കുറച്ചുവര്‍ഷങ്ങളായി പ്രകൃതിയില്‍ എന്തു സംഭവിച്ചാലും – മഴപെയ്താല്‍, മഴ പെയ്തില്ലേല്‍, വെള്ളപ്പൊക്കമുണ്ടായാല്‍, ചിലര്‍ ഉടനെ കര്‍ഷകര്‍ക്കെതിരേ തിരിയും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതാണ് എല്ലാ പ്രകൃതിദുരന്തങ്ങളുടെയും കാരണം എന്നാണ് ഇത്തരക്കാര്‍ സ്ഥാപിക്കുന്നത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതിന് കാരണക്കാര്‍ കൈയേറ്റക്കാര്‍ എന്ന് ഓമനപ്പേരില്‍ ഇക്കൂട്ടര്‍ വിളിക്കുന്ന മലയോര മേഖലയിലെ കര്‍ഷകരും അവരോടൊപ്പം നിലകൊണ്ട സഭയുമാണെന്നാണ് ഇവരുടെ കണ്ടുപിടിത്തം.
യഥാര്‍ത്ഥത്തില്‍ പ്രളയകാരണം എന്താണ്? സാധാരണയായി പത്തോ പതിനഞ്ചോ സെന്‍റീമീറ്റര്‍ മഴ പെയ്തിരുന്നിടത്ത് ഇപ്പോള്‍ 20 മുതല്‍ 40 സെന്‍റീമീറ്റര്‍ വരെയാണ് മഴ രേഖപ്പെടുത്തുന്നത്. ഇങ്ങനെ അമിതമായി മഴ പെയ്യുന്നതല്ലേ യഥാര്‍ത്ഥ കാരണം. ഇത്തരത്തില്‍ ചരിത്രത്തില്‍ എന്നൊക്കെ മഴപെയ്തിട്ടുണ്ടോ അന്നൊക്കെ പ്രളയവും പ്രകൃതിദുരന്തങ്ങളും ഈ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ എല്ലാത്തിനും കുറ്റക്കാര്‍ മലയോരമേഖലയിലെ കര്‍ഷകരും അവരുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നിലകൊള്ളുന്ന സഭയും.
പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് ആരെക്കാളും ആവശ്യം അവിടുത്തെ കര്‍ഷകര്‍ക്കാണ്. പശ്ചിമഘട്ടത്തിലെ കാലാവസ്ഥയ്ക്കോ ആവാസ വ്യവസ്ഥയ്ക്കോ എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ അത് കൃഷിയേയും കര്‍ഷകരുടെ ജീവിതത്തേയുമാണ് അങ്ങേയറ്റം ബാധിക്കുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് മലയോര ജനതയെ ആരും ബോധ്യപ്പെടുത്തേണ്ടതില്ല. പിറന്ന മണ്ണില്‍ ജീവിക്കുവാനുള്ള കര്‍ഷകന്‍റെ അവകാശത്തിനുവേണ്ടി കര്‍ഷകരോടൊപ്പം കത്തോലിക്കാസഭ എന്നും ഉണ്ടാവും.
സത്യത്തിനും നീതിക്കുമൊപ്പം നിലകൊണ്ടതിന്‍റെ പേരില്‍ സഭയെ ആക്രമിക്കാന്‍ ഇറങ്ങിത്തിരിച്ച ചില സാമൂഹിക പ്രവര്‍ത്തകരുടെ ജല്പനങ്ങള്‍ നമ്മില്‍ ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. എന്തൊക്കെ പ്രകോപനങ്ങളുണ്ടായാലും സഭ എന്നും മണ്ണിനെ അറിയുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന കര്‍ഷകനൊപ്പമാണ്. അജ്ഞതയുടെ അലയടികളെ ചെറുക്കാന്‍ പാറമേല്‍ പണിയപ്പെട്ട സഭ അതിന് ശക്തയാണ്.
