയും ആനുകൂല്യങ്ങളും
വീടുകളില്‍ സംരംഭം തുടങ്ങാന്‍ അനുമതി നല്‍കിയതിലൂടെ ഭൂമിലഭ്യത കുറഞ്ഞ സംസ്ഥാനത്ത് ലക്ഷക്കണക്കിന് ചതുരശ്രയടി സ്ഥലമാണ് പുതിയതായി വ്യവസായത്തിന് ലഭിക്കുന്നത്. ഗാര്‍ഹിക സംരംഭങ്ങള്‍ക്കും പഞ്ചായത്ത് രജിസ്‌ട്രേഷന്‍ ലഭ്യമാകുന്നതോടെ സംരംഭകര്‍ക്ക് ബാങ്ക് വായ്പകളും മറ്റ് ആനുകുല്യങ്ങളും ലഭ്യമാവുകയും ചെയ്യും.
എല്ലാ വീടുകളിലും തുടങ്ങാം സംരംഭം
പുതിയ നിയമപ്രകാരം, പഞ്ചായത്തുകളില്‍നിന്ന് കെട്ടിടനമ്പര്‍ ലഭിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും വീടുകളും ഇനി ഒക്യുപെന്‍സി വ്യവസ്ഥകള്‍ പരിഗണിക്കാതെ സംരംഭത്തിന് ഉപയോഗപ്പെടുത്താം. താമസമുള്ള വീടുകളുടെ 50 ശതമാനവും താമസമില്ലാതെ അടച്ചിട്ടിരിക്കുന്ന വീടുകള്‍ പൂര്‍ണമായും സംരംഭങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. വാണിജ്യവ്യാപാര ആവശ്യത്തിനായി നിര്‍മിച്ച കെട്ടിടങ്ങളിലും ഉല്‍പ്പാദനസംരംഭങ്ങള്‍ തുടങ്ങാം.
സംരംഭങ്ങള്‍ക്ക് രണ്ട് കാറ്റഗറി
പുതുക്കിയ വിജ്ഞാപനപ്രകാരം സംരംഭങ്ങളെ രണ്ട് കാറ്റഗറിയായാണ് തരംതിരിച്ചിരിക്കുന്നത്. ഉല്‍പ്പാദനസംരംഭങ്ങളെ കാറ്റഗറി ഒന്നിലും സേവന, വ്യാപാര, വാണിജ്യ സംരംഭങ്ങളെ കാറ്റഗറി രണ്ടിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഏതെങ്കിലും തരത്തിലുള്ള അസംസ്‌കൃതവസ്തുക്കളെ ഉല്പാദനപ്രക്രിയയിലൂടെ ഉല്പന്നമാക്കി മാറ്റുന്ന സംരംഭങ്ങളാണ് കാറ്റഗറി ഒന്നില്‍ വരുന്നത്.
ഫാക്ടറി, വര്‍ക്ക്‌ഷോപ്പ് ചെറുകിട സംരംഭങ്ങളുടെ ഉല്പാദനസ്ഥലങ്ങള്‍ ഇവയെല്ലാം ഈ കാറ്റഗറിയിലാണ്. ഇതുപ്രകാരം സംസ്ഥാനത്തെ ഭൂരിഭാഗം സംരംഭങ്ങളും കാറ്റഗറി ഒന്നില്‍പ്പെടും.
ലൈസന്‍സ് വേണ്ട രജിസ്‌ട്രേഷന്‍ മതി
കാറ്റഗറി ഒന്നില്‍പ്പെടുന്ന (10 ലക്ഷം രൂപയ്ക്ക് താഴെ മുതല്‍ മുടക്കുള്ള, മലിനീകരണനിയന്ത്രണബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ വിഭാഗത്തില്‍പ്പെടുന്ന പവര്‍ലോഡ് അഞ്ച് എച്ച്.പി യില്‍ താഴെയുള്ള) സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്ത് ലൈസന്‍സ് ആവശ്യമില്ല. പകരം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. 10 ലക്ഷം രൂപയ്ക്കു മുകളില്‍ മുതല്‍മുടക്കുണ്ടെങ്കില്‍ മലിനീകരണനിയന്ത്രണബോര്‍ഡിന്റെ ചട്ടങ്ങള്‍പ്രകാരം ഓറഞ്ച്, റെഡ് കാറ്റഗറികളില്‍ വരുന്നതാണെങ്കില്‍ മാത്രം ലൈസന്‍സ് നേടിയാല്‍ മതി.
