ഡോ. അനിറ്റ് ജോസഫ് കാരയ്ക്കാട്ട്,
ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

ജീവിതത്തില്‍ ഒരു തവണയെങ്കിലും മലബന്ധം അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. ഇത് പ്രായഭേദമെന്യേ ഉണ്ടാകുന്നു. കഴിഞ്ഞ 25 വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നത് 30% മുതിര്‍ന്നവരിലും 10 % കുട്ടികളിലും മലബന്ധമുണ്ടെന്നാണ്. എന്നാല്‍ മലബന്ധം എപ്പോഴാണ് ഒരു അസുഖമായി മാറുന്നത്?
എങ്ങനെയാണ് മലവിസര്‍ജ്ജനം നടക്കുന്നത്?
കഴിക്കുന്ന ഭക്ഷണത്തില്‍നിന്നും ദ്രവരൂപത്തിലുണ്ടാകുന്ന മലം ചെറുകുടലില്‍നിന്നും വന്‍കുടലിലൂടെ പോകുമ്പോള്‍ മലത്തിലുള്ള ജലാംശം ശരീരത്തിലേക്ക് വലിച്ചെടുത്ത് മലം ഘനരൂപത്തിലാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന മലം മലാശയത്തില്‍വന്നു നിറയുമ്പോള്‍ ഞരമ്പുകള്‍ വഴി മലവിസര്‍ജ്ജനത്തിനുള്ള സിഗ്നല്‍ തലച്ചോറിലെത്തുകയും മലവിസര്‍ജ്ജനം നടത്താന്‍ ഒരു വ്യക്തിക്ക് തോന്നുകയും ചെയ്യും. മലവിസര്‍ജ്ജനത്തിനുള്ള സ്ഥലം പര്യാപ്തമെങ്കില്‍ പേശികളുടെ സഹായത്തോടെ മലവിസര്‍ജ്ജനം നടക്കുന്നു.
മലവിസര്‍ജ്ജനശീലം ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. അത് ആ വ്യക്തിയുടെ ആഹാരക്രമം, തൊഴില്‍, താമസിക്കുന്ന സ്ഥലം, കാലാവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വിരേചന പ്രക്രിയയിലുള്ള മാറ്റങ്ങള്‍ മൂലം മലം ഉറച്ച് കട്ടിയായി സാധാരണ കാലയളവില്‍ പോകാതിരിക്കുന്നതാണ് മലബന്ധം. ആഴ്ചയില്‍ മൂന്നോ അതില്‍ കുറവോ തവണ മലവിസര്‍ജ്ജനം നടത്തുന്നതിനെയാണ് മലബന്ധം അഥവാ കോണ്‍സ്റ്റിപേഷന്‍ എന്ന് പറയുന്നത്. അത് വര്‍ഷത്തില്‍ മൂന്നു മാസം നീണ്ടുനില്ക്കുകയാണെങ്കില്‍ മലബന്ധം ഒരു രോഗമായി മാറുന്നു.
കാരണങ്ങള്‍:-

  1. മലത്തില്‍നിന്നും കൂടുതല്‍ വെള്ളം ശരീരത്തിലേക്ക് വലിച്ചെടുക്കുന്നതാണ് മലം മുറുകാനുള്ള ഏറ്റവും പ്രധാന കാരണം.
  2. തെറ്റായ ആഹാരക്രമവും ദിനചര്യയും.
  3. ആഹാരത്തില്‍ നാരുകള്‍ തീരെ കുറവായാല്‍. നാരുകള്‍ അടങ്ങിയ ആഹാരങ്ങളായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും, ധാന്യാഹാരങ്ങളും മലവിസര്‍ജ്ജനത്തിന് സഹായിക്കും. നാരുകള്‍ കുറവുള്ള ആഹാരങ്ങളായ ഇറച്ചി, മുട്ട, പാലുത്പന്നങ്ങള്‍, വറുത്തതും പൊരിച്ചതും എന്നിവയില്‍ കൂടുതലായും ഉള്ളത് കൊഴുപ്പാണ്.
