ഹൃദയം വിൽക്കാനുണ്ട്…!മക്കളുടെ ചികിത്സക്കായി തെരുവിലിറങ്ങി മാതൃത്വം

കൊച്ചി: ഹൃദയം ഉള്‍പ്പടെ വില്‍ക്കാന്‍ തയാറാണെന്ന് കാണിച്ച്‌ തെരുവിലിറങ്ങി ഒരമ്മ. അഞ്ചുമക്കളുടെ ചികിത്സയ്ക്കായി അവയവങ്ങള്‍ വില്‍ക്കാനാണ് ഈ അമ്മ മുന്നോട്ട് വന്നിരിക്കുന്നത്. വെള്ളപ്പേപ്പറില്‍ ചുവന്ന മഷി ഉപയോഗിച്ച്‌ എഴുതിയ കടലാസ് പ്രദര്‍ശിപ്പിച്ചാണ് വീട്ടമ്മ അവരുടെ നിസഹായാവസ്ഥ ലോകത്തോട് വിളിച്ചു പറഞ്ഞത്. മലപ്പുറം സ്വദേശിനി ശാന്തയാണ് അഞ്ചുമക്കളുമായി ജീവിക്കാന്‍ ഗത്യന്തരമില്ലാതെ വ്യത്യസ്ഥമായ സമരമാര്‍ഗവുമായി നിരത്തിലിറങ്ങിയത്. കഴിഞ്ഞ ഒമ്ബതു വര്‍ഷമായി ഇവര്‍ വരാപ്പുഴയിലാണ് താമസിച്ചു വരുന്നത്. മക്കളുടെ ചികിത്സയ്ക്കായാണ് ഇവര്‍ എറണാകുളത്ത് എത്തിയതെന്ന് പറയുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ ഇവര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാകുകയായിരുന്നു.

ഇവരുടെ അഞ്ചു മക്കളും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. മൂന്നു പേര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ചികിത്സയ്ക്കായി വീടു വിറ്റ് വാടക വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അഞ്ചു ലക്ഷം രൂപയോളം കടമുണ്ടെന്നും ഇവര്‍ പറയുന്നു. ഇന്നലെ മുതല്‍ മുളവുകാടിനടുത്ത് കണ്ടെയ്നര്‍ റോഡില്‍ ടാര്‍പോളിന്‍ വലിച്ചു കെട്ടി അതിനടിയിലാണ് കഴിഞ്ഞത്. കനത്ത മഴയിലാണ് രോഗികളായ മക്കളുമായി റോഡരികില്‍ കഴിഞ്ഞത്. വാടക കൊടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് റോഡിലേക്ക് ഇറങ്ങിയത്. ഇവരുടെ വീട്ടുപകരണങ്ങളും സാധന സാമഗ്രികളും എല്ലാം ഉള്‍പ്പടെയാണ് റോഡില്‍ കഴിഞ്ഞത്.

ഇവരുടെ മക്കള്‍ ചെറിയ ജോലികള്‍ക്കു പോയിരുന്നെങ്കിലും അപകടത്തില്‍ പരുക്കേറ്റ് മൂത്ത രണ്ടു മക്കളും കിടപ്പിലായതോടെ ജീവിതം ദുരിതത്തിലാകുകയായിരുന്നു. മൂത്ത മകന്‍ വാഹനാപകടത്തില്‍ സാരമായ പരുക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. രണ്ടാമത്തെ മകനും അപകടത്തില്‍ പെട്ട് കിടപ്പിലായി. മൂന്നാമത്തെ മകന്‍ വയറ്റില്‍ മുഴയുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു ശേഷം തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. നാലാമതുള്ള മകള്‍ക്ക് കണ്ണിന് ഗുരുതര പ്രശ്നങ്ങളുമായി ചികിത്സയിലാണ്.

സമരം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ ജനപ്രതിനിധികള്‍ ഉള്‍പ്പടെ ഇടപെട്ട് ഇവരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. എന്നാല്‍ മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനു സാധിക്കാതെ വന്നതോടെ എല്ലാം പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണെന്ന് അമ്മ ശാന്തി പറയുന്നു.നേരത്തെ വി.ഡി. സതീശന്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ സഹായിച്ച്‌ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്നു. എന്നാല്‍ മക്കളുടെ തുടര്‍ ചികിത്സ പൂര്‍ണമാക്കുന്നതിനും താമസിക്കുന്നതിനുമുള്ള സ്ഥിര സൗകര്യം വേണമെന്നാണ് ഇവരുടെ ആവശ്യം. ഇവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച്‌ എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് വി.ഡി. സതീശന്‍ എംല്‍എ പ്രതികരിച്ചു.

Leave a Reply