മാത്യൂസ് തെനിയപ്ലാക്കല്‍
ക്രൈസ്തവര്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ മുന്‍കാലങ്ങളില്‍ ഒന്നും കാണാന്‍ കഴിയാത്ത രീതിയില്‍ വര്‍ദ്ധിച്ച് വരികയാണ്. മതതീവ്രവാദം തലയ്ക്ക് പിടിച്ചവരും, ക്രൈസ്തവ വിരുദ്ധരായ ക്രൈസ്തവ നാമധാരികളും മിശിഹായുടെ സഭയേയും, അതിലെ അംഗങ്ങളെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് തുടര്‍ക്കഥയാകുന്ന കാഴ്ച്ച ലോകത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പരിശോധിച്ചാല്‍ തിരിച്ചറിയാന്‍ കഴിയും. ഇതാ… ഏറ്റവും ഒടുവില്‍ ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 3 ക്രൈസ്തവ ദൈവാലയങ്ങളിലും ഹോട്ടലുകളില്‍ ഐ.എസ് (Islamic State) സംഘടനയുടെ നേതൃത്വത്തില്‍ ഭീകരാക്രമണം നടന്നു. മരിച്ചവരില്‍ ഏറെയും ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്ന ക്രൈസ്തവ വിശ്വാസികളാണ്. ഇത് എഴുതുമ്പോള്‍ മാത്രം, സര്‍ക്കാര്‍ കണക്കനുസരിച്ച് കൊല്ലപ്പെട്ടത് ഏകദേശം 253 പേരാണ്. നിരവധി ആളുകള്‍ ഇപ്പോഴും ആശുപത്രിയിലാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് ഫ്രാന്‍സിലെ അതിപുരാതനമായ നോത്രഡാം കത്തീദ്രലില്‍ നടന്ന വലിയ തീപിടുത്തത്തിന്‍റെ നടുക്കത്തില്‍നിന്ന് ക്രൈസ്തവ ലോകം മോചിതമാകുന്നതിന് മുമ്പാണ് ഈ ദുരന്തം. ശ്രീലങ്കയിലെ ക്രൂരമായ സ്ഫോടനങ്ങളുടെ ചിത്രങ്ങളും, ദൃശ്യങ്ങളും മറ്റും മാധ്യമങ്ങള്‍ വഴി കണ്ടവരുടെയെല്ലാം കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീരെങ്കിലും വീണിരിക്കുമെന്ന് തീര്‍ച്ചയാണ്. അത്രമാത്രം ഹൃദയത്തില്‍ തുളച്ച് കയറുന്നതായിരുന്നു ആ ദൃശ്യങ്ങള്‍.
ലോകം മുഴുവന്‍ ക്രിസ്ത്യാനികള്‍ പല തരത്തിലുള്ള അക്രമങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയരാകുമ്പോള്‍ വിശ്വാസികള്‍ ഉള്ളില്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; എന്തിനീ ക്രൂരത? ലോകത്തിന് നന്മമാത്രം ചെയ്ത് മരണമടഞ്ഞവന്‍റെ പാത പിന്തുടരുന്ന ക്രൈസ്തവര്‍ മാനവകുലത്തിന് നന്മ മാത്രമേ ചെയ്തിട്ടുള്ളു. കത്തോലിക്കാസഭ ഉള്‍പ്പെടെയുള്ള ക്രൈസ്തവസഭകള്‍ ലോകത്തിന് ചെയ്ത, ചെയ്യുന്ന സേവനങ്ങള്‍ ഒന്ന് എണ്ണി നോക്കിയാല്‍, അതിനോട് കിടപിടിക്കാന്‍ മറ്റേതെങ്കിലും മതസ്ഥാപനങ്ങള്‍ക്കോ, സര്‍ക്കാരുകള്‍ക്കോ എന്‍.ജി.ഓ കള്‍ക്കോ സാധിക്കുകയില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. ആതുര ശുശ്രൂഷാരംഗത്തും, വിദ്യാഭ്യാസരംഗത്തും ക്രൈസ്തവര്‍ നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തതാണ്. അഗതികളേയും, നിരാലംബരേയും പൊന്നുപോലെ നോക്കുന്ന കുറേ കന്യാസ്ത്രീ അമ്മമാരും, ആടുകളുടെ നന്മ കാംക്ഷിക്കുന്ന നല്ലവരായ കുറേ വൈദികരുമാണ് നമ്മുടെ മുഖമുദ്ര. എന്നിട്ടും, അവര്‍ നമ്മെ, ക്രൈസ്തവരെ, എന്തിന് ക്രൂശിക്കുന്നു? ഭാവി സ്വപ്നം കണ്ട് കഴിയുന്ന പിഞ്ച് ബാല്യങ്ങളെ എന്തിന് കുരുതിക്ക് ഇരയാക്കി? ക്രൈസ്തവരായ നാം ഇന്ന് എന്താണോ, അത് തന്നെയാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും. നാം ക്രിസ്തുവിന്‍റെ അനുയായികളാണ് എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ് ഇസ്ലാം മത തീവ്രവാദികള്‍ നമ്മെ ഇത്രമാത്രം വേട്ടയാടുന്നത്. എന്‍െറ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കുമെന്ന (ലൂക്കാ 21 :17) ഈശോയുടെ വചനം നമ്മുടെ മനസ്സിലുണ്ടാകണം. ക്രിസ്ത്യാനികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവര്‍ അതിന് മുമ്പേ ക്രിസ്തുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ്.
