സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു,കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത ആള്‍ക്കൂട്ടങ്ങള്‍ വലിയ വെല്ലുവിളി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒരാഴ്ചക്കുള്ളില്‍ കേസുകളില്‍ 100 ശതമാനം വര്‍ധനയുണ്ടായി.

കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത ആള്‍ക്കൂട്ടങ്ങള്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 20 വയസ് മുതല്‍ 40 വയസ് വരെയുള്ളവരിലാണ് രോഗബാധ കൂടുതല്‍.

അനാവശ്യ യാത്രകളും പൊതുയോഗങ്ങളും ഒഴിവാക്കണം. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലാണ് കോവിഡ് കേസുകള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസുകളില്‍ കൂടുതലും ഡെല്‍റ്റ വകഭേദമാണ്.

സംസ്ഥാനത്ത് ഒമിക്രോണ്‍ ക്ലസ്റ്ററുകള്‍ ഉണ്ടായിട്ടില്ല. പക്ഷേ, അതിവേഗം ഒമിക്രോണ്‍ പടര്‍ന്ന് പിടിക്കും. നിലവില്‍ ചികിത്സ സൗകര്യങ്ങള്‍ക്ക് പ്രതിസന്ധി നേരിട്ടില്ല. കോവിഡ് പ്രതിരോധത്തിനായി 13 കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.