ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവ വിവേചനം അവസാനിപ്പിക്കണം

കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമത്തിന് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി ചിലവഴിക്കപ്പെടുന്നു എന്നത് കടുത്ത പ്രതിഷേധാര്‍ഹമാണ്. മത ന്യൂനപക്ഷമെന്ന നിലയില്‍ ജനസംഖ്യയിലും സാമൂഹിക സാമ്പത്തിക അവസ്ഥയിലും പിന്നോക്കം നില്‍ക്കുന്ന ക്രൈസ്തവസഭാ വിശ്വാസികള്‍ക്ക് കിട്ടേണ്ട പല ആനുകൂല്യങ്ങളും ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം വകയിരുത്തുന്നത് വിവേചനപരമാണ്. കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം തീറെഴുതുകയാണ്. ഭരണഘടനാപരമായ എല്ലാ ന്യൂനപക്ഷ അവകാശങ്ങളുമുള്ള ക്രൈസ്തവ മത വിഭാഗങ്ങള്‍ മതന്യൂനപക്ഷമാണെന്ന ഒരു പരിഗണനപോലും ഭരണാധികാരികള്‍ക്കില്ല എന്നത് ദുഃഖകരമാണ്. കേരളത്തിലെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചുരുങ്ങിയ പലിശക്ക് വിതരണം ചെയ്യുന്ന വായ്പ്പകളില്‍ സിംഹഭാഗവും ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. അതുപോലെ കേരളത്തിലെമ്പാടും പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നിയമിച്ചിരിക്കുന്ന ന്യൂനപക്ഷ പ്രൊമോട്ടര്‍മാരില്‍ വിരലില്‍ എണ്ണാവുന്നവര്‍ ഒഴികെ ബാക്കിയെല്ലാം ഒരു പ്രത്യേക മതവിഭാഗത്തില്‍ പെടുന്നവരാണ്. കൂടാതെ കേരളത്തിലെ വിവിധ മത ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി രൂപീകരിച്ചിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ മാത്രം വക്താവായി മാറിയിരിക്കുകയാണ്.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളില്‍ പതിമൂന്ന് എണ്ണത്തില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ക്രിസ്ത്യന്‍ പങ്കാളിത്തം ഉള്ളത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മത്സര പരീക്ഷകള്‍ക്കുള്ള പതിനേഴ് പരിശീലന കേന്ദ്രങ്ങളില്‍ മിക്കവാറും എല്ലാം തന്നെ പ്രത്യേക മതവിഭാഗത്തിന്‍റെ നിയന്ത്രണത്തില്‍ ആണ് നിലകൊള്ളുന്നത്.
ഇരുപത് ഉപകേന്ദ്രങ്ങള്‍ പൂര്‍ണമായും തന്നെ അവരുടെ നിയന്ത്രണത്തിലാണ്. ഇത്തരത്തിലുള്ള നിരവധി വിവേചനങ്ങളാണ് ഇന്ന് കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതിന് അടിയന്തരമായി മാറ്റം വന്നേ തീരു. ഇനിയും ക്രൈസ്തവ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കാനാണ് ഭരണാധികാരികളുടെ നീക്കം എങ്കില്‍ വിശ്വാസികള്‍ പുലര്‍ത്തുന്ന ക്ഷമയെ ബലഹീനതയായി കരുതേണ്ട കാലം കഴിഞ്ഞു എന്ന് വിനീതമായി ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

Leave a Reply