രാഷ്ട്രീയലോകത്ത് തെരഞ്ഞെടുപ്പുകളുടെ കാലമാവുകയാണ്. പാര്‍ട്ടിനേതാക്കന്മാരും അണികളും പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും കുതന്ത്രങ്ങളുമായി സജീവമായിക്കഴിഞ്ഞു. പുതിയ കൂട്ടുകെട്ടുകളും അടവുനയങ്ങളുമെല്ലാം സ്വീകരിച്ച് പലരും ‘സേവനത്തിന്‍റെ’ അധികാര ക്കസേരയുറപ്പിക്കാന്‍ നെട്ടോട്ടമോടുകയാണ്.പതിവുപോലെ എളിമയുടെയും രാജ്യ സ്നേഹത്തിന്‍റെയും കുപ്പായമിട്ട് വെളുത്ത ചിരിയുമായി അവര്‍ നമ്മുടെ വീടുകളിലും കാലുകുത്തും.അവരുടെ വാക്കുകളും മോഹനവാഗ്ദാനങ്ങളും വെറും ജലരേഖ കളാണെന്നറിഞ്ഞു കൊണ്ടുതന്നെ നമ്മളെല്ലാവരും നിസ്സഹായരായി പോളിംഗ് ബൂത്തിലേക്കു പോവുകയും രാജ്യനിര്‍മ്മാണത്തിനുള്ള നമ്മുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്യുന്നുവെന്നതാണ് ശരാശരി ക്രൈസ്തവന്‍റെ രാഷ്ട്രീയനിലപാട്.എന്നാല്‍ ഇനിമുതല്‍ സമ്മതിദാനാവകാശ നിര്‍വഹണത്തില്‍ അല്പംകൂടി ഗൗരവമായ ചിന്തയും പ്രായോഗികബുദ്ധിയും പുലര്‍ത്തുവാന്‍ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ നമ്മെ നിര്‍ബന്ധിക്കുന്നു. കത്തോലിക്കാസഭ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടാറില്ല.
അതേസമയം ഓരോ തെരഞ്ഞെടുപ്പുകാലത്തും ഉത്തരവാദിത്വത്തോടെ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്ന് വിശ്വാസികളെ ഉദ്ബോധിപ്പിക്കാറുണ്ട്. രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും നിലനില്ക്കേണ്ട ഉന്നതമൂല്യങ്ങളോടു കൂറുപുലര്‍ത്തുന്നവരെയാണ് വിജയിപ്പിക്കേണ്ടതെന്നു സഭ ഓര്‍മ്മിപ്പിക്കും. ആധുനിക ജനാധിപത്യ, മതേതര, മനുഷ്യാവകാശചിന്തകളുടെ അടിസ്ഥാനംതന്നെ ക്രൈസ്തവസാമൂഹിക കാഴ്ചപ്പാടിലധിഷ്ഠിതമാണ്. ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷകരായിരിക്കണം നാടിനെ നയിക്കേണ്ടതെന്ന് സഭ വിശ്വസിക്കുന്നു. ആശയപരമായ ഈ നിലപാടുകള്‍മൂലം ഇക്കാര്യത്തില്‍ സഭയ്ക്കൊരാദര്‍ശപരിവേഷം ലഭിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്രകാരമുള്ള നിഷ്പക്ഷമായ നിലപാടു സ്വീകരിച്ചുപോന്ന ക്രൈസ്തവ സമൂഹത്തിന്‍റെ ഇപ്പോഴത്തെ സാമൂഹികമായ ശോചനീയാവസ്ഥയെക്കുറിച്ചു ബോദ്ധ്യപ്പെടുമ്പോള്‍, മേല്‍പറഞ്ഞ ആശയങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ, നിലപാടുകളില്‍ ചില വ്യതിയാനങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണെന്നു വ്യക്തമാകും.
ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു സമുദായമെന്ന നിലയില്‍ ലഭിക്കേണ്ട നീതിയും പരിഗണനയും നിഷേധിക്കപ്പെട്ട് അതിവേഗം ക്ഷയിക്കുന്ന ഒരു സമൂഹമായി ഇന്ന് ക്രൈസ്തവര്‍ മാറിയിട്ടുണ്ട്. ക്രൈസ്തവസമൂഹം തങ്ങളുടെ നിഷ്പക്ഷനിലപാടുകള്‍കൊണ്ട് നിര്‍വീര്യരാക്കപ്പെട്ടവരാണെന്ന തെറ്റിധാരണയാണ് അവര്‍ക്ക് ഒരു സമുദായമെന്ന നിലയില്‍ ലഭിക്കേണ്ട ന്യായമായ അവകാശങ്ങളും അംഗീകാരങ്ങളും നിഷേധിക്കുവാന്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് വീര്യം നല്കുന്നത്. അതേസമയം പ്രായോഗിക രാഷ്ട്രീയനിലപാടു സ്വീകരിച്ച മറ്റു ചില സമുദായങ്ങള്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ തട്ടിയെടുക്കുന്നതുപോരാതെ, ക്രൈസ്തവര്‍ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന അരോചകമായ കാഴ്ചയാണ് അരങ്ങേറുന്നത്. വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ചില സമുദായങ്ങള്‍ക്കും മുമ്പില്‍ ക്രൈസ്തവസമൂഹം വെറും കളിപ്പാവയായി മാറാന്‍ കാരണം നമ്മള്‍ ഇതുവരെയും പ്രത്യേക രാഷ്ട്രീയ നിലപാടു സ്വീകരിച്ച് ക്രൈസ്തവവോട്ടുകളുടെ ഏകീകരണം നടത്തിയിട്ടില്ല എന്നതുതന്നെയാണ്. കൂടാതെ രാഷ്ട്രീയത്തോടു പൊതുവെ പുറംതിരിഞ്ഞു നിന്നതിനാല്‍ സമുദായത്തിലെ ചെറുപ്പക്കാര്‍ക്ക് ശരിയായ രാഷ്ട്രീയവിദ്യാഭ്യാസം നല്കാതെ ഒരുതരം അരാഷ്ട്രീയവാദികളായി അവര്‍ മാറുകയും ചെയ്തു.
തന്മൂലം ക്രൈസ്തവസമുദായത്തില്‍നിന്ന് സമീപകാലത്ത് രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃനിരയില്‍ എത്തിച്ചേരാന്‍ ആര്‍ക്കുംതന്നെ കഴിഞ്ഞിട്ടുമില്ല. അതേസമയം ചില പ്രത്യേക സമുദായത്തിലെ അംഗങ്ങള്‍ തങ്ങളുടെ സമുദായവളര്‍ച്ചമാത്രം ലക്ഷ്യമാക്കി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും നേതൃസ്ഥാനങ്ങള്‍ തന്ത്രപൂര്‍വം കൈയടക്കി തങ്ങളുടെ ആവശ്യങ്ങള്‍ അന്യായമായിപ്പോലും നേടിയെടുക്കുന്ന കാഴ്ച നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.. കാലാകാലങ്ങളില്‍ പ്രായോഗികമായ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കാതിരുന്നതുമൂലം ക്രൈസ്തവസമൂഹം സാമ്പത്തിക, സാമൂഹിക മേഖലകളില്‍നിന്നു പുറംതള്ളപ്പെട്ടു കൊണ്ടിരിക്കുക യാണെന്ന സത്യം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
രാഷ്ട്രീയ-ഉദ്യോഗസ്ഥ-നീതിന്യായ ഭരണസംവിധാനങ്ങളില്‍ ക്രൈസ്തവസാന്നിദ്ധ്യം കുറഞ്ഞത് ക്രൈസ്തവസമൂഹത്തിന്‍റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നത് വസ്തുതാപരമായ വിലയിരുത്തലാണ്. സംവരണാ നുകൂല്യങ്ങള്‍ ലഭിക്കാതിരുന്ന സുറിയാനിക്രിസ്ത്യാനികള്‍ സര്‍ക്കാര്‍ ജോലികളില്‍നിന്നും സിവില്‍സര്‍വീസില്‍നിന്നും അകറ്റപ്പെട്ടതും സമുദായത്തിന്‍റെ പിന്നോക്കാവസ്ഥയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ക്രൈസ്തവര്‍ പൊതുവേ ഒരു പ്രത്യേക മുന്നണിക്കുമാത്രം വോട്ടുചെയ്യുന്നവരാണെന്ന ചിന്ത ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളതിനാല്‍ തങ്ങളുടെ ‘ഫിക്സഡ് ഡിപ്പോസിറ്റുകളാ’യാണ് ക്രൈസ്തവസമുദായത്തെ അവര്‍ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങളെപ്പോലും അവഗണിച്ചാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കുകയില്ലെന്നു അവര്‍ വിചാരിക്കുന്നു. സംവരണാനുകൂല്യങ്ങള്‍ സമുദായാംഗങ്ങള്‍ക്കു നേടിക്കൊടുക്കുന്നതിലും കാര്‍ഷിക, പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും അവര്‍ പുലര്‍ത്തുന്ന തണുപ്പന്‍ സമീപനം ഇതിനു ഉത്തമ ഉദാഹരണമാണ്. അതോടൊപ്പം മറ്റു ചില മുന്നണികള്‍ക്ക് തങ്ങളുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍മൂലം, ക്രൈസ്തവര്‍ തങ്ങളെ പിന്തുണയ്ക്കില്ലെന്ന ചിന്തയുള്ളതിനാല്‍ അവരും സമുദായത്തിനു പുറംതിരിഞ്ഞു നില്ക്കുന്നു. ചുരുക്കത്തില്‍ ക്രൈസ്തവസമുദായം എല്ലാ മുന്നണികളുടെയും പരിഗണനയ്ക്കു പുറത്താണ്.ഈ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടില്‍ കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചറിഞ്ഞ് നമ്മുടെ സമുദായത്തിന്‍റെ നന്മയെ ലക്ഷ്യമാക്കിയുള്ള പ്രായോഗിക രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ സഭാനേതൃത്വവും ക്രൈസ്തവസമൂഹവും തയ്യാറായേ മതിയാകു. നമ്മുടെ വോട്ടുകള്‍ നമ്മുടെ കുടുംബങ്ങളുടെയും സമുദായത്തിന്‍റെയും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ഉറപ്പുവരുത്തണം. അതോടൊപ്പം തീവ്രവാദവും വര്‍ഗീയതയും സാമ്പത്തിക അസമത്വങ്ങളും പൊതുസമൂഹത്തില്‍നിന്ന് പിഴുതെറിയുവാന്‍ അത് സഹായകമാകേണ്ടതുമുണ്ട്. തന്മൂലം കേവലം അധികാരവാഴ്ചയ്ക്കുവേണ്ടി തീവ്രവാദസ്വഭാവമുള്ള പ്രസ്ഥാനങ്ങളെപ്പോലും പാലൂട്ടിവളര്‍ത്തുന്ന മുന്നണികളെക്കുറിച്ച് നമുക്കു ജാഗ്രതയുണ്ടാകണം.
സഭാംഗങ്ങളെല്ലാവരും തങ്ങളുടേതായ രാഷ്ട്രീയകാഴ്ച്ചപ്പാടുകളും മുന്നണിബന്ധങ്ങളുമെല്ലാം ഉള്ളവരാണെന്നു മനസ്സിലാക്കുന്നു. എങ്കിലും ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കുന്ന ഈ സാഹചര്യത്തില്‍ ക്രൈസ്തവര്‍ സമുദായബോധത്തോടെ ഒറ്റക്കെട്ടായി ഒന്നിച്ചണിചേരുകയും വ്യക്തമായ പ്രായോഗിക രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ അതു നമ്മുടെ സമുദായത്തിന്‍റെ നിലനില്പിനെത്തന്നെ സാരമായി ബാധിക്കും എന്നു മറക്കരുത്. വ്യക്തിപരവും കുടുംബപരവുമായ താല്പര്യങ്ങള്‍ക്കപ്പുറം നമ്മുടെ സമുദായത്തെക്കുറിച്ചുകൂടി ചിന്തിക്കണം. നമ്മുടെ മക്കള്‍ക്ക് ക്രൈസ്തവവിശ്വാസത്തിലുറച്ച ജീവിതവും സാമ്പത്തികഭദ്രതയും ഉറപ്പുവരുത്തുന്നതിനും ഈ നാട്ടില്‍ ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം നിലനിറുത്തുന്നതിനുംവേണ്ടി നമ്മുടെ സമുദായത്തിന്‍റെ സമഗ്രവളര്‍ച്ചയ്ക്ക് ഉതകുംവിധം വിവേകത്തോടെ ധീരമായ തീരുമാനമെടുക്കേണ്ട സമയമാണിത്. ഒപ്പം പൊതുരംഗത്ത് പ്രവര്‍ത്തിക്കാനും സമൂഹത്തിനു നേതൃത്വം നല്കാനും ക്രൈസ്തവ സ്ത്രീപുരുഷന്മാര്‍ മടികൂടാതെ മുന്നോട്ടിറങ്ങേണ്ടതിന്‍റെ അനിവാര്യതയും ഈ രാഷ്ട്രീയ സാമൂഹിക സാഹചര്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.