പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത് 58 രാജ്യങ്ങള്‍ ,ചിലവ് 517 കോടി

ന്യൂഡല്‍ഹി: 2015 മുതല്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 58 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്രാ ചെലവ് മാത്രം 517 കോടിയായെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ രാജ്യസഭയില്‍ എഴുതി അറിയിച്ചത്. യുഎസ്‌എ, റഷ്യ, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് തവണ വീതം പ്രധാനമന്ത്രി സന്ദര്‍ശിച്ചിട്ടുണ്ട്. സിംഗപൂര്‍, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങള്‍ രണ്ട് തവണ വീതമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.

2015 മുതലുള്ള പ്രധാനമന്ത്രിയുടെ വിദേശരാജ്യ സന്ദര്‍ശനങ്ങള്‍ക്ക് 517.82 കോടി രൂപ ചെലവായിട്ടുണ്ടെന്ന് മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനും ഇന്ത്യയുടെ ദേശീയ വികസന അജണ്ടയ്‌ക്കും പ്രധാനമന്ത്രിയുടെ യാത്രകള്‍കൊണ്ട് വലിയ പ്രയോജനമുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറയുന്നു.

പ്രധാനമന്ത്രിയുടെ അവസാന വിദേശയാത്ര 2019 നവംബറില്‍ ബ്രസീലിലേക്ക് ആയിരുന്നു. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു ഇത്. 2020 ല്‍ മോദി ഒരു വിദേശയാത്ര പോലും നടത്തിയിട്ടില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി എല്ലാ വിദേശരാജ്യ യാത്രകളും ഒഴിവാക്കിയത്.

പ്രധാനമന്ത്രിയുടെ എയര്‍ക്രാഫ്‌റ്റ് അറ്റകുറ്റപണികള്‍ക്കായി 1,583.18 കോടി രൂപയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 429.25 കോടി രൂപയും 2014 ജൂണ്‍ 15 മുതല്‍ 2018 ഡിസംബര്‍ മൂന്ന് വരെയുള്ള കാലയളവില്‍ ചെലവഴിച്ചിട്ടുള്ളതായി എന്‍ഡിടിവി നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

Leave a Reply