കാറ്റഗറി രണ്ടില്‍ സേവനങ്ങള്‍
സേവന മേഖലയിലുള്ള സംരംഭങ്ങളും വ്യാപാര, വാണിജ്യസ്ഥാപനങ്ങളുമാണ് കാറ്റഗറി രണ്ടില്‍ വരുന്നത്. മൊബൈല്‍ സര്‍വീസ്, സര്‍വീസ് വാഹനങ്ങള്‍, മൊബൈല്‍ റെസ്റ്റോറന്റുകള്‍, ഹൗസ്‌ബോട്ടുകള്‍, ഉപയോക്താവിന്റെ വാതില്‍പ്പടിയിലോ ആവശ്യപ്പെടുന്നിടത്തോ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കാറ്റഗറി രണ്ടില്‍ വരും.
ഈ വിഭാഗത്തിലുള്ള സംരംഭങ്ങള്‍ക്ക് പഞ്ചായത്തില്‍നിന്ന് ലൈസന്‍സുകളാണ് അനുവദിക്കുന്നത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ലൈസന്‍സ് ലഭിക്കും. പഴയ ചട്ടങ്ങളില്‍ ഇതില്‍ പലതിനും ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല.
ഇപ്പോള്‍ അസംഘടിത മേഖലകളിലെ സംരഭകര്‍ക്കും ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയുണ്ട്. ലൈസന്‍സ് ലഭിക്കുന്നതോടെ വായ്പകള്‍, സബ്‌സിഡി, ഗ്രാന്റുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എല്ലാം ഈ സംരംഭകര്‍ക്കും ലഭ്യമാകും.
ലൈസന്‍സും രജിസ്‌ട്രേഷനും വേഗത്തില്‍
- ആവശ്യപ്പെടുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ കാറ്റഗറി ഒന്നിലെയും രണ്ടിലെയും സംരംഭങ്ങള്‍ക്ക് അഞ്ചുദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കും
- കാറ്റഗറി ഒന്നിലെ ലൈസന്‍സ് ആവശ്യമുള്ള സംരംഭങ്ങള്‍ക്ക് അപേക്ഷ നല്‍കി 30 ദിവസത്തിനുള്ളില്‍ ലൈസന്‍സ് ലഭിക്കും. ഈ സമയപരിധിക്കുള്ളില്‍ ലൈസന്‍സ് ലഭിച്ചില്ലെങ്കില്‍ ലൈസന്‍സ് നല്‍കിയതായി കണക്കാക്കി കല്പിത ലൈസന്‍സ് അനുവദിക്കുന്നതാണ്.
ലൈസന്‍സ് ഇനി അഞ്ചുവര്‍ഷത്തേക്ക്
നിലവില്‍ ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സുകള്‍ നല്‍കിയിരുന്നത്. ഇനി അഞ്ചുവര്‍ഷത്തേക്ക് ലഭ്യമാകും. ഇതിനായി നല്‍കുന്ന രേഖകളില്‍ ഏതെങ്കിലും അഞ്ചുവര്‍ഷത്തിനുമുമ്പ് കാലവധി തീരുന്നതാണെങ്കില്‍ ഈ തീയതി വരെയായിരിക്കും ലൈസന്‍സ് കാലാവധി. കൈമാറ്റം സുഗമമായി
ഒരു സംരംഭം കൈമാറ്റം ചെയ്യുമ്പോള്‍ പ്രവര്‍ത്തനത്തിന്റെ സ്വഭാവം മാറാതെ ഉടമ മാത്രമേ മാറുന്നുള്ളുവെങ്കില്‍ ലൈസന്‍സ് നിലനിര്‍ത്തി ഉടമസ്ഥാവകാശം പുതുക്കാനും പുതിയ ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ട്.

