മരിയയുടെയും, സ്നേഹയുടെയും നീതിക്കായി ലോകമനസാക്ഷിയെ ക്ഷണിച്ച് കാഞ്ഞിരപ്പള്ളി രൂപത SMYM


കാഞ്ഞിരപ്പള്ളി :
പാകിസ്ഥാനിലെ മരിയ ഷഹബാസ്, സ്നേഹ കിൻസ ഇക്ബാക്ൽ എന്നീ ക്രിസ്ത്യൻ കൗമാരക്കാരികൾക്ക് നേരിടേണ്ടി വന്ന ദാരുണ സംഭവത്തിൽ കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം രൂപതസമിതി ദുഃഖം രേഖപ്പെടുത്തി. പതിനാലു വയസ്സുമാത്രം പ്രായമുള്ള മരിയ എന്ന പെൺകുട്ടിയെ തട്ടികൊണ്ടുപോയി നിർബന്ധിത മതം മാറ്റം നടത്തി വിവാഹം ചെയ്തതും, അതിനെ അനുകൂലിച്ച് കോടതി വിധിയുണ്ടായതും, തന്നെ മൃഗീയമായി പീഡിപ്പിച്ച വ്യക്തിയോടൊപ്പം ജീവിതകാലം മുഴുവൻ കഴിയാൻ ഒരു നിയമവ്യവസ്ഥ തന്നെ നിർബന്ധിക്കുന്നതും, സ്നേഹ കിൻസയെ നാലു കുട്ടികളുടെ പിതാവായ വിവാഹിതനായ വ്യക്തി തട്ടികൊണ്ട് പോയതും സർവനീതിയും ലംഘിക്കുന്നതും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതുമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രായപൂർത്തിയാകാത്ത ബാലികാ ബാലൻമാരും വിവിധ രാജ്യങ്ങളിലെ വിത്യസ്ത ന്യൂനപക്ഷങ്ങളും സ്ത്രീജനങ്ങളും അഭിമുഖീകരിക്കുന്ന യാതനകളെ തുറന്ന് കാട്ടുന്ന ഈ സംഭവങ്ങളെ മുൻന്നിർത്തികൊണ്ട് അനീതിക്കെതിരെ അന്തരാഷ്ട്ര തലത്തിൽ ഇടപെടലുകൾ ഉണ്ടാകുവാനുമായി SMYM കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിൽ എല്ലാ രാഷ്ട്രതലവൻമാർക്കും,അന്താരാഷ്ട്രാ മനുഷ്യാവകാശ സംഘടനകൾക്കും പ്രവർത്തകർക്കും, ഇന്ത്യൻ ലോകസഭാ അംഗങ്ങൾക്കും കത്തുകൾ അയച്ചുകൊണ്ട് മരിയ ഷഹബാസിന്റെയും സ്നേഹ കിൻസായുടെയും നീ തിക്കായി ലോകമനസാക്ഷിയെക്ഷണിക്കുന്നു.
പാകിസ്ഥാനിൽ നടക്കുന്നത് മൃഗീയമായ മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നുകയറ്റവുമാണെന്ന് രൂപത പ്രസിഡന്റ് ആൽബിൻ തടത്തേൽ അപലപിച്ചു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ സാധിക്കില്ലെന്നും ഇത്തരത്തിൽ പാകിസ്താനിൽ ക്രൈസ്തവ,ഹിന്ദു സമൂഹങ്ങൾക്കു നേരെ നടക്കുന്ന അക്രമങ്ങൾ നിരവധിയാണെന്നും വീഡിയോ കോൺഫറൻസ് വഴിയുള്ള രൂപതാ സമിതിയുടെ യോഗം വിലയിരുത്തി. മരിയ ഷഹബാസിന്റെയും സ്നേഹ കിൻസായുടെയും മോചനത്തിനായി സെപ്റ്റംബർ 1 മുതൽ 8 വരെ കാഞ്ഞിരപ്പള്ളി രൂപത SMYM ന്റെ നേതൃത്വത്തിൽ അഖണ്ഡജപമാലയും സംഘടിപ്പിക്കും.

Leave a Reply