സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.ഈ മാസം 21ന് നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ കൊവിഡ് മരണസംഖ്യ ഉയരാം. കോളനികളില്‍ രോഗം പടരാതെ നോക്കണമെന്നും മന്ത്രി പറഞ്ഞു. ആരും റോഡില്‍ കിടക്കാന്‍ ഇടവരരുത്. എല്ലാവര്‍ക്കും ശ്രദ്ധ വേണം. വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരും. ഇപ്പോള്‍ തന്നെ കിട്ടാനില്ല. ഇതുവരെ കേരളം പൊരുതി നിന്നുവെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം മെഡിക്കല്‍ കോളേജിലെ 12 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ഓണത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ജനങ്ങള്‍ കൂടുതലായി പുറത്ത് ഇറങ്ങിയതിനാല്‍ വരും ആഴ്ചകളില്‍ രോഗവ്യാപനം കൂടിയേക്കുമെന്ന് നേരത്തെ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.
‘എത്ര രോഗികള്‍ വന്നാലും റോഡില്‍ കിടക്കേണ്ടുന്ന അവസ്ഥയുണ്ടാകരുത്. കോളനികളിലേക്ക് രോഗം വരാതിരിക്കാന്‍ എംഎല്‍എമാര്‍ ജാഗ്രതയോടെ ഇടപെടണം. ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഉടനെ ആശുപത്രിയിലെത്തിക്കണം. വരാനിരിക്കുന്ന നാളുകള്‍ വന്നതിനെക്കാള്‍ കടുത്തതാണ്. ഇത്രയും നേരിട്ടവരാണ് നമ്മള്‍. കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറെടുക്കണം.
അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും മരണനിരക്ക് കൂടുതലാണ്. ആ രീതിയില്‍ സംസ്ഥാനത്തും രോഗികള്‍ മരിക്കുമായിരുന്നെങ്കില്‍ പതിനായിരം കടക്കുമെന്നായിരുന്നു വിദഗ്ധര്‍ പറഞ്ഞത്. അത് നമുക്ക് തടയാനായത് യോജിച്ച പ്രവര്‍ത്തനം കൊണ്ടാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ ഇടപെടുന്നത്.’ ആരോഗ്യമന്ത്രി കെ.കെ ശൈലജ
സംസ്ഥാനത്ത് ഇന്നലെ 3,402 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതോടെ ആകെ 24, 549 പേരാണ് രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 384 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതുവരെ 70,921 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 95,735 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 44.65 ലക്ഷമായി. ഇന്നലെ മാത്രം 1,172 പേര്‍ മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 75,000 (75,062) പിന്നിട്ടു. ഇതുവരെ 34.71 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 9.19 ലക്ഷം പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്ത്യയാണ് മിക്ക ദിവസങ്ങളിലും മുന്നിലുളളത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാമതും ഇന്ത്യയുണ്ട്. അമേരിക്കയില്‍ 65.49 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 38.46 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 1.95 ലക്ഷം പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്.
രാജ്യത്ത് മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്, ഡല്‍ഹി എന്നി സംസ്ഥാനങ്ങളാണ് രോഗബാധയില്‍ മുന്നിലുളളത്. ഇതില്‍ മഹാരാഷ്ട്രയില്‍ 20,000ത്തിലേറെ പേര്‍ക്കും ആന്ധ്രയില്‍ 10,000ത്തിലേറെ പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പിടിയിലായ മഹാരാഷ്ട്രയില്‍ 23,816 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 325 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 9.67 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 6.86 ലക്ഷം പേരും രോഗമുക്തി നേടി. നിലവില്‍ 2.52 ലക്ഷം പേര്‍ മാത്രമാണ് ചികിത്സയിലുളളത്.