  4. വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍
  5. വ്യായാമക്കുറവ് മൂലം
  6. കുടലിലുണ്ടാകുന്ന അര്‍ബുദം, മറ്റു ചില രോഗങ്ങള്‍.
  7. പ്രായമായവരില്‍ കുടലിന്‍റെ മാംസപേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്നതുമൂലം.
  8. കിടപ്പുരോഗികളില്‍ കുടലിന്‍റെ അനക്കക്കുറവ് മൂലം.
  9. ചില മരുന്നുകളുടെ ഉപയോഗം മൂലം. ഉദാ. കീമോതെറാപ്പി മരുന്നുകള്‍.
  10. കാത്സ്യം, പൊട്ടാസിയം ഇവയുടെ കുറവുമൂലം
  11. പാലും പാലുത്പന്നങ്ങളും കഴിച്ചാല്‍ ചിലര്‍ക്ക് മലബന്ധമുണ്ടാകാം.
  12. ഗര്‍ഭാവസ്ഥയില്‍ ചിലര്‍ക്ക് മലബന്ധമുണ്ടാകാം.
  13. യാത്ര ചെയ്യുമ്പോഴും, ഭക്ഷണക്രമം തെറ്റുമ്പോഴും, ഹോട്ടലിലെ ടോയ്ലറ്റ് ഉപയോഗിക്കുമ്പോഴും ചിലര്‍ക്ക് മലബന്ധം അനുഭവപ്പെടാം.
  14. മലവിസര്‍ജ്ജനം നടത്താതെ, മലം പിടിച്ചുവയ്ക്കുന്നതും മലബന്ധത്തിന് കാരണമാകാം. ഇത് കൂടുതലായും കണ്ടുവരുന്നത് കുട്ടികളിലാണ്. കുട്ടികളില്‍ ഒരിക്കല്‍ മലം മുറുകി പോയതുമൂലം മലദ്വാരത്തില്‍ മുറിവുണ്ടായാല്‍ അതിന്‍റെ വേദന ഉണ്ടാകാതിരിക്കാന്‍വേണ്ടി മലം പോകുന്നത് സ്വയം തടഞ്ഞുവയ്ക്കും. അത് മലബന്ധം കൂടുതല്‍ വഷളാക്കും.
  15. സോഡായും കഫീന്‍ അടങ്ങിയതുമായ പാനീയങ്ങളും അമിതമായി ഉപയോഗിക്കുന്നതും മലബന്ധമുണ്ടാക്കാം.
  16. മലബന്ധമുള്ളവരില്‍ മദ്യപാനം അത് കൂടുതല്‍ കാഠിന്യമുള്ളതാക്കും.
  17. മറ്റു രോഗങ്ങളുടെ ഭാഗമായി. ഉദാ: തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവുമൂലം തൈറോയ്ഡ് ഹോര്‍മോണ്‍ ശരീരത്തില്‍ കുറവാണെങ്കില്‍ മലബന്ധമുണ്ടാകും; ഞരമ്പുകളുടെ രോഗങ്ങള്‍ (ന്യൂറോളജിക്കല്‍ രോഗങ്ങള്‍) ഉദാ:ڈപാര്‍ക്കിന്‍സണ്‍സ് രോഗം.
  18. അമിതമായ മാനസിക സമ്മര്‍ദ്ദമുള്ളവര്‍ക്ക് മലബന്ധമുണ്ടാകും.
    മലബന്ധം കുട്ടികളില്‍
  19. ചിട്ടയില്ലാത്ത ഭക്ഷണക്രമവും തെറ്റായ ആഹാരപദാര്‍ത്ഥങ്ങളുടെ തിരഞ്ഞെടുപ്പിലൂടെയും ആണ് കുട്ടികളില്‍ മലബന്ധമുണ്ടാകുന്നത്. ഇതിനെ ഹബിച്ച്വല്‍ കോണ്‍സ്റ്റിപേഷന്‍ (Habitual constipation) എന്നു പറയുന്നു. മാതാപിതാക്കളുടെ പൂര്‍ണ്ണസഹകരണത്തോടെയും ചിട്ടയായ ചികിത്സ കൊണ്ടും പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്ന ഒരു രോഗമാണിത്. ഇതിന് 6 മാസം മുതല്‍ ഒരുവര്‍ഷം വരെ തുടര്‍ച്ചയായ ചികിത്സ വേണ്ടി വരും.
