ഇന്ന് വയോജനദിനം

ഇന്ന് വയോജനദിനം. ഏകാന്തതയുടെ ശാപംപേറി നെടുവീര്‍പ്പിട്ട് കഴിയേണ്ടവരല്ല വൃദ്ധജനങ്ങളെന്ന് സമൂഹത്തെ ഓര്‍മപ്പെടുത്തുന്ന ദിനം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച്‌ 1991 ഒക്ടോബര്‍ ഒന്നുമുതലാണ് വയോജനദിനം ആചരിച്ചുതുടങ്ങിയത്. ഇന്ത്യയില്‍ വയോജനങ്ങളുടെ സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. കൊച്ചുകേരളത്തില്‍പ്പോലും ജനസംഖ്യയുടെ 13 ശതമാനത്തോളം എത്തിനില്‍ക്കുന്നു. ഇവരില്‍ നല്ലൊരു വിഭാഗം സ്ത്രീകളും വിധവകളുമാണ്.

മുതിര്‍ന്നവരോടുള്ള പെരുമാറ്റത്തില്‍ ഒരുപാട് മാറ്റം വന്നിട്ടുള്ള ഈ കാലത്ത് ഇത്തരമൊരു ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വൃദ്ധസദനങ്ങളുടെ നാല് സ്നേഹകിരണങ്ങളില്ലാതെ, ചുവരുകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കുന്ന വയോധികര്‍ക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌ ബോധമുണര്‍ത്താനുള്ള ദിനവും കൂടിയാണ് ഇത്.

ഓര്‍ക്കുക,പണവും സൗകര്യങ്ങളും എത്രയുണ്ടെങ്കിലും സ്നേഹമില്ലെങ്കില്‍ ജീവിതത്തിന് അര്‍ത്ഥമില്ല. ഇന്ന് ഒട്ടുമിക്ക വാര്‍ദ്ധക്യജീവിതങ്ങളിലും ഈ സ്ഥിതിവിശേഷമാണുള്ളത്.

മറ്റൊരു ബാല്യത്തിന്റെ തുടക്കമാണ് വാര്‍ദ്ധക്യം. യൗവ്വനത്തിന്റെ തിളപ്പും ജീവിത പ്രാരാബ്ദങ്ങളുമൊഴിഞ്ഞ് ജീവിതത്തിന്റെ അവസാനഘട്ടത്തിലേയ്ക്കുള്ള കാല്‍വെയ്പു കൂടിയാണ് വാര്‍ദ്ധക്യം. കുഞ്ഞുങ്ങളെപ്പോലെ തന്നെ പരിചരണവും ശ്രദ്ധയും വളരെയേറെ ആവശ്യമുള്ള സമയം. ജീവിതത്തിന്റെ നല്ല സമയങ്ങള്‍ മുഴുവനും മക്കള്‍ക്കും കുടുംബത്തിനുമായി ചിലവഴിച്ച്‌ ജീവിത സായഹ്നത്തിന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു പ്രായമായവര്‍ കൊതിക്കുന്നത്, ഇത്തിരി നല്ല വാക്കുകളും അല്പം പരിഗണനയുമാണ്. അത് കൊടുക്കാനായില്ലെങ്കില്‍ ജീവിതത്തിലെന്തൊക്കെ നാം ചെയ്താലും ഒരു പ്രയോജനവുമില്ല.
പുതുതലമുറയിലെ കുഞ്ഞുങ്ങള്‍ മുത്തശ്ശിക്കഥകള്‍ കൈവിരല്‍ത്തുമ്ബത്ത് തൊട്ടുനിര്‍ത്തുമ്ബോള്‍,ആ മടിയില്‍ കിടന്ന് ലൈവായി കഥ കേള്‍ക്കാനുള്ള ഭാഗ്യമാണ് അവര്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും മനുഷ്യമനസ്സുകളില്‍ സ്വന്തം മാതാപിതാക്കളോടെങ്കിലും കരുണയും സ്നേഹവും കരുതലും കാണിക്കുവാനുള്ള നന്മയുണ്ടാകട്ടേ. മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നതും ,സ്നേഹിക്കുന്നതും ഔദാര്യമല്ല, മറിച്ച്‌ അത് അവരുടെ കടമ തന്നെയാണ്.

എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്നിനാണ് ലോകവൃദ്ധദിനം ആഘോഷിക്കുന്നത്. കര്‍മ്മനിരതരായ വയോധികരുടെ അനുഭവസമ്ബത്തും,ജീവിതത്തിനോടുള്ള കാഴ്ചപ്പാടുകളും വരംതലമുറയ്ക്ക് വഴിവിളക്കാകുവാന്‍ അവരെ ആദരിക്കുക,അവരുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ആരായുക ഇതൊക്കെയാണ് നാം ഈ വയോജനദിനത്തില്‍ ചെയ്യേണ്ടത്.

Leave a Reply