ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയെയും നാല് മുൻ ചീഫ് ജസ്റ്റീസുമാരെയും വിമർശിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റി. മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നം മാത്രമാണിതെന്നും മാപ്പ് എന്ന വാക്ക് ഉപയോഗിക്കാൻ മടിക്കുന്നത് എന്തിനെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ചോദിച്ചു.
കോടതിയിൽനിന്നു ദയയല്ല, നീതിയാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷണിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വ്യക്തമാക്കി. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് നൽകിയാൽ മതിയെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു.
അതേസമയം, സുപ്രീംകോടതിയിലെ 16 ചീഫ് ജസ്റ്റീസുമാരിൽ പകുതിയിലേറെ പേരും അഴിമതിക്കാരാണെന്നു തെഹൽക്ക മാഗസിനു 2009ൽ നൽകിയ അഭിമുഖത്തിൽ പ്രശാന്ത് ഭൂഷണ് നടത്തിയ പരാമർശത്തിനെതിരേയുള്ള കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി സെപ്റ്റംബർ പത്തിലേക്കു മാറ്റി. അതിനു മുന്‍പായി താൻ വിരമിക്കുകയാണെന്നു വ്യക്തമാക്കിയ ജസ്റ്റീസ് അരുണ്‍ മിശ്ര, ഉചിതമായ ബെഞ്ച് കേസ് പരിഗണിക്കുമെന്നും അറിയിച്ചു.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ആഡംബര ബൈക്കിലിരിക്കുന്നതിനെയും നാല് മുൻ ചീഫ് ജസ്റ്റീസുമാരെയും വിമർശിച്ച് ജൂണിൽ ട്വീറ്റ് ചെയ്ത സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത വിഷയത്തിലാണ് ഇന്നലെ വാദം പൂർത്തിയാക്കിയത്.ഭൂഷൺ മാപ്പ് പറയണമെന്ന് ആവർത്തിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര, ഇന്നലെ വാദത്തിനിടെ അര മണിക്കൂർ നടപടികൾ നിർത്തിവെച്ചു. എന്നാൽ, മാപ്പ് പറയില്ലെന്ന നിലപാടിൽ പ്രശാന്ത് ഭൂഷണ് ഉറച്ചു നിന്നു.

