‘നിവർ’ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞു,സംസ്ഥാനങ്ങളിൽ വന്‍ കൃഷിനാശം

ചെന്നൈ: നിവര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും വന്‍ കൃഷിനാശം. കാറ്റിന്റെ തീവ്രത കുറ‍ഞ്ഞെങ്കിലും ഈയാഴ്‌ച കൂടി മഴ തുടരും. തമിഴ്നാട്ടില്‍ മൂന്നുപേരും ആന്ധ്രയില്‍ ഒരാളും മരിച്ചു. തമിഴ്നാട്ടിലേ ചെങ്കല്‍പ്പെട്ട്‌ ജില്ലയില്‍ മാത്രം 1700 ഏക്കര്‍ നെല്‍കൃഷി നശിച്ചു.

പുതുച്ചേരിയില്‍ ഇതുവരെ 400 കോടിയുടെ നഷ്‌ടം ഉണ്ടായതായാണ് വിവരം. ചെമ്ബരപ്പാക്കം തടാകത്തില്‍ നിന്ന് തുറന്നു വിടുന്ന വെളളത്തിന്റെ അളവ് 1500ഘന അടി ആയി കുറച്ചു. ഇതോടെ അടയാര്‍ പുഴയിലെ ജല നിരപ്പ് താഴ്ന്നു. നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ നിന്ന് വെളളം ഇറങ്ങി തുടങ്ങി.

മുന്‍കരുതല്‍ നടപടികളെടുത്തതിനാല്‍ നാശനഷ്‌ടങ്ങള്‍ കുറയ്‌ക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.

3085 ദുരിതാശ്വാസ ക്യാമ്ബുകള്‍ തയ്യാറാക്കിയിരുന്നു. ക്യാമ്ബുകളില്‍നിന്ന് ഘട്ടംഘട്ടമായി ആളുകളെ വീടുകളില്‍ തിരിച്ചെത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

താത്കാലികമായി അടച്ച ചെന്നൈ വിമാനത്തവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ രാവിലെ ഒമ്ബതോടെ പുനരാരംഭിച്ചിരുന്നു. കേരളത്തിലേക്ക് ഉള്‍പ്പടെയുളള ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിച്ചു. മുമ്ബ് റദ്ദാക്കുമെന്ന് അറിയിച്ചിരുന്ന സര്‍വീസുകളും നടത്തി.

ചെന്നൈയില്‍ മെട്രോ, സബര്‍ബന്‍ തീവണ്ടി സര്‍വീസുകളും പുനരാരംഭിച്ചു. ദുരന്തസാദ്ധ്യതയുളള ജില്ലകളിലെ നിര്‍ത്തിവച്ചിരുന്ന ബസ് സര്‍വീസുകളും വീണ്ടും തുടങ്ങി. പുതുച്ചേരിയിലും കാരയ്ക്കലിലും ശനിയാഴ്ചവരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply