കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ‌്‌കോളര്‍ഷിപ്പ് വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേസില്‍ കക്ഷിയായ മൈനോരിറ്റി ഇന്ത്യന്‍സ് പ്ളാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് എന്ന സംഘടന സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പില്‍ ഒരു വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ വസ്തുത ശരിയായി വിലയിരുത്തിയല്ല വിധിയെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ.ബീരാന്‍ പറയുന്നു.
മുസ്ളിങ്ങളുടെ മാത്രം സാമൂഹ്യ, സാമ്ബത്തിക,വിദ്യാഭ്യാസ സ്ഥിതി പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാനാണ് 2005ല്‍ കേന്ദ്രസര്‍ക്കാര്‍ സച്ചാര്‍ കമ്മിഷനെ നിയോഗിച്ചത്.
ഇൗ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയെ കേരളത്തില്‍ നിയോഗിച്ചത്. കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2008 ആഗസ്റ്റ് 16ന് മുസ്ളീങ്ങള്‍ക്ക് മാത്രമായാണ് സ്കോളര്‍ഷിപ്പ് അനുവദിച്ചത്. വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭ 2011 ഫെബ്രുവരി 22ന് ലത്തീന്‍ കത്തോലിക്ക വിഭാഗത്തെയും പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തി. ഇൗ നീക്കമാണ് തിരിച്ചടിയായതെന്ന് വി.കെ. ബീരാന്‍ പറയുന്നു.
സര്‍ക്കാര്‍ തീരുമാനം വൈകും
ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ മുസ്ളിങ്ങള്‍ക്ക് 80 ശതമാനവും ലത്തീന്‍ കത്തോലിക്ക,പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 20 ശതമാനവുമെന്ന അനുപാതം റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ അപ്പീലോ പുനഃപരിശോധനാ ഹര്‍ജിയോ നല്‍കുന്ന കാര്യത്തില്‍ തീരുമാനം വൈകുമെന്നാണ് സൂചന. നയപരമായ നിലപാടും പരിഗണിക്കേണ്ടതിനാല്‍ ഇത് സംബന്ധിച്ച അറിയിപ്പൊന്നും അഡ്വക്കേറ്റ് ജനറലിന്റെ ഒാഫീസില്‍ ലഭിച്ചിട്ടില്ല.