ആധികാരികമെന്ന് ഒരു പരിധി വരെ വിശേഷിപ്പിക്കാവുന്ന പ്യൂ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നത് ക്രിസ്ത്യാനികളാണ്. ചില രാജ്യങ്ങളില്‍ സര്‍ക്കാരിന്‍റെ അറിവോടെയും സഹായത്തോടെയുമാണ് ക്രൈസ്തവ പീഡനം നടക്കുന്നതെങ്കില്‍ ചില രാജ്യങ്ങളില്‍ രൂപം കൊള്ളുന്ന തീവ്ര മത ചിന്ത വച്ചുപുലര്‍ത്തുന്ന സംഘങ്ങളുടെ നേതൃത്വത്തിലാണ് ക്രിസ്ത്യാനികള്‍ക്കെതിരെ അതിക്രമങ്ങള്‍ അരങ്ങേറുന്നത്. ഐ.എസ്. ഭീകരസംഘടനയുടെ ആസ്ഥാനമായ ഇറാഖ് ഉള്‍പ്പെടുന്ന മധ്യപൂര്‍വേഷ്യയില്‍ ക്രൈസ്തവര്‍ ഏതാണ്ട് നാമാവശേഷമായ അവസ്ഥയിലാണ്. അധ്വാനിച്ച് നേടിയ വസ്തുവകകള്‍ എല്ലാം ഉപേക്ഷിച്ച് പലരും മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറി. കുറേ ആളുകള്‍ യാത്രാമധ്യേ മരണമടഞ്ഞു. ഇങ്ങനെ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും മറ്റും കുടിയേറിയവരില്‍ ഇസ്ലാം മതവിശ്വാസികളുമുണ്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയ പലരും പ്രസ്തുത സ്ഥലങ്ങളില്‍ ജീവിതം കെട്ടിപ്പടുത്ത ശേഷം രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരെ ഗുഢാലോചന നടത്തുകയും അതിക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നത് കഴിഞ്ഞ കുറച്ച് നാളുകളായി സ്ഥിരം സംഭവമാണ്. അഭയം നല്‍കിയ രാജ്യങ്ങള്‍ക്കെതിരേ തിരിഞ്ഞിട്ടു പോലും അഭയാര്‍ഥികളേ ഹാര്‍ദവമായി സ്വാഗതം ചെയ്യുകയാണ് യൂറോപ്പ്. ഈ സംസ്ക്കാരത്തിന് പിന്നില്‍ ഇപ്പോഴും യൂറോപ്യന്‍ മണ്ണില്‍ അസ്തമിക്കാത്ത ക്രിസ്തീയ വിശ്വാസം തന്നെയാണ് കാരണം. 2016 ല്‍ ഗ്രീസ് സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ തിരിച്ച് വത്തിക്കാനിലേയ്ക്ക് പറന്നത് 12 ഇസ്ലാം മതസ്ഥരായ അഭയാര്‍ഥികളേയും ഒപ്പം കൂട്ടിയാണ്.
ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളുടെ കണക്ക് പറയാന്‍ ഒരുപാടുണ്ടെങ്കിലും, ഇതൊന്നും പലര്‍ക്കും വലിയ ധാരണയില്ല എന്നുള്ളതാണ് സത്യം. ഇനി അറിവുണ്ടെങ്കില്‍ തന്നെ അതിനെപ്പെറ്റി ഒരക്ഷരം പോലും മിണ്ടാതെ ഒളിച്ചിരിക്കാനും, മതേതര പ്രതിഛായ നേടാനുമാണ് പലര്‍ക്കും താത്പര്യം. ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്ന പല വിശ്വാസികളും മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ചും, ആത്മാര്‍ത്ഥതയില്ലാത്ത സങ്കടം പ്രകടിപ്പിച്ചും കണ്ടിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ അപലപിക്കുകയും, എതിര്‍ക്കുകയും ചെയ്യുന്ന വര്‍ഗസ്നേഹമുള്ള മനുഷ്യരേ ഇത്തരക്കാര്‍ ‘വര്‍ഗീയ വാദികള്‍’ എന്ന് ലേബല്‍ ചെയ്യും.സ്വന്തം കുടപ്പിറപ്പ് അപകടത്തില്‍പെട്ട് കിടക്കുമ്പോള്‍ അവന് നേരെ കണ്ണടയ്ക്കുകയും, എന്നാല്‍ അയല്‍പക്കത്തുള്ള ഒരു വ്യക്തിക്ക് അപകടം സംഭവിച്ചാല്‍ അവന്‍റെ പിറകേ ഓടുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് തുല്യരാണിവര്‍. എല്ലാവരേയും നാം സ്നേഹിക്കണം.ആ സ്നേഹത്തില്‍ മതമോ ജാതിയോ ഒരു ഘടകമാകേണ്ട കാര്യമില്ല.എന്നാല്‍ ക്രിസ്ത്യാനികള്‍ പീഡനങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ മസില് പിടിക്കുകയും, അക്രൈസ്തവര്‍ പീഡനങ്ങള്‍ക്കിരയാകുമ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയും ചെയ്യുന്നവര്‍ സത്യത്തില്‍ കള്ളന്‍മാരാണ്. ഇത്തരക്കാരേ നയിക്കുന്നത് മറ്റുള്ളവരുടെ മുന്നില്‍ ലഭിച്ചേക്കാവുന്ന സല്‍പ്പേരും, മതേതരന്‍ എന്ന ബ്രാന്‍ഡും മാത്രമാണ്. സ്വന്തം കൂടെയുള്ളവനേ പോലും സ്നേഹിക്കാന്‍ കഴിയാത്തവന്‍ എങ്ങനെയാണ് മറ്റുള്ളവരേ സ്നേഹിക്കുന്നത്? ചിലരൊക്കെ സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ലിബറല്‍ ചിന്ത (ഉദാര ചിന്ത) വളരെ നല്ലതാണ്. പക്ഷേ പാരമ്പര്യമായി പകര്‍ന്നുകിട്ടിയ വിശ്വാസം കളഞ്ഞ് കുളിക്കുന്ന, അല്ലെങ്കില്‍ ചെറുതായി കാണാന്‍ പ്രേരിപ്പിക്കുന്ന ലിബറലിസം അടിവേര് മാന്തുമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.
ക്രിസ്ത്യാനികളെ നിങ്ങള്‍ക്ക് അടിക്കാം, കാരണം അവന്‍ തിരിച്ചടിക്കില്ല. ക്രിസ്ത്യാനികളെ നിങ്ങള്‍ക്ക് വെടിവെച്ച് കൊല്ലാം, കാരണം അവര്‍ നിങ്ങള്‍ക്ക് നേരേ വെടിയുതിര്‍ക്കില്ല. എത്ര ദ്രോഹിച്ചാലും, പീഡിപ്പിച്ചാലും, ക്ഷമിക്കാനും, സ്നേഹിക്കാനും മാത്രമേ അവന് അറിയൂ. കാരണം അവന്‍റെ ഗുരു കാണിച്ച് തന്ന മാതൃക അതാണ്. മുഖത്ത് കാര്‍ക്കിച്ച് തുപ്പിയവനോടും, അല്‍പ്പം വെള്ളം കുടിക്കാന്‍ ചോദിച്ചപ്പോള്‍ മീറ തന്നവരോടും യാതൊരു വിമിഷ്ടവും അവന്‍ കാണിച്ചില്ല. തന്‍റെ കുരിശുമരണത്തിന് കാരണക്കാരായവരോട് പോലും അവന്‍ ക്ഷമിച്ചു. എല്ലാവരേയും അവസാനംവരെ സ്നേഹിച്ച 33-ാം വയസ്സില്‍ അതിദാരുണമായി മരിച്ച് മൂന്നാംനാള്‍ ഉത്ഥാനം ചെയ്ത മിശിഹായെയാണ് ക്രിസ്ത്യാനികള്‍ ദൈവമെന്ന് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ബോംബിട്ട് സ്വപ്നങ്ങള്‍ തകര്‍ത്തവരോടും അവര്‍ ഉപാധികളില്ലാതെ ക്ഷമിക്കും. ശ്രീലങ്കയില്‍ നടന്ന ഭീരകരാക്രമണങ്ങള്‍ക്കു ശേഷം സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെ വൈദികനായ ഫാദര്‍ ജൂഡ് ഫെര്‍ണാണ്ടോ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്:’ക്രൈസ്തവ ദേവാലയത്തില്‍ കൂട്ടക്കുരുതി നടത്തിയവരോട് ഞങ്ങള്‍ ക്ഷമിക്കുന്നു. ഞങ്ങളുടെ ദൈവം പ്രതികാരത്തിന്‍റെ ദൈവമല്ല മറിച്ച് സ്നേഹത്തിന്‍റെയും, ക്ഷമയുടെയും ദൈവമാണ്.’
അതേ നമ്മുടെ ദൈവം പ്രതികാരത്തിന്‍റെ ദൈവമല്ല മറിച്ച് സ്നേഹത്തിന്‍റെ ദൈവമാണ്. അറിയാതെ പോലും പ്രതികാരചിന്ത മനസ്സില്‍ ഉദിക്കാന്‍ നം അവസരം ഉണ്ടാക്കരുത്. ഇത്തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ ചിലരെങ്കിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; ഇങ്ങനെയൊക്കെ ക്ഷമിക്കേണ്ട കാര്യമുണ്ടോ എന്ന്….! ക്ഷമ എന്ന വാക്കിനപ്പുറം ഒരു സിദ്ധാന്തവും ക്രൈസ്തവനുണ്ടാകരുത്. ക്ഷമിക്കണം, മരണത്തോളം ക്ഷമിക്കണം. ഒരു പക്ഷേ ഈ ലോകം നമ്മെ കളിയാക്കിയേക്കാം. എന്നാല്‍ ക്ഷമ ആയുധമാക്കി, കുരിശിന്‍റെ വഴിയേ സഞ്ചരിക്കുന്നവര്‍ക്ക് കര്‍ത്താവ് തുണയുണ്ട്. നമുക്ക് അതിനപ്പുറം എന്ത് വേണം? മിശിഹായുടെ കൂടെ ക്രുശിക്കപ്പെടുന്നവര്‍ മിശിഹായുടെ കൂടെ ഉത്ഥാനം ചെയ്യുമെന്ന് അടിയുറച്ച് വിശ്വസിക്കണം. ഇന്ന് ക്രൈസ്തവര്‍ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന സ്ഥലങ്ങളില്‍ വിശ്വാസം അതിവേഗം വളരും. ക്രിസ്തീയചിന്തകനും എഴുത്തുകാരനുമായിരുന്ന തെര്‍ത്തുല്യാന്‍ ഇങ്ങനെ പറയുന്നു:
‘വിശ്വാസികളുടെ ചുടുനിണം വീണ മണ്ണില്‍ സഭ തഴച്ചു വളര്‍ന്നു’
ശ്രീലങ്കയിലും, ഇറാഖിലും, ചൈനയിലും മറ്റും നടക്കുന്ന അതിക്രമങ്ങളേക്കുറിച്ച് മനസ്സിലാക്കുമ്പോള്‍, ഇങ്ങ് ദൈവത്തിന്‍റെ സ്വന്തം നാട്ടിലും ഇതൊക്കെ സംഭവിക്കാമെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം.
സുഖസൗകര്യങ്ങളുടെ പുല്‍മേട്ടില്‍ നിന്ന് പീഡനങ്ങളുടെ മുള്‍പ്പടര്‍പ്പിലേയ്ക്ക് അധികം ദൂരമില്ലെന്ന വസ്തുത എന്നും നമ്മുടെ മനസ്സിലുണ്ടാകണം. നാം ക്രിസ്ത്യാനികളാണ്, അഥവാ ക്രിസ്തുവിനെ അനുഗമിക്കുന്നവരാണ് എന്ന കാരണത്താല്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്ന കാലം വിദൂരത്തല്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി നമ്മുടെ പ്രാര്‍ത്ഥനകള്‍ ഉയരണം.
വിശ്വാസം ഒരു വലിയ ദീപമാണ്. ആ ദീപത്തില്‍ നിന്ന് പുറപ്പെടുന്ന വെളിച്ചം അണയാതെ സൂക്ഷിക്കാന്‍ ഓരോ ക്രിസ്ത്യാനിക്കും കഴിയണം. നന്മതിന്മകളെ സൂക്ഷ്മമായി വിവേചിച്ചറിയാന്‍ ഈ വെളിച്ചം അനിവാര്യമാണ്. ഞാനൊരു ക്രിസ്ത്യാനിയാണെന്ന് ഉറക്കെ വിളിച്ച് പറയാന്‍ ആളുകള്‍ മടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്തൊക്കെ കാണിച്ചു കൂട്ടിയാലും വിശ്വാസം ഏറ്റുപറയാനുളള ചങ്കൂറ്റമില്ലെങ്കില്‍ എല്ലാം വ്യര്‍ഥമാണ്. നസ്രായനായ യേശുക്രിസ്തുവിനെ അനുഗമിക്കുന്നവരാണ് ഞങ്ങള്‍ എന്ന് ഈ ലോകത്തോട് നമുക്ക് ഉറക്കെ വിളിച്ച് പറയാം.
‘അതേ ഞങ്ങള്‍ കത്തോലിക്കരാണ്, ക്രിസ്ത്യാനികളാണ്. അതില്‍ ഞങ്ങള്‍ അങ്ങേയറ്റം ആനന്ദിക്കുന്നു, അഭിമാനിക്കുന്നു.’

