ബിന്നിയച്ചന്‍
ഡിപ്രഷൻ എന്ന വാക്ക് മുന്‍പ് കേട്ടിരുന്നതിലും ഉച്ചത്തിലും അടുപ്പത്തിലും കേട്ടു തുടങ്ങിയ സാഹചര്യത്തില്‍ ആണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. കൊച്ചു കാര്യങ്ങളില്‍ പോലും ഗൗരവമായ നിരാശകളില്‍ പെട്ടുപോകുന്ന ഒരുപാട് ജീവിതങ്ങള്‍ സംസാരിക്കാന്‍ വാക്കുകള്‍ പോലുമില്ലാതെ കൗണ്‍സിലിങ് മുറികളില്‍ കണ്ണുനീരൊഴുക്കി ഇരിക്കുന്നത് കൂടുതലായി കണ്ടുതുടങ്ങിയിട്ടുണ്ട്. മുന്‍പും നിരാശയും നിരാശയുടെ അനന്തരഫലങ്ങളും ഗൗരവം ഉള്ളതുതന്നെ ആയിരുന്നു. എന്നാല്‍ ഇന്നിന്‍റെ സാഹചര്യങ്ങളില്‍ നിരാശ ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നു എന്ന് സമ്മതിക്കാതെ തരമില്ല.
രണ്ട് രീതിയില്‍ ഈ സാഹചര്യത്തെ നമുക്ക് നോക്കിക്കാണാം. ഒന്ന്, നിരാശ ജനിപ്പിക്കുന്ന സാഹചര്യങ്ങളുടെ എണ്ണം ഇന്ന് കൂടുതലാകുന്നു. രണ്ട്, പഴയകാലത്തെ അപേക്ഷിച്ചു കൊച്ചു കാര്യങ്ങളില്‍ പോലും നിരാശയ്ക്ക് അടിപ്പെടുന്നവരുടെ എണ്ണം കൂടുതലാകുന്നു. രണ്ട് രീതിയില്‍ നോക്കിയാലും സാഹചര്യം അത്ര ശുഭസൂചകമല്ല.
ഏതു രീതിയില്‍ നോക്കിയാലും നിരാശയ്ക്ക് അടിപ്പെടുന്നവരുടെ എണ്ണം കൂടുന്നു എന്നത് യാഥാര്‍ഥ്യമാണ്.
ഡിപ്രഷൻ രണ്ട് തരം
നിരാശയെ എങ്ങനെ മറികടക്കാം എന്ന് ചിന്തിക്കുന്നതിനുമുമ്പേ ഇത് രണ്ട് തരത്തിലാകാമെന്ന് മനസ്സിലാക്കണം. ഒന്നാമതായി, clinical ഡിപ്രെഷന്‍. ഇത് കൂടുതല്‍ ഗൗരവം ഉള്ളതും തന്നെത്താന്‍ കൈകാര്യം ചെയ്യാന്‍ പാടില്ലാത്തതുമാണ്. ഒരു ഡോക്ടറുടെയും സൈക്കോതെറാപ്പിസ്റ്റിന്‍റെയും സഹായത്തോടെ മാത്രമേ ഇതിനെ നേരിടാന്‍ സാധിക്കുകയുള്ളു. ഇത്തരം സാഹചര്യങ്ങളില്‍ മിക്കവാറും തന്നെ മരുന്നും കൗണ്‍സിലിങ്ങും ആവശ്യമാണ്.
രണ്ടാമത്തെ വിഭാഗം ചില സാഹചര്യങ്ങളുടെ ഭാഗമായി നമുക്ക് ഉണ്ടാകുന്ന നിരാശയാണ്. പ്രിയപ്പെട്ടവരുടെ മരണമോ, വലിയ നഷ്ടങ്ങളോ, ജീവിതസാഹചര്യങ്ങളോ ഒക്കെ ഇതിനു കാരണമാകാം. ഇത്തരത്തിലുള്ള നിരാശകള്‍ പൊതുവെ അധികം ഗൗരവത്തില്‍ നമ്മുടെ ജീവിതത്തെ ശല്യപ്പെടുത്തുന്നത് ആവില്ല, എന്നാലും നമുക്ക് സാധാരണ ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്.
