സ്റ്റാന്‍ സ്വാമിയുടെ പോരാട്ടവഴികള്‍



അര്‍ണാബ് ഗോസ്വാമിയെന്ന റിപ്പബ്ലിക്കല്‍ ടി.വിയുടെ അവതാരകനെ 2020 നവംബര്‍ നാലിനാണ് മുംബൈയിലെ വീട്ടില്‍നിന്നും NIA അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇത് ഒരു രാഷ്ട്രീയ യുദ്ധത്തിനും വന്‍പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി . പല മുന്‍നിര രാഷ്ട്രീയക്കാരും മന്ത്രിമാരുംവരെ അര്‍ണബ് ഗോസ്വാമിയുടെ നീതിക്കായി മുറവിളി കൂട്ടി. 2018-ല്‍ ആത്മഹത്യചെയ്ത അന്‍പേ നായിക്കിന്‍റെ മരണത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് അര്‍ണബ് ഗോസ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ ആ അറസ്റ്റ് പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമായും രാഷ്ട്രീയ കുടിപകയുടെ ഫലമാണെന്നും പലരും മുറവിളി കൂട്ടി. അതേ തുടര്‍ന്ന് സുപ്രീംകോടതിയുടെ ഇടപെടല്‍മൂലം ജാമ്യവും ലഭിച്ചു. എന്നാല്‍ 2020 ആഗസ്റ്റ് 7-ാം തീയതി NIA കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റാന്‍സ്വാമി എന്ന 80 വയസ്സുകാരന്‍റെ അറസ്റ്റില്‍ ഇതുവരെ ഇത്തരത്തിലൊരു പ്രതിഷേധമുയരുകയോ അദ്ദേഹത്തിന് ഗോസ്വാമിക്ക് ലഭിച്ചതുപോലെ നീതി ലഭിക്കുകയോ ഉണ്ടായിട്ടില്ല. ഗോസ്വാമിയെ ജയിലില്‍ വച്ച് ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കി എന്ന് പറഞ്ഞവരാരും മതിയായ തെളിവുപോലുമില്ലാതെ അന്യായമായി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് 80 വയസ്സുകാരന്‍ സ്റ്റാന്‍സ്വാമിയെപ്പറ്റി സംസാരിക്കുന്നില്ല. എന്തിനേറെ, രോഗാവസ്ഥയിലായതിനാല്‍ വെള്ളം കുടിക്കുവാന്‍ ഒരു സ്ട്രോ വേണമെന്ന സ്വാമിയുടെ അഭ്യര്‍ത്ഥന 20 ദിവസത്തേയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സി മാറ്റി വച്ചു. വ്യത്യസ്തമായ രീതിയില്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ ഇടപെട്ട് നീതി നടപ്പാക്കിയ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ എന്തുകൊണ്ട് സ്റ്റാന്‍സ്വാമിയുടെ നീതിയുടെ കാര്യത്തില്‍ മൗനം അവലംബിക്കുന്നു. ഇത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ വീണ്ടും ചോദ്യചിഹ്നത്തിനു മുന്നിലാക്കുന്നു.

ഇത് ഇരട്ടനീതിയല്ലേ?
ഈശോസഭാ വൈദികനായ സ്റ്റാനിസ്ലാവോസ് ലൂര്‍ദ്സ്വാമി എന്ന സ്റ്റാന്‍ സ്വാമി നാല്‍പതു വര്‍ഷത്തിലേറെയായി ആദിവാസികളുടെ അവകാശസംരക