ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ ഒരു നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
നാളത്തെ മന്ത്രിസഭാ യോഗത്തില്‍ കരട് ബില്ലിന് അംഗീകാരം നല്‍കിയേക്കും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ തന്നെ ഇത് അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സര്‍ക്കാര്‍ തീരുമാനം.
താങ്ങുവില സംബന്ധിച്ച് പരിഹാരം കാണാനും കൃഷി മന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്. താങ്ങുവിലയ്ക്കായി മാര്‍ഗ്ഗ നിര്‍ദേശം കൊണ്ടുവരുമെന്നാണ് സൂചന.
താങ്ങുവില സംബന്ധിച്ച് ഉടന്‍ തീരുമാനം വേണമെന്നും കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മരണപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കര്‍ഷക സമരത്തിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളും സംയുക്ത കിസാന്‍ മോര്‍ച്ച ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് സൂചന.

