ചളിക്കുഴിയില്‍ മുങ്ങിത്താണ പശുവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ പെരുമ്ബ പുഴയില്‍ ഡിങ്കി പരിശീലനത്തിന് പോവുകയായിരുന്ന ഫയര്‍ഫോഴ്സ് സംഘമാണ് പശുവിന്റെ രക്ഷകരായത്. 101ല്‍ ആരും വിളിച്ചു പറഞ്ഞില്ലെങ്കിലും പതിവ് പുഴയില്‍ നിന്ന് മാറി പരിശീലനത്തിന് മറ്റൊരു പുഴ തിരഞ്ഞെടുക്കാനുള്ള തീരുമാനവും ആ വഴി വരാനുള്ള തോന്നലുണ്ടാക്കിയതും ദൈവമായിമായിരിക്കുമെന്ന് ഇവര്‍ കരുതുന്നു.
തട്ടാര്‍കടവ് പുഴയിലാണ് ഫയര്‍ഫോഴ്സ് സാധാരണ പരിശീലനത്തിന് പോകാറുള്ളത്. എന്നാല്‍, ഇന്നലെ വഴിയൊന്ന് മാറ്റിപ്പിടിക്കുകയായിരുന്നു.
പയ്യന്നൂര്‍ ശാന്തി തിയറ്ററിന് മുന്‍വശത്ത് ദേശീയപാതയോരത്തെ ചളിക്കുഴിയില്‍ ഒരു പശു വീണു കിടക്കുന്നത് വാഹനത്തിലുണ്ടായിരുന്ന ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ കെ. വിശാലിന്റെ ശ്രദ്ധയില്‍ യാദൃച്ഛികമായി പെടുകയായിരുന്നു.
അദ്ദേഹം വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെ വിവരമറിയിച്ചു. സേനാംഗങ്ങള്‍ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തിയപ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി പിടയുന്ന പശുവിനെയാണ് കണ്ടത്.
കയര്‍ കഴുത്തില്‍ മുറുകി തല പകുതി വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു പശു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ പി വിജയന്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (മെക്കാനിക്) കെ.എസ്. ജയരാജ് എന്നിവരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ഉടന്‍ കുഴിയിലിറങ്ങി പശുവിന്റെ തല വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിപ്പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡെലിവറി ഹോസ്, കയര്‍ എന്നിവ ഉപയോഗിച്ച് പശുവിനെ വെള്ളത്തില്‍ നിന്ന് ഉയര്‍ത്താനുള്ള ശ്രമവും ആരംഭിച്ചു. അപ്പോഴേക്കും വിവരമറിഞ്ഞ് പശുവിന്റെ ഉടമസ്ഥന് പ്രദീപനും സ്ഥലത്തെത്തി. അദ്ദേഹം മൃഗഡോക്ടറെ വിവരം അറിയിച്ചു.
പശുവിനെ വെള്ളത്തില്‍ നിന്ന് ഉയര്‍ത്തി കരയിലെത്തിച്ചതിനു ശേഷം സേനാംഗങ്ങള്‍ ഡിങ്കി പരിശീലനത്തിനായി പുഴയിലേക്ക് നീങ്ങി. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ പിവി ഗിരീഷ്, രാഹുല്‍ കൃഷ്ണന്, ജിജേഷ് രാജഗോപാല്‍, ഹോം ഗാര്‍ഡ് കെസി ഗോപാലന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