ഇങ്ങനെ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട നിരാശയെ പ്രതിരോധിക്കാന്‍ സഹായകമാകുന്ന ചില കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു
എങ്ങനെ പ്രതിരോധിക്കാം
നഷ്ടങ്ങളെ ഓര്‍ത്തു വിലപിച്ചിരിക്കാനും തോറ്റു കൊടുക്കാനും എളുപ്പമാണ്, പക്ഷേ നിരാശയുടെ ദിവസങ്ങളോട് എതിരിട്ട് ജീവിതം കൂടുതല്‍ സുന്ദരമാക്കാന്‍ നമുക്ക് കഴിവുണ്ട് എന്ന് നമുക്ക് മറക്കരുത്.
1. അംഗീകരിക്കുക
ഏതു അവസ്ഥയെയും മറികടക്കാന്‍ ആദ്യം നമ്മള്‍ അതിനെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. അവഗണിക്കുമ്പോള്‍ തരണം ചെയ്തു എന്ന തോന്നല്‍ താത്കാലികമായി നമ്മുടെ ഉള്ളില്‍ ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് കഴിഞ്ഞേക്കാം. എന്നാലും അത് വീണ്ടും അതേ ഭാവത്തിലോ മറ്റു രൂപത്തിലോ നമ്മളെ ബുദ്ധിമുട്ടിക്കാം. അതുകൊണ്ട് ആദ്യ പടി അംഗീകരിക്കുക എന്നത് തന്നെ.
2. ദിനചര്യകള്‍ ക്രമീകരിക്കുക
ഏത് മാനസിക ബുദ്ധിമുട്ട് ഉണ്ടായാലും ആദ്യം നമ്മുടെ ദിനചര്യകളെ ആണ് ബാധിക്കുക. അതുകൊണ്ട്, തരണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആദ്യ പടി നമ്മുടെ ദിവസത്തെ ക്രമീകരിക്കുക എന്നത് തന്നെ ആണ്. ഭക്ഷണവും ഉറക്കവും നിര്‍ബന്ധമായി സമയബന്ധിതമാക്കുക. നിശ്ചിതസമയത്ത് ഭക്ഷണം കഴിക്കാനും, ആവശ്യത്തിന് കഴിക്കാനും അമിതമായി കഴിക്കാതെ ഇരിക്കാനും ശ്രദ്ധ വേണം. രാത്രിയില്‍ കിടക്കാനും രാവിലെ ഉണരാനും കഴിയുന്നത്ര കൃത്യത ഉണ്ടാക്കിയെടുക്കണം. കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങണം. താമസിച്ചു ഉറങ്ങുന്നതും താമസിച്ചു ഉണരുന്നതും നല്ലതല്ല. താമസിച്ചു ഉറങ്ങുമ്പോള്‍ ഉണരാനും താമസിക്കും, അപ്പോള്‍ രാവിലെ നമുക്ക് ലഭിക്കാവുന്ന ഇളവെയിലും അതിലൂടെ ലഭിക്കാവുന്ന വിറ്റാമിനും നഷ്ടമാകും.
ജോലി സമയവും ക്രമീകരിക്കണം. ജോലിയില്‍ അവധിയെടുക്കാനും, ആളുകളെ കാണാതെ ഇരിക്കാനുമൊക്കെ തോന്നിയേക്കാം. അത് നമ്മള്‍ കടന്നുപോയ്കൊണ്ടിരിക്കുന്ന അവസ്ഥയുടെ പ്രത്യേകത ആണെന്ന് മനസ്സിലാക്കി നിര്‍ബന്ധബുദ്ധിയോടെ അവയെല്ലാം ഒഴിവാക്കുക.
3. ആളുകളോട് ബന്ധം ഉണ്ടാവുക
സ്വാഭാവികമായും നിരാശയുടെ ദിവസങ്ങള്‍ എല്ലാവരില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ആവും നമ്മെ പ്രലോഭിപ്പിക്കുക. അതിനെ മനഃപൂര്‍വം തോല്പിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ ആളുകളോട് ഇടപെടാനും, സംസാരിക്കാനും, നമ്മുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ മനസ്സുള്ളവരോട് പങ്കുവയ്ക്കാനും ഒക്കെ ശ്രമിക്കുക. അതേസമയം തന്നെ എല്ലാവരോടും സങ്കടം പറഞ്ഞു സിമ്പതി വാങ്ങുന്നതും നല്ലതല്ല
നമ്മുടെ ഈ യുദ്ധത്തില്‍ ആവശ്യം സിമ്പതി അല്ല, കൂടെ മനസ്സിലാക്കി നില്‍ക്കുന്നവരാണ്. സിമ്പതി വേണ്ട എന്ന് പറയുമ്പോഴും അതിനുവേണ്ടി നമ്മുടെ മനസ് നമ്മള്‍ അറിയാതെ ശ്രമിക്കും, അത് മനസ്സിലാക്കി ഒഴിവാക്കണം.
