ബംഗളൂരു/ചെന്നൈ: കേരളത്തില്‍ സിക്ക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും അതീവ ജാഗ്രതയില്‍.കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് അതിര്‍ത്തികളില്‍ തമിഴ്നാട് പരിശോധന ശക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വാളയാര്‍, മീനാക്ഷിപുരം ഉള്‍പ്പടെയുള്ള ചെക്ക് പോസ്റ്റുകളിലും 14 സ്ഥലങ്ങളിലുമാണ് കര്‍ശന നിരീക്ഷണം അധികൃതര്‍ ശക്തമാക്കിയത്. അതെ സമയം പ്രതിരോധ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ എല്ലാ ജില്ലകളോടും കര്‍ണാടക ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കൂടാതെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദക്ഷിണ കന്നഡ, ചാമരാജനഗര്‍, ഉഡുപ്പി ജില്ലകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
തിരുവനന്തപുരം പാറശ്ശാല സ്വദേശിനിയായ ഗര്‍ഭിണിക്കാണ് കേരളത്തില്‍ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ 14 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരിലാണ് ഭൂരിഭാഗവും വൈറസ് ബാധ കണ്ടെത്തിയത്.