ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന 60,000 ത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന 60,000 ത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ ടോക്കിയോയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ദ ഗൈ ബെന്‍സണ്‍ എന്ന ഷോയിലാണ് മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്.

അതിര്‍ത്തി മേഖലയില്‍ വന്‍തോതിലുള്ള ചൈനീസ് സൈനിക വിന്യാസത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നും ക്വാഡ് രാജ്യങ്ങളെല്ലാം ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടുകയാണെന്നും പോംപിയോ പറഞ്ഞു.

പതിറ്റാണ്ടുകളോളം തങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തങ്ങള്‍ അനുവദിച്ചതായി ക്വാഡ് രാജ്യങ്ങളിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞതായി പോംപിയോ പറഞ്ഞു.

യുഎസിലെ മുന്‍ ഭരണകൂടം ചൈനയ്ക്ക് മുമ്ബില്‍ തലകുനിച്ച്‌ നില്‍ക്കുകയായിരുന്നുവെന്നും രാജ്യത്തെ ഭൗതികസ്വത്തുള്‍പ്പെടെയുള്ളവയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും തട്ടിയെടുക്കാന്‍ ചൈനയ്ക്ക് അനുമതി നല്‍കിയതായും പോംപിയോ ആരോപിച്ചു. ചൈനയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ മറ്റ് ക്വാഡ് രാജ്യങ്ങള്‍ക്ക് യുഎസിന്റെ സഖ്യം അനിവാര്യമാണെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് ചൈന നടത്തുന്ന സൈനിക വിന്യാസങ്ങളിലൂടെ ചൈനയുടെ ഭീഷണി നേരിട്ട് മനസിലാക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ചൈനയ്‌ക്കെതിരെയുള്ള വികാരം രാജ്യങ്ങള്‍ക്കിടയില്‍ ശക്തമാകുന്നു എന്നതിന്റെ സൂചനയാണിതെന്നും പോംപിയോ വ്യക്തമാക്കി.

Leave a Reply