ദൈവത്തെ വേണ്ടാത്തവര്‍

ദൈവം ഇല്ലാ എന്നു പറയുന്ന, ദൈവത്തിന്‍റെ പിന്നാലെ പോവരുത് എന്നു പറയുന്ന, ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ അന്ധകാരത്തില്‍ ജീവിക്കുന്നു എന്നു പഠിപ്പിക്കുകയും ഒരു സംസ്കാരം നാം അറിയാതെ നമ്മുടെ ജീവിതത്തിലേക്കും കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും പടര്‍ന്നു കയറിക്കൊണ്ടിരിക്കുകയാണ്. ഈ അടുത്ത നാളുകളില്‍ കേരളത്തില്‍ നടന്ന പല സംഭവങ്ങളും വിലയിരുത്തുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ‘നിരീശ്വരവാദ’ ചിന്ത നമ്മുടെ സമൂഹത്തിലേക്ക് കുത്തി ഇറക്കുവാനുള്ള സംഘടിതവും വ്യക്തവുമായ ശ്രമങ്ങളായിരുന്നു അവയില്‍ പലതും. ശബരിമല വിഷയത്തില്‍ സംഭവിച്ചതും ഇതു തന്നെയല്ലേ… ദുരാചാരങ്ങള്‍ നിര്‍ത്തലാക്കി തുല്യനീതി നടപ്പാക്കുന്നു എന്ന സുന്ദരമായ ആശയം മുമ്പോട്ടുവച്ച് തച്ചുടക്കാന്‍ ശ്രമിച്ചത്, മുറിവേല്‍പ്പിച്ചത് ഒരു സമൂഹത്തിന്‍റെ വിശ്വാസപാരമ്പര്യത്തെയും വിശ്വാസത്തെയും തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ അവഹേളിക്കുവാന്‍ ശ്രമിച്ചതും അവഹേളിക്കപ്പെട്ടതും ആ സമൂഹത്തിന്‍റെ ദൈവസങ്കല്പമാണ്. ചാനല്‍ ചര്‍ച്ചകളില്‍ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി വാദിച്ചവരെയെല്ലാം പൊതുസമൂഹത്തില്‍ അപഹാസ്യരാക്കി നിറുത്തുവാന്‍ ചാനല്‍ ജഡ്ജിമാരും നിഗൂഢതാത്പര്യങ്ങള്‍ സൂക്ഷിക്കുന്ന സംഘങ്ങളും ആവുന്നത്ര ശ്രമിച്ചു എന്നത് നാം കണ്ടതാണ്.
ഇത്തരം ഗൂഢലക്ഷ്യക്കാരുടെ എന്നത്തെയും ലക്ഷ്യം കത്തോലിക്കാ സഭ തന്നെയാണ്. കത്തോലിക്കാ സഭയിലേക്ക് നുഴഞ്ഞുകയറി സഭയുടെ കെട്ടുറപ്പിനെ ഇല്ലാതാക്കുവാന്‍ പലകുറി ഇക്കൂട്ടര്‍ ശ്രമിച്ചു പരാജയപ്പെട്ടതാണ്. എന്നാല്‍ ഈ നാളുകളില്‍ ഉണ്ടായ സഭാനേതൃത്വത്തിലെ ചിലരുടെ വീഴ്ചകളെ പര്‍വ്വതീകരിച്ച് സഭാ വിരുദ്ധരെയെല്ലാം ഒന്നിപ്പിച്ച് സഭയുടെ കെട്ടുറപ്പിനെ ഇല്ലാതാക്കാനുള്ള അതിശക്തമായ ശ്രമങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനേറ്റവും നല്ല ഉദാഹരണം കുമ്പസാരവിവാദം തന്നെയാണ്. ഓര്‍ത്തഡോക്സ് സഭയില്‍ കുമ്പസാരവുമായി ബന്ധപ്പെട്ടു നടന്നു എന്നു പറയപ്പെടുന്ന, എന്നാല്‍ ഇതുവരെ തെളിയിച്ചിട്ടില്ലാത്തതുമായ ഒരു സംഭവം. അതില്‍ തെറ്റു ചെയ്തവരാരോ അവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഈ സംഭവത്തിന്‍റെ പേരില്‍ മാധ്യമങ്ങളും നിരീശ്വരവാദസംഘങ്ങളും മറ്റു ചില തീവ്രമത വിഭാഗങ്ങളും ചേര്‍ന്ന് ആക്രമിച്ചത് കത്തോലിക്കാ സഭയുടെ അതിപരിപാവനമായ കുമ്പസാരം എന്ന കൂദാശയെയാണ്. ഈ സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കത്തോലിക്കാസഭയെയും സഭാ നേതൃത്വത്തെയും ഇതിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. വ്യക്തികള്‍ തെറ്റു ചെയ്താല്‍ ആ വ്യക്തിയെയാണ് തെറ്റുകാരനായി കാണേണ്ടത്. മറിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്ന മതത്തെ ആക്രമിക്കുമ്പോള്‍ ഇക്കൂട്ടരുടെ ലക്ഷ്യത്തിലെ നിഗൂഢത എന്തെന്ന് നമുക്ക് മനസ്സിലാക്കാനാവും.
ഇത്തരത്തില്‍ വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് സഭയെ ഒന്നടങ്കം വിവാദത്തില്‍ നിറുത്തി നിശബ്ദമാക്കിയിട്ടാണ് സഭാ ശത്രുക്കള്‍ ഇപ്പോള്‍ തങ്ങളുടെ ചിരകാല അഭിലാഷം ‘ചര്‍ച്ച് ബില്‍” എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിലൂടെയൊക്കെ ഇക്കൂട്ടരുടെ ശ്രമം സഭയെ വളര്‍ത്താനല്ല നശിപ്പിക്കാനാണ് എന്ന് നാം എന്നു തിരിച്ചറിയും. മാമോദീസാ മുങ്ങി എന്ന ഒറ്റപേരില്‍ സഭാവിമര്‍ശനങ്ങള്‍ അവകാശമാണ് എന്നു പറയുന്ന വ്യക്തികളും നാമും മനസ്സിലാക്കേണ്ട വലിയൊരു സത്യമുണ്ട് ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ.

Leave a Reply