  20. ജന്മനായുള്ള നാഡീ തകരാറുമൂലവും കുട്ടികള്‍ക്ക് മലബന്ധമുണ്ടാകാം. ഇതുമൂലം കുട്ടികളില്‍ കുടല് ചുരുങ്ങാനും വികസിക്കാനുമുള്ള ശേഷി നഷ്ടപ്പെടുന്നത് മലബന്ധമുണ്ടാക്കും.
    ലക്ഷണങ്ങള്‍:-
  21. മലം പോകാന്‍ ബുദ്ധിമുട്ട്. വളരെ ബലം പിടിച്ച് മലം പോകുന്നത്. ഇതാണ് പ്രധാനലക്ഷണം.
  22. വളരെ കുറച്ചു മലം പോകുന്നത്. ആട്ടിന്‍കാട്ടം പോലെ ചെറിയ കഷണങ്ങളായി മാത്രം മലം പോകുക.
  23. വയറു വേദന
  24. വയറു പെരുക്കം / വയറു വീര്‍ക്കല്‍
  25. ഓക്കാനം.
  26. വിശപ്പില്ലായ്മ
  27. മലത്തില്‍ രക്തം പോകുക
  28. കുട്ടികളില്‍ അറിയാതെ മലംപോയി അടിവസ്ത്രത്തില്‍ മലം പറ്റിയിരിക്കുക.
  29. മലദ്വാരം പുറത്തേയ്ക്ക് തള്ളിവരിക.
  30. ഗ്യാസ് ട്രബിള്‍
    പ്രതിരോധ മാര്‍ഗ്ഗങ്ങള്‍:-
  31. നാരുകളടങ്ങിയ ആഹാരം ധാരാളം കഴിക്കുക. ദിവസേനയുള്ള ആഹാരക്രമത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുക.
    മലബന്ധമുള്ളവര്‍ ദിവസവും 25-30 ഗ്രാം നാരടങ്ങിയ ആഹാരം കഴിക്കണം. പഴവര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണരൂപത്തില്‍ കഴിക്കുന്നതാണ് ജ്യൂസായിട്ട് കഴിക്കുന്നതിനേക്കാളും നല്ലത്.
    നെല്ലിക്ക, ഈന്തപ്പഴം, ഉണക്കമുന്തിരി, നട്ട്സ്, ഓട്ട്സ് തുടങ്ങിയവ നല്ലതാണ്. പയറുവര്‍ഗ്ഗങ്ങള്‍, ചെറുപയര്‍, കടല, പരിപ്പ് തുടങ്ങിയവയും, തക്കാളി, വെണ്ടക്ക, കാബേജ്, ചീര, ഇലക്കറികള്‍ മുതലായവയും മലബന്ധം ഒഴിവാക്കും.
  32. ധാരാളം വെള്ളം കുടിക്കുക. ദിവസേന 12 മുതല്‍ 15 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
  33. ധാന്യങ്ങളില്‍ തവിട് നീക്കം ചെയ്യാതെ ഉപയോഗിക്കുന്നത് മലബന്ധത്തെ പ്രതിരോധിക്കും.
  34. ചിട്ടയായ വ്യായാമം മലവിസര്‍ജ്ജനത്തിന് സഹായിക്കും. പ്രത്യേകിച്ച് നടത്തം, ഓട്ടം എന്നിവ.
  35. മലവിസര്‍ജ്ജനത്തിന് തോന്നുമ്പോള്‍ അത് പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുക.
