സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് പടിയിറങ്ങും

സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. സേനയ്ക്ക് നേട്ടങ്ങളും വിവാദങ്ങളും ഒരു പോലെ സമ്മാനിച്ചാണ് ബെഹ്റ പടിയിറങ്ങുന്നത്. കോവിഡ്, ലോക്ഡൌണ്‍ പ്രതിസന്ധി കാലത്ത് സേനാംഗങ്ങളെ മുന്നണിപ്പോരാളികളായി നയിക്കാനായതിന്‍റെ ക്രെഡിറ്റും ലോക്നാഥ് ബെഹ്റയുടെ പേരിലുണ്ട്.

തുടര്‍ഭരണം കിട്ടിയ സര്‍ക്കാരിനൊപ്പം രണ്ട് തവണയും തുടരാന്‍ സാധിച്ച പൊലീസ് മേധാവി. 5 വര്‍ഷത്തോളം പൊലീസ് മേധാവി സ്ഥാനത്ത് ഇരിക്കാന്‍ കഴിഞ്ഞെന്ന അപൂര്‍വ്വ നേട്ടം. ഓഖി, നിപ്പ, പ്രളയം, കോവിഡ്, ലോക്ഡൌണ്‍- ഇക്കാലയളവിലൊക്കെ പൊലീസ് സേനയെ മുന്നില്‍ നിന്ന് നയിച്ചു ലോക്നാഥ് ബെഹ്റ. സേനയിലെ ആധുനികവത്കരണവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും വേഗത്തിലാക്കി.

കേരള പൊലീസിന്‍റെ എഫ്ബി പേജ് ലോകത്തെ പൊലീസ് സേനകളില്‍ മുന്‍പന്തിയില്‍ എത്തിയതും ബെഹ്റയുടെ കാലത്ത് തന്നെ.

എന്‍ഐഎയിലും സിബിഐയിലുമായി സേവനമനുഷ്ഠിച്ച 16 വര്‍ഷക്കാലയളവില്‍ മുംബൈ സ്ഫോടന പരമ്ബരയടക്കം രാജ്യശ്രദ്ധ നേടിയ കേസുകള്‍ അന്വേഷിച്ചു. ജിഷ വധം, നടിയെ ആക്രമിച്ച കേസ്, കൂടത്തായി കേസ് എന്നിവയിലെ അറസ്റ്റ് സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. പൊലീസിന് പുറമെ വിജിലന്‍സ്, ഫയര്‍ഫോഴ്സ്, ജയില്‍ വകുപ്പുകളുടെ തലപ്പത്തും ബെഹ്റയ്ക്ക് സേവനമനുഷ്ഠിക്കാനായി.