ലോകം കാത്തിരിക്കുന്ന എറ്റവും വലിയ ഫുട്‌ബോള്‍ വൈരത്തിന് ഇന്ന് കളമൊരുങ്ങും;ഇന്ന് എൽ-ക്ലാസ്സികോ

ബാഴ്‌സലോണ: ലോകം കാത്തിരിക്കുന്ന എറ്റവും വലിയ ഫുട്‌ബോള്‍ വൈരത്തിന് ഇന്ന് കളമൊരുങ്ങുകയാണ്. നിലവിലെ ചാമ്ബ്യന്‍മാരായ റയല്‍ മാഡ്രിഡ് ഇന്ന് കരുത്തരായ ബാഴ്‌സലോണയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ഇന്ത്യയില്‍ സംപ്രേഷണമില്ലാത്തതിനാല്‍ ലാലിഗയുടെ ഫേസ്ബുക്ക് പേജില്‍ മത്സരം തത്സമയം കാണാം.

സ്പെയിനില്‍ ഇന്ന് ഈ സീസണില്‍ ആദ്യ എല്‍ ക്ലാസികോ ആണ്. ഈ സീസണില്‍ അത്ര മികച്ച തുടക്കമല്ല സ്പെയിനിലെ വമ്ബന്മാരായ റയല്‍ മാഡ്രിഡിനും ബാഴ്സലോണക്കും ലഭിച്ചത്. എങ്കിലും ലാലിഗയുടെ ആവേശത്തിന് അതൊന്നും കുറവ് വരുത്തില്ല. ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടില്‍ ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാകും ബാഴ്സലോണയും റയലും ഏറ്റുമുട്ടുക.

ചാമ്ബ്യന്‍സ് ലീഗില്‍ അവസാന മത്സരത്തില്‍ വിജയിച്ചു എങ്കിലും സ്പെയിനില്‍ ബാഴ്സലോണക്ക് അത്ര നല്ല ഫോമല്ല. ലീഗിലെ അവസാന രണ്ടു മത്സരങ്ങളും അവര്‍ക്ക് ജയിക്കാന്‍ ആയിട്ടില്ല.അന്‍സു ഫതിയുടെ ഫോം കോമാന്റെ ടീമിന് പ്രതീക്ഷ ആണെങ്കില്‍ മെസ്സി ഇനിയും തന്റെ പതിവ് ഫോമില്‍ എത്താത്തത് ആശങ്ക നല്‍കുന്നു.

മെസ്സി ഈ സീസണില്‍ പെനാള്‍ട്ടിയിലൂടെ മാത്രമാണ് ഇതുവരെ ഗോള്‍ നേടിയത്. ഗ്രീസ്മന്റെ ഫോമും ബാഴ്സക്ക് പ്രശ്നമാണ്.

റയല്‍ മാഡ്രിഡ് ആണെങ്കില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ കഴിഞ്ഞാണ് ബാഴ്സയില്‍ എത്തുന്നത്. ഗോളടിക്കാന്‍ ആളില്ലാത്തതും ഡിഫന്‍സില്‍ കളിക്കാന്‍ ആളില്ലാത്തതും ഒരുപോലെ റയലിനെ അലട്ടുന്നു. പരിക്ക് മാറി റാമോസ് കളത്തില്‍ മടങ്ങി എത്തുന്നു എന്നത് മാത്രമാകും റയലിന്റെ ഇന്നത്തെ ആശ്വാസം. കഴിഞ്ഞ സീസണില്‍ എല്‍ ക്ലാസികോയില്‍ കാണിച്ച മികവ് ആവര്‍ത്തിക്കുക ആകും സിദാന്റെ ലക്ഷ്യം. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Leave a Reply