  36. മലബന്ധമുള്ളവര്‍ക്ക്, യൂറോപ്യന്‍ ക്ലോസെറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ കാല് മുട്ടുകള്‍ അരയ്ക്കുമുകളില്‍ ഉയര്‍ത്തി വയ്ക്കുന്നത് മലവിസര്‍ജ്ജനം ആയാസമാക്കും. (മലവിസര്‍ജ്ജനത്തിനിരിക്കുമ്പോള്‍ കാലുകള്‍ ഒരു പടിയിലോ മറ്റോ ഉയര്‍ത്തിവയ്ക്കുക.)
  37. ബേക്കറി സാധനങ്ങള്‍, മൈദയില്‍ ഉണ്ടാക്കിയ ഭക്ഷണങ്ങള്‍, ചോക്ലേറ്റ്, ബിസ്ക്കറ്റ് തുടങ്ങിയവ മലബന്ധത്തിന് കാരണമാകാം. ആയതിനാല്‍ മലബന്ധമുള്ളവര്‍ ഇത് ഒഴിവാക്കുക.
  38. മാംസാഹാരവും സസ്യാഹാരവും കഴിക്കുമ്പോള്‍ മാംസാഹാരത്തിന്‍റെ രണ്ടിരട്ടി സസ്യാഹാരം കഴിച്ചാല്‍ മലബന്ധം ഒഴിവാക്കാം.
  39. കുട്ടികള്‍ക്ക് രാവിലെ സ്കൂളില്‍ പോകുന്നതിനുമുമ്പ് ആവശ്യത്തിന് സമയം കിട്ടിയില്ലെങ്കില്‍ അവര്‍ മലം പിടിച്ചുവയ്ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവര്‍ക്ക് ആവശ്യത്തിന് സമയം കിട്ടുന്ന രീതിയില്‍ രാവിലെ എഴുന്നേല്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാം.
  40. കുട്ടികള്‍ക്ക് ജങ്ക് ഫുഡ്സ് (ഉദാ. ബര്‍ഗ്ഗര്‍, പീസ), ഫാസ്റ്റ് ഫുഡ് മുതലായവ സ്ഥിരമായി കൊടുത്താല്‍ മലബന്ധമുണ്ടാകാം. ആയതിനാല്‍ അത്തരം ആഹാരങ്ങള്‍ ഒഴിവാക്കുക. കാരണം ഇവ കുടലിന് അനക്കക്കുറവുണ്ടാക്കി, മലബന്ധത്തിന് കാരണമാകും.
  41. കുട്ടികളെ കളിക്കാന്‍ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇത് മലബന്ധമൊഴിവാക്കും.
  42. കുട്ടികളെ എല്ലാ ദിവസവും ഒരു സമയത്ത് (അത് ചിലര്‍ക്ക് രാവിലെയാകാം, ചിലര്‍ക്ക് സ്കൂളില്‍നിന്ന് വന്നതിനുശേഷമാകാം) മലവിസര്‍ജ്ജനത്തിന് ശീലിപ്പിച്ചെടുക്കുക. ആദ്യമൊക്കെ മാതാപിതാക്കളും അവരുടെ കൂടെ ഇരിക്കണം, പിന്നീട് അത് ഒരു ശീലമായി മാറുകയും അവര്‍ തനിയെ അത് ചെയ്യുകയും ചെയ്യും. മലവിസര്‍ജ്ജനത്തിന് മടികാണിക്കുന്ന കുട്ടികളെ മലവിസര്‍ജ്ജനം നടത്തിയാല്‍ എന്തെങ്കിലും പാരിതോഷികമോ മറ്റോ നല്കി പ്രോത്സാഹിപ്പിച്ച് മലവിസര്‍ജ്ജനശീലമുണ്ടാക്കി എടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.
    മലബന്ധം നീണ്ടുനിന്നാല്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിര്‍ദ്ദേശം തേടണം, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സ കൃത്യമായി നടത്തുകയും വേണം.
    മലബന്ധത്തിന്‍റെ പരിണിതഫലങ്ങള്‍
    നീണ്ടുനില്ക്കുന്ന മലബന്ധം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ ഇവയാണ്.
  43. പൈല്‍സ്
  44. ഫിഷര്‍
  45. മലത്തില്‍കൂടി രക്തം പോകുക.

Leave a Reply