പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ചൊവ്വാഴ്ച നടക്കാനിരിക്കെ മുതിര്‍ന്ന നേതാക്കളെ സംസ്ഥാനത്തേക്ക് അയച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. തിരഞ്ഞെടുപ്പ് ഫലം ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് ഭുരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി. മുതിര്‍ന്ന നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, മുന്‍ ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ എന്നിവരെയാണ് ബീഹാറിലേക്ക് അയച്ചിരിക്കുന്നത്.
മുമ്ബ് ഗോവയിലും മണിപ്പുരിലുമെല്ലാം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിച്ചത് ബി.ജെ.പിയാണ്. ബീഹാറില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായി വന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാനാണ് നേതാക്കളെ അയച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ എം.എല്‍.എമാരെയും തലസ്ഥാനമായ പാട്‌നയില്‍ ഒരുമിച്ച് നിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. പരമാവധി എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പി പക്ഷത്തേക്ക് പോകുന്നത് തടയാനാണ് ഇത്തവണ മുന്‍കുട്ടി കണ്ടുള്ള നീക്കം.
പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സുര്‍ജേവാല ഞായറാഴ്ച വൈകിട്ട് പാട്‌നയില്‍ എത്തിയിട്ടുണ്ടെന്ന് ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ വ്യക്തമാക്കി. പാണ്ഡെ നാളെ തലസ്ഥാനത്ത് എത്തും.
കര്‍ണാടകയിലും മധ്യപ്രദേശിലും ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂട്ടി ഭരണം അട്ടിമറിച്ച ബി.ജെ.പി സമാന തന്ത്രം ബീഹാറിലും പയറ്റിയേക്കുമെന്നും പേര് വെളിപ്പെടുത്താതെ ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ഭരണം നേടാന്‍ ബി.ജെ.പി ഏതറ്റം വരെയും പോകുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഗോവയിലും മണിപ്പൂരിലുമടക്കം പാര്‍ട്ടി നേതൃത്വത്തിന്റെ അലംഭാവം കൊണ്ട് ഉണ്ടായ ഭരണനഷ്ടം ബീഹാറില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

