ദക്ഷിണാഫ്രിക്ക ഐസിസിയുടെ ക്രിക്കറ്റ് ഭൂപടത്തിൽ നിന്ന് പുറത്തേക്ക്

ദക്ഷിണാഫ്രിക്കയെ ഐസിസി രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്കാൻ സാധ്യത. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൽ രാജ്യഭരണ സംവിധാനം ഇടപെട്ടതിനെ തുടർന്നാണ് ദക്ഷിണാഫ്രിക്ക രാജ്യാന്തര ക്രിക്കറ്റ് ഭൂപടത്തിൽ നിന്ന് പുറത്തു പോകാൻ സാധ്യതയേറുന്നത്. സൗത്ത് ആഫ്രിക്കൻ സ്പോർട്സ് കോൺഫെഡറേഷൻ ആന്റ് ഒളിമ്പിക് കമ്മിറ്റിയാണ് കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ ഏറ്റെടുത്തത്.കുറച്ചു കാലങ്ങളായി തുടരുന്ന ബോർഡിൻ്റെ കെടുകാര്യസ്ഥതയുടെയും സാമ്പത്തിക തിരിമറികളുടെയും അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ബോർഡിനെ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ടീമിൽ വർണ വെറി നിലനിൽക്കുന്നുണ്ടെന്ന മുൻ താരങ്ങളുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്ക് ക്രിക്കറ്റ് സൗത്താഫ്രിക്കയെ പിരിച്ചുവിട്ടത്. ബോർഡിൻ്റെ ആക്ടിങ് സിഇഒ അടക്കം ഭരണച്ചുമതലയിലുള്ള മുഴുവൻ പേരോടും മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ബോർഡിലെ കെടുകാര്യസ്ഥതയെപ്പറ്റി അന്വേഷണം നടത്താൻ ശ്രമിച്ചപ്പോൾ കടുത്ത എതിർപ്പ് അനുഭവിക്കേണ്ടി വന്നു എന്ന് സ്പോർട്സ് കോൺഫെഡറേഷൻ ആന്റ് ഒളിമ്പിക് കമ്മിറ്റി പറയുന്നു. അതുകൊണ്ട് തന്നെ വിഷയത്തിൽ കായികമന്ത്രി ഇടപെടണമെന്ന് കമ്മറ്റി അഭ്യർത്ഥിച്ചിരുന്നു.

Leave a Reply