കര്‍ഷക ദുരിതങ്ങൾ

കര്‍ഷക ദുരിതങ്ങൾ
വര്‍ഷം മുഴുവന്‍ കൃഷി ചെയ്ത് പരിപാലിച്ച് കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണനം ചെയ്യുമ്പോള്‍ അര്‍ഹിച്ച ലാഭം ഒരിക്കല്‍പോലും കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായാല്‍ മാത്രമേ കൃഷിക്കാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. ഒന്നാമതായി കൃഷി ഇറക്കാനുള്ള മൂലധനം സര്‍ക്കാര്‍ നല്‍കണം. ഏതു കൃഷി ചെയ്യണമെങ്കിലും (നിലമൊരുക്കുന്നതു മുതല്‍ വിളവെടുക്കുന്നതുവരെ) വന്‍ മുതല്‍മുടക്ക് ആവശ്യമാണ്. ഒരു സാധാരണക്കാരന്‍ കടമെടുത്താണ് ഇതൊക്കെ ചെയ്യുന്നത്. രണ്ടാമതായി കാലാവസ്ഥാ വ്യതിയാനവും വന്യമൃഗങ്ങളുടെ ആക്രമണംമൂലം വന്‍നാശനഷ്ടമുണ്ടാകുന്നതിനാല്‍ കൃഷി ഇന്‍ഷ്വര്‍ ചെയ്യാനുള്ള സംവിധാനമുണ്ടാവണം. മൂന്നാമതായി ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില വേണം ഇത്. ചിലവാകുന്ന തുക കണക്കാക്കി വേണമിത് നിശ്ചയിക്കാന്‍. ഉദാഹരണമായി റബ്ബര്‍ ഉത്പാദനചിലവ് 175 രൂപ വരുമെന്ന് ലോക റബ്ബര്‍ബോര്‍ഡ് തന്നെ പറഞ്ഞിട്ടുണ്ട്. ആ സ്ഥാനത്ത് 113 രൂപ കിട്ടിയിട്ട് കര്‍ഷകന്‍ എങ്ങനെ പിടിച്ചു നില്‍ക്കും. 2000 രൂപയോളം വിലയുണ്ടായിരുന്ന ഏലത്തിന് ഇപ്പോള്‍ 750 രൂപയാണുള്ളത്.
പ്രകൃതി ദുരന്തങ്ങളുടെ യഥാര്‍ത്ഥ ഉത്തരവാദി കര്‍ഷകരല്ല. യഥാര്‍ത്ഥ കര്‍ഷകന്‍ ഒരു ഭൂമിയും നശിപ്പിച്ചിട്ടില്ല, മറിച്ച് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേറ്റുകളും വ്യവസായികളുമാണ് വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് പ്രകൃതിയെ നശിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ഒരു പഞ്ചായത്തില്‍ 2000 റിസോര്‍ട്ടുകളുണ്ട്. ഇതും കൃഷിക്കാരുമായി എന്ത് ബന്ധമാണുള്ളത്?
ഒരു കൃഷിക്കാരനായതുകൊണ്ട് സമൂഹത്തിന്‍റെ അവഗണന ഏല്‍ക്കേണ്ടി വരുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നു. ഒരു കര്‍ഷകനായതിനാല്‍ ബാങ്കില്‍നിന്ന് ലോണ്‍ ലഭിക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ആനുകൂല്യം ലഭിക്കാനും വലിയ കാലതാമസം ഉണ്ടാകാറുണ്ട്. ഈ കൃഷിക്കാര്‍ പണി മുടക്കിയാല്‍ ഒരു നേരത്തെ ആഹാരം കഴിക്കുവാന്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമോ? കര്‍ഷകരുടെ വിയര്‍പ്പിന്‍റെ വിലയാണ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്നതെന്ന് മറക്കരുത്. ഒരു കാര്‍ഷിക ഉല്പന്നം മാര്‍ക്കറ്റില്‍ എത്തിക്കാന്‍ ഒരു വര്‍ഷത്തെ അദ്ധ്വാനം വേണം. ഇതിനിടയില്‍ കാലാവസ്ഥാവ്യതിയാനവും വന്യമൃഗങ്ങളുടെ ആക്രമണവും മൂലം വിളനാശമുണ്ടാകുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? കര്‍ഷകന് കൃഷി നഷ്ടപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അതേ വേദനയാണ് ഉണ്ടാകാറുള്ളത് കുടുംബത്തിലെ ഒരംഗത്തെപോലെയാണ് നാം കൃഷിയും പരിപാലിച്ചുപോരുന്നത്.
പാലക്കാട് ആന ചരിഞ്ഞ സംഭവത്തില്‍ പ്രമുഖരുടെ പ്രതികരണങ്ങള്‍ കേട്ടപ്പോള്‍ ഈ രാജ്യത്ത് മനുഷ്യനെക്കാള്‍ മൃഗത്തിനാണോ വിലയെന്ന് തോന്നിപ്പോവുന്നു. ഒരു പാമ്പ് നമ്മുടെ ഭവനത്തില്‍ കയറിയാല്‍ അടിച്ചുകൊല്ലുവാന്‍പ്പോലും അവകാശമില്ല. കൊന്നാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാം. മൂന്നാറില്‍ ആനകള്‍ കൂട്ടമായി വന്നാണ് കൃഷി നശിപ്പിക്കുന്നത്. പിന്നെ പഴങ്ങളും പച്ചക്കറികളും തിന്നു നശിപ്പിക്കുന്നതുവഴി വന്‍നഷ്ടം ഉണ്ടാവുന്നു എന്നാലും കര്‍ഷകര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രതികരിക്കുവാന്‍ ഒരു രാഷ്ട്രീയ സംഘടനയുമില്ല. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഇവയൊക്കെ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകന് കൊടി പിടിക്കാന്‍ നേരമില്ലാത്തതുകൊണ്ട് പല കര്‍ഷകസംഘടനയും വളരാതെ പോകുന്നു.
കൃഷിവകുപ്പില്‍ താഴെത്തട്ടുവരെ ആയിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അതിന്‍റെ ഗുണമൊന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അവര്‍ ചെയ്യുന്നത് കുറെ വിത്ത് പായ്ക്കറ്റ് വീടുകളിലും അംഗന്‍വാടികളിലും കൊടുക്കുന്നു, പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ എവിടെയെങ്കിലും നഴ്സറിക്കാരെ കണ്ട് പച്ചക്കറി കിറ്റ് കൊടുപ്പിക്കും. ഇതുകൊണ്ട് അവരുടെ പ്രവര്‍ത്തനം അവസാനിക്കും.
കൃഷിയെ സംരക്ഷിക്കുവാന്‍ ഗവണ്‍മെന്‍റിന്‍റെ ഭാഗത്തു നിന്ന് ശക്തമായ നടപടിയുണ്ടാവണം. നഷ്ടം കൂടാതെ കൃഷി ചെയ്യുവാനുള്ള അവസരം ഗവണ്‍മെന്‍റ് ഒരുക്കണം. ജീവിക്കാന്‍ വേറെ മാര്‍ഗ്ഗങ്ങളില്ലാത്തവരാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. കൃഷിയിലേക്ക് പുതിയ ആളുകള്‍ കടന്നു വരാത്തത് ഈ രംഗത്തു വരുന്ന ദയനീയമായ പരാജയവും കൃഷിക്കാരോടുള്ള അവഗണനയും മൂലമാണ്. യഥാര്‍ത്ഥത്തില്‍ കൃഷിക്കാരന്‍റെ മകന് പെണ്ണു കൊടുക്കാന്‍ പോലും ആളില്ല.
കോര്‍പ്പറേറ്റ് ബാങ്കുകളും കര്‍ഷകരില്‍നിന്ന് ഉല്പന്നങ്ങളെടുത്താല്‍ ഇടനിലക്കാരുടെ കൊള്ള അവസാനിപ്പിക്കാന്‍ സാധിക്കും.
മുമ്പ് കൃഷിക്കാരുടെ സഹകരണസംഘങ്ങളാണ് ഇത് ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ ഇവര്‍ 30% വരെ പലിശ വാങ്ങുന്നു. സര്‍ക്കാര്‍ നല്‍കുന്നതിന് അവര്‍ വാങ്ങുന്നതാണിത്. ഇതു സഹിക്കുകയല്ലാതെ ആരോട് പറയാനാണ്. കഷ്ടപ്പാടും കടവും മാത്രമാണ് കര്‍ഷകര്‍ക്ക് കൃഷിയിലൂടെ ലഭിക്കുന്നത്.
60 വയസ്സു കഴിഞ്ഞ കര്‍ഷകന് തനിക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുകകൊണ്ട് സുഖമായി ജീവിക്കുവാന്‍ സാധിക്കുന്നില്ല. 1300 രൂപയാണ് ലഭിക്കുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു തുച്ഛമായ തുകയാണ്. ഇതുകൊണ്ട് ഒരാഴ്ചപോലും ജിവിക്കാന്‍ സാധിക്കില്ല. മരുന്നിനുപോലും തികയില്ല. ഒട്ടു മിക്ക കര്‍ഷകരും കഠിദ്ധ്വാനം മൂലം അറുപതു വയസ്സാകുമ്പേഴേക്കും രോഗികളായിത്തീരുന്നു. സര്‍ക്കാരിന്‍റെ സഹകരണത്തോടു കൂടിയേ കര്‍ഷകര്‍ സ്വയം പര്യാപ്തരാകൂ.

Leave a Reply