വാഷിംഗ്‌ടണ്‍: വന്‍തോതിലുള്ള മാസ്ക് ധരിക്കലും വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹിക അകല പാലനവും ഉണ്ടായാല്‍ ഡിസംബര്‍ ഒന്നോട് കൂടി ഇന്ത്യയില്‍ സംഭവിക്കാനിടയുള്ള രണ്ട് ലക്ഷത്തോളം കൊവിഡ് മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പഠനം. അമേരിക്കയിലെ വാഷിംഗ്‌ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യൂവേഷനാണ് ഈ പഠനഫലം പുറത്തുവിട്ടത്.
ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ത്യയിലെ കൊവിഡ് രോഗവ്യാപന തോത് ഇനിയും കുറയ്ക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു. ഇതിനായി പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ നിഷ്കര്‍ഷിക്കുന്ന കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, തുടണ്ടിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ നിര്‍ബന്ധമായും പിന്തുടരണമെന്നും പഠനം പറയുന്നുണ്ട്
ഇന്ത്യയില്‍ രോഗവ്യാപനം ഒരിക്കലും അവസാനിക്കാറായിട്ടില്ലെന്നും രാജ്യത്തെ ജനസംഖ്യയുടെ ഒരു വലിയ ശതമാനം ആളുകളില്‍ രോഗം പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഐ.എച്ച്.എം.ഇ ഡയറക്ടറായ ക്രിസ്റ്റഫര്‍ മുറേ പറയുന്നു. രോഗം തടയുന്നതില്‍ പങ്ക് വഹിക്കാന്‍ കഴിയുന്നത് രാജ്യത്തെ സര്‍ക്കാരിനും ജനങ്ങള്‍ക്കുമാണെന്നും അദ്ദേഹം പറയുന്നു.