ക്രൈസ്തവസമുദായപക്ഷത്ത് നില്ക്കുന്നവരെയാണ് നാം വിജയിപ്പിക്കേണ്ടത്. പൊതുസമൂഹത്തിന്‍റെ സമഗ്രവളര്‍ച്ചയ്ക്കൊപ്പംതന്നെ ക്രൈസ്തവസമുദായത്തിന്‍റെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും സമുദായത്തിന്‍റെ താല്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കുമാത്രമേ വോട്ടു നല്കൂ എന്ന നിലപാട് സഭാനേതൃത്വവും സമുദാ യാംഗങ്ങളും എല്ലാ പാര്‍ട്ടിക്കാരോടും വ്യക്തമാക്കേണ്ടിയിരിക്കുന്നു. നാം ഉറപ്പുള്ള വോട്ടു ബാങ്കാണെന്ന ധാരണ ഇനി ഒരു പാര്‍ട്ടിക്കും ഒരു മുന്നണിക്കുമുണ്ടാകരുത്. കാരണം പ്രത്യയശാസ്ത്ര നിലപാടുകളില്‍നിന്ന് പാര്‍ട്ടികളെല്ലാം നിലനില്പിന്‍റെ രാഷ്ട്രീയത്തിലേക്ക് എന്നേ മാറിക്കഴിഞ്ഞു. തത്വത്തില്‍ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രങ്ങള്‍ പലതാണെങ്കിലും പ്രയോഗത്തില്‍ അവര്‍ തമ്മില്‍ എന്തുവ്യത്യാസമാണുള്ളത്?മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇങ്ങനെയൊരു നിലപാട് ക്രൈസ്തവസമുദായം സ്വീകരിക്കുമ്പോള്‍ അതു തീര്‍ച്ചയായും വിമര്‍ശിക്കപ്പെടുകയും മാധ്യമവിചാരണയ്ക്കു വിധേയമാക്കപ്പെടുകയും ചെയ്യും. എന്നാല്‍ കരയുന്ന കുഞ്ഞിനുപോലും പാല്‍ ലഭിക്കാത്ത സമകാലിക സാഹചര്യത്തില്‍ ക്രൈസ്തവ ധാര്‍മ്മികതയില്‍ ഉറച്ചുനിന്നുകൊണ്ട് പ്രായോഗിക രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചു സമുദായത്തിനുവേണ്ടി നിലകൊണ്ടില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ നമ്മള്‍ അനുഭവിക്കേണ്ടിവരും.
ഇപ്രകാരമൊരു കാഴ്ച്ചപ്പാടില്‍ നിന്നായിരിക്കണം വരുംകാലങ്ങളില്‍ സഭയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് രൂപം ലഭിക്കേണ്ടത്. ഈ കാഴ്ച്ചപ്പാട് വര്‍ഗീയതയായും അക്രൈസ്തവമായുമൊക്കെ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവരുണ്ടാകും. എന്നാല്‍ അപരനെ ഇല്ലായ്മചെയ്യുന്ന വര്‍ഗീയതയും ആത്മാഭിമാനമുണര്‍ത്തുന്ന സമുദായബോധവും തികച്ചും വ്യത്യസ്ഥമാണെന്ന വസ്തുത നാം മറക്കരുത്.ഇവയൊക്കെ നീതിക്കും അതിജീവനത്തിനുംവേണ്ടിയുള്ള ക്രൈസ്തവ പോരാട്ട മാണെന്നുള്ള തിരിച്ചറിവ് സമുദായനേതൃത്വത്തിനും സമുദായാംഗങ്ങള്‍ക്കുമുണ്ടായാല്‍ നാം പരാജയപ്പെടില്ല. എന്തനീതിയും സഹിച്ചു കൂടെനില്ക്കുന്നവരെന്ന സല്‍പേരോടെ നശിക്കുന്നതിലും നല്ലത് ആത്മാഭിമാനത്തോടെ ഉറച്ച നിലപാടുകള്‍ സ്വീകരിച്ച് മുന്നേറുന്നതാണ്.