4. ഭക്ഷണം ക്രമീകരിക്കുക
കൃത്യമായി ഭക്ഷണം കഴിക്കാനും നല്ല ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. കോഫിന്‍ (coffine) അടങ്ങിയ ഭക്ഷണം ഒഴിവാക്കണം. കാപ്പി, ചായ, കോള, സോഡാ, മദ്യം എന്നിവ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. മീന്‍ വിഭവങ്ങളും, ിൗേെ ഉം ഇല വര്‍ഗങ്ങളും കൂടുതല്‍ കഴിക്കുക. വിറ്റാമിന്‍ ഡി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്.
5. വ്യായാമം ചെയ്യുക
നിര്‍ബന്ധബുദ്ധിയോടെ വ്യായാമങ്ങള്‍ ചെയ്യുക. അത് ശരീരത്തിനും മനസിനും ഉണര്‍വ് നല്‍കും. ശരീരം അനങ്ങിയുള്ള ജോലികളും, കളികളും, നടത്തവും ഒക്കെ സഹായകം തന്നെ. യോഗയും, മെഡിറ്റേഷനുമൊക്കെ സഹായകം തന്നെ.
6. ചിന്തകള്‍ പോസിറ്റീവ് ആയി സൂക്ഷിക്കുക
ഇപ്പോള്‍ ഉള്ള ഈ അവസ്ഥ താല്‍ക്കാലികമാണ്, അതിനപ്പുറം നല്ല ദിവസങ്ങള്‍ വരുമെന്ന് നമ്മുടെ മനസ്സിനെ വിശ്വസിപ്പിക്കുക. നഷ്ടമായത് നഷ്ടം തന്നെയാണ്, എന്നിരുന്നാലും ഇത് അവസാനം അല്ല. മുന്നോട്ട് പോകാന്‍ ഇനിയും ജീവിതമുണ്ട് എന്ന സത്യം മനസ്സില്‍ ഉറപ്പിക്കുക.
7. സഹായം തേടാന്‍ മടിക്കരുത്
നമ്മുടെ ശരീരത്തിന് വരുന്ന ഏതൊരു രോഗവും പോലെ തന്നെയാണ് മനസിന്വരുന്ന ബുദ്ധിമുട്ടുകളും. ചിലതു നമുക്ക് തന്നെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞേക്കാം. പക്ഷേ എല്ലാ കാര്യങ്ങളും അങ്ങനെ അല്ല. അപ്പോള്‍ സഹായം തേടാന്‍ ഒട്ടും മടിക്കരുത്. തുടക്കത്തില്‍ പറഞ്ഞ ക്ലിനിക്കല്‍ ഡിപ്രെഷന്‍ നിര്‍ബന്ധമായും ഒരു ഡോക്ടറുടെയും തെറാപ്പിസ്റ്റിന്‍റെയും സഹായത്തോടെ മാത്രം മറികടക്കാന്‍ കഴിയുന്നതാണ്.
വാല്‍കഷ്ണം
നിരാശയുടെ അവസ്ഥ എന്നത് നമ്മുടെ ചുറ്റിലുമുള്ള യാഥാര്‍ഥ്യം തന്നെയാണ്. അതിലൂടെ കടന്നുപോകുന്നവരെ ഒരിക്കലും ഒഴിവാക്കരുത്. നമ്മുടെ ഒരു കൈത്താങ്ങ് അവരെ ഇത് മറികടക്കാന്‍ സഹായിച്ചേക്കാം. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലും സഹായിക്കാന്‍ കഴിയുന്നവരുടെ അടുക്കല്‍ നമുക്ക് അവരെ എത്തിക്കാന്‍ കഴിയും. അതുപോലെ തന്നെ ഒരിക്കലും ഇത് അവരുടെ തോന്നല്‍ മാത്രമാണെന്ന് പറഞ്ഞു ചെറുതാക്കി കാണരുത്. ആ വേദനയില്‍ കടന്നുപോകുന്നവരുടെ വേദന യാഥാര്‍ഥ്യം തന്നെയാണ്.

