യാത്രകളില്‍ പലപ്പോഴും വഴികാട്ടിയായി നമ്മളെ സഹായിക്കുന്ന ആപ്പാണ് ഗൂഗിള്‍ മാപ്പ്. ചിലപ്പോളെങ്കിലും ഗൂഗിള്‍ മാപ്പിനും വഴിതെറ്റാറുണ്ട്. അങ്ങനെ വഴിതെറ്റി കുളത്തിലും പുഴയിലുമൊക്കെ വാഹനങ്ങള്‍ വീഴുന്ന അപകടസംഭവങ്ങളും ധാരാളം നമ്മള്‍ വായിച്ചിട്ടുണ്ട് . കാര്യങ്ങള്‍ അങ്ങനെ പോകുമ്പോളാണ് ഗൂഗിള്‍ മാപ്പിന് എതിരാളിയായി ഇന്ത്യന്‍ നിര്‍മിത ആപ്പ്, മാപ്പ്ള്‍സ് എത്തുന്നത് (Mappls). പ്രത്യേകതകളിലും സൂക്ഷ്മതയിലും ഗൂഗിള്‍ മാപ്പിനെ വെല്ലുന്ന ഈ ഇന്ത്യന്‍ നിര്‍മിത ആപ്പിന് പിന്തുണയുമായി കേന്ദ്ര സര്‍ക്കാരും എത്തിയതോടെ മാപ്പ്ള്‍സിന്റെ മുന്നോട്ടുള്ള വഴി സുഗമമായിരിക്കുകയാണ്.
ഇന്ത്യയുടെ തനതായ ഭൂപ്രകൃതിക്ക് അനുസൃതമായി നാവിഗേഷന്‍, സുരക്ഷ, ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സ്, തത്സമയ വിവരങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന അപ്ലിക്കേഷന്‍ ആണിത്. എല്ലാ വിവരങ്ങളും ഇന്ത്യന്‍ സെര്‍വറുകളില്‍ തന്നെ സൂക്ഷിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഉപഗ്രഹ, റിമോട്ട് സെന്‍സിംഗ് വിവരങ്ങള്‍ക്കായി ഐഎസ്ആര്‍ഒ (ISRO) യുടെ സഹായത്തോടെ ഉപഭോക്തൃ നാവിഗേഷനെ മാത്രമല്ല, സംരംഭംങ്ങള്‍, സര്‍ക്കാര്‍, നഗര ആസൂത്രണ ആപ്ലിക്കേഷനുകളെയും ശക്തിപ്പെടുത്തുന്ന ശക്തമായ ഒരു ജിയോസ്‌പേഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടി ഇതില്‍ ലഭ്യമാണ്.
മാപ്പ്ള്‍സ് അതിന്റെ നൂതനമായ മാപ്പ്ള്‍സ് പിന്‍ വഴി വളരെ കൃത്യമായ ഡോര്‍ സ്റ്റെപ് നേവിഗേഷന്‍ ചെയ്തിട്ടുണ്ട്. ഒരു സ്ഥലത്തിന്റെ ജിയോ ലൊക്കേഷനെ ഒരു കോഡിങ് സമ്പ്രദായം ഉപയോഗിച്ച് ആറ് അക്കങ്ങളും അക്ഷരങ്ങളും ചേര്‍ന്ന ആല്‍ഫന്യൂമറിക്ക് കോഡ് ആക്കി മാറ്റികൊണ്ട്, ദൈര്‍ഘ്യമേറിയ വിലാസങ്ങള്‍ നല്‍കുന്നതിനുപകരം ഒരു പിന്‍ പങ്കിടാനോ തിരയാനോ കഴിയും (ഉദാ., ‘2QQYTZ’). ഇന്ത്യാ പോസ്റ്റിന്റെ ഡിജിപിന്നുമായുള്ള സംയോജനം വഴി പരിശോധിച്ചുറപ്പിച്ചതുമായ അഡ്രസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നു, നാല് മീറ്റര്‍ ചുറ്റളവിലുള്ള കൃത്യമായ ലൊക്കേഷന്‍ ഇതുവഴി അറിയാനാകും
മുന്നിലുള്ള ജംഗ്ഷനുകളുടെ ത്രീ ഡി വ്യൂസ് , ഫോട്ടോറിയലിസ്റ്റിക് വിഷ്വലൈസേഷനും ലെയ്ന്‍ ഗൈഡന്‍സും ആയ മാപ്പ്ള്‍സിന്റെ ജംഗ്ഷന്‍ വ്യൂ ഉപയോഗിച്ച് സങ്കീര്‍ണ്ണമായ കവലകളില്‍ നാവിഗേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നു. റോഡുകളെയും ലാന്‍ഡ്മാര്‍ക്കുകളെയും ജീവസുറ്റതാക്കുന്ന 3600 പനോരമിക് സ്ട്രീറ്റ് ഇമേജറി അനുഭവമായ റിയല്‍വ്യൂ ഇതിനെ സഹായിക്കുന്നു. ഇങ്ങനെയുള്ള ദൃശ്യങ്ങള്‍ ഒരുമിക്കുന്നത് വഴി നാവിഗേഷനെ കൂടുതല്‍ വിശ്വസനീയവുമാക്കുന്നു. ഇന്ത്യയുടെ ഗതാഗത രീതികളുടെ വൈവിധ്യം തിരിച്ചറിഞ്ഞുകൊണ്ട്, കാറുകള്‍, ബൈക്കുകള്‍, ലോറികള്‍ , കാല്‍നടയാത്രക്കാര്‍ എന്നിവര്‍ക്ക് ഏറ്റവും മികച്ച വഴികള്‍, മാപ്പ്ള്‍സ് വാഗ്ദാനം ചെയ്യുന്നു. ഓരോ വാഹനത്തിനും ഏറ്റവും അനുയോജ്യമായ പാത നല്‍കുന്നതിനായി റോഡ് വീതി, നിയന്ത്രണങ്ങള്‍, ഭൂപ്രദേശം എന്നിവ പരിഗണിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിനാല്‍ ഓരോ യാത്രയും കാര്യക്ഷമവും അപകടരഹിതമാക്കുന്നു. അപകടങ്ങള്‍, റോഡ് തടസ്സങ്ങള്‍, കുഴികള്‍, മറ്റ് തത്സമയ അപ്ഡേറ്റുകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സംവിധാനം ഉണ്ട്. ഗ്രാമീണ ഇന്ത്യയില്‍ പലപ്പോഴും പരാജയപ്പെടുന്ന ആഗോള മാപ്പിംഗ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മാപ്പ്ള്‍സിന്റെ ഡാറ്റ കൃത്യത വ്യക്തിഗത കെട്ടിടങ്ങളില്‍ വരെ ലഭിക്കുന്നു.
മാപ്പ്ള്‍സിന് പ്രത്യേകതകള്‍ ഉണ്ടെങ്കിലും, നിരവധി പോരായ്മകള്‍ നിലവിലുണ്ട്. ഗൂഗിള്‍ മാപ്സ് പോലുള്ള ആഗോള ഭീമന്മാരുടെ വന്‍തോതിലുള്ളതും സ്ഥാപിതവുമായ ഉപയോക്തൃ അടിത്തറയ്ക്കെതിരെ മത്സരിക്കുന്നതിന് നിരന്തരമായ നവീകരണവും സ്ഥിരമായ ഡാറ്റ അപ്ഡേറ്റുകളും ആവശ്യമാണ്. റോഡുകളും ലാന്‍ഡ്മാര്‍ക്കുകളും വേഗത്തില്‍ മാറുന്ന ഒരു രാജ്യത്ത് ഡാറ്റ പുതുമ ഉറപ്പാക്കുന്നത് തുടര്‍ച്ചയായ പ്രവര്‍ത്തന തടസ്സമാണ്. മാത്രമല്ല, ജനപ്രീതി സമ്പാദിക്കുന്നതിനു തുടര്‍ച്ചയായ മാര്‍ക്കറ്റിംഗും പുതിയ സവിശേഷതകളും ആവശ്യമാണ്. സ്മാര്‍ട്ട് സിറ്റികള്‍, ഓട്ടോണമസ് വാഹനങ്ങള്‍, ഐഓറ്റി അധിഷ്ഠിത ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലേക്കുള്ള ഇന്ത്യയുടെ യാത്ര ത്വരിതപ്പെടുത്തുമ്പോള്‍, രാജ്യത്തിന്റെ ജിയോസ്‌പേഷ്യല്‍ നട്ടെല്ലായി മാറാന്‍ മാപ്പ്ള്‍സ്‌ന് കഴിയും. ഹൈപ്പര്‍ലോക്കല്‍ കൃത്യത, തത്സമയ ഇന്റലിജന്‍സ്, ഡാറ്റ സുരക്ഷ എന്നിവയുടെ സംയോജനം തദ്ദേശീയ നവീകരണത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു പരിധി വരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം
ആത്യന്തികമായി, മാപ്പ്ള്‍സ് വെറുമൊരു നാവിഗേഷന്‍ ആപ്പ് മാത്രമല്ല- ഇത് ഇന്ത്യയുടെ സാങ്കേതിക ആത്മവിശ്വാസത്തിന്റെയും സുരക്ഷിതവും സ്വാശ്രയവും ബുദ്ധിപരവുമായ ഡിജിറ്റല്‍ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെയും പ്രതീകമാണെന്ന് പറയാം. ഹിന്ദി, തമിഴ്, ബംഗാളി, മലയാളം എന്നിവയുള്‍പ്പെടെ ഒമ്പത് പ്രധാന ഇന്ത്യന്‍ ഭാഷകളില്‍ നാവിഗേഷന്‍, തിരയല്‍, വോയ്സ് ഗൈഡന്‍സ് എന്നിവ ലഭ്യമാണ്
(https://mappls.com/app/)
ഡോ. ജൂബി മാത്യു
HOD കംപ്യൂട്ടര്‍ സയന്‍സ് &
എന്‍ജിനിയറിംഗ്,
അമല്‍ജ്യോതി കോളേജ്

