അയഞ്ഞ് യു പി പോലീസ് ,രാഹുൽ പ്രിയങ്ക ഉൾപ്പെടെ 5 പേർക്ക് ഹാത്‌റാസിലേക്ക് പോകാം

ന്യൂഡെല്‍ഹി: ( 03.10.2020) ഉത്തര്‍പ്രദേശിലെ ഹാത്‌റാസില്‍ കൂട്ടപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം രക്ഷിതാക്കളുടെ സമ്മതമില്ലാതെ സംസ്‌കരിച്ചതിലുള്‍പ്പെടെ രാജ്യമെങ്ങും പ്രതിഷേധമുയരുന്നതിനിടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യുപി പോലീസ് തടഞ്ഞിരുന്നു. ഹത്രാസിലേക്കു പുറപ്പെട്ട രാഹുല്‍, പ്രിയങ്ക ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ യുപി പോലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് യാത്ര പൂര്‍ത്തിയാക്കാനാവാതെയിരുന്ന രാഹുല്‍ ഗാന്ധി ശനിയാഴ്ച രാവിലെ വീണ്ടും യാത്ര തുടര്‍ന്നിരുന്നു. ഇതിന് പിന്നാലെ അതിര്‍ത്തി അടച്ച യുപി പോലീസ് തന്നെ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോകാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിച്ചു എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.

സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പം കാറിലെത്തിയ രാഹുലിനെ ഡിഎന്‍ഡി എക്‌സ്പ്രസ് വേയില്‍ പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരെയും ഹത്രസിലേക്കു പോകാന്‍ അനുവദിച്ചെന്നാണു ലഭ്യമായ വിവരം. മറ്റു മൂന്നു പേര്‍ക്കു കൂടി യാത്രാനുമതി ലഭിച്ചിട്ടുണ്ട്.

നിരവധി കോണ്‍ഗ്രസ് എംപിമാരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നു. ഇവരുടെ യാത്രാനുമതിയെപ്പറ്റി വ്യക്തതയില്ല. രാഹുലിന്റെ വഴി തടയാനുറച്ച്‌ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡെല്‍ഹി നോയിഡ പാത അടച്ചിരുന്നു. മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കനത്ത പോലീസ് സന്നാഹമാണു യുപി സര്‍ക്കാര്‍ വിന്യസിച്ചിട്ടുള്ളത്. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി.

യുപി സര്‍ക്കാരും പൊലീസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയതു സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. യുപി സര്‍ക്കാര്‍ ധാര്‍മികമായി അഴിമതി നിറഞ്ഞതാണ്. ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല, അവളുടെ പരാതി കൃത്യസമയത്ത് റജിസ്റ്റര്‍ ചെയ്തില്ല, മൃതദേഹം ബലമായി സംസ്‌കരിച്ചു, കുടുംബം ബന്ധനത്തിലാണ്, അവരെ അടിച്ചമര്‍ത്തുകയാണ് – പ്രിയങ്ക ട്വീറ്റ് ചെയ്തു.

Leave a Reply