നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ):മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു

തിരുവനന്തപുരം: എന്‍സിപിയില്‍ നിന്നും എല്‍എഡിഎഫില്‍ നിന്നും പുറത്തു വന്ന് യുഡിഎഫില്‍ ചേര്‍ന്ന മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് കാപ്പന്‍്റെ പുതിയ പാര്‍ട്ടിയുടെ പേര്. തിരുവനന്തപുരത്ത് വച്ചാണ് കാപ്പന്‍ തന്‍്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. കാപ്പന്‍ തന്നെയാവും പാര്‍ട്ടിയുടെ പ്രസിഡന്‍്റ്.

കാപ്പന്‍ സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരും എന്ന തരത്തിലുള്ള പ്രചാരണത്തിന് അവസാനമാകുകയാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കം കോണ്‍ഗ്രസില്‍ ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് അംഗത്വം നല്‍കി കൈപ്പത്തി ചിഹ്നത്തില്‍ മാണി സി കാപ്പനെ പാലായില്‍ മത്സരിപ്പിക്കണം എന്ന അഭിപ്രായം മുന്നോട്ട് വച്ചിരുന്നു

സ്വന്തം പാര്‍ട്ടിയുമായി യുഡിഎഫില്‍ ഘടകകക്ഷിയായി ചേരാനാണ് കാപ്പന്‍ താത്പര്യപ്പെട്ടത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ പാലായില്‍ ജയിക്കാനാവില്ലെന്ന് കാപ്പന്‍ മുല്ലപ്പള്ളിയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഘടകക്ഷിയായി യുഡിഎഫില്‍ ചേരണമെന്ന കാപ്പന്‍്റെ ആഗ്രഹത്തെ പിന്തുണച്ചിരുന്നു.

പുതിയ പാര്‍ട്ടിയെ ഘടകക്ഷിയായി ഉള്‍പ്പെടുത്തണമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ അനുവദിക്കണമെന്നും യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററോട് പാര്‍ട്ടി വിട്ടു വരേണ്ട എന്നാവശ്യപ്പെട്ടെന്നും മുതിര്‍ന്ന നേതാവിനെ ഇവിടെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നതിനാലാണ് അങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നും കാപ്പന്‍ പറഞ്ഞു.

Leave a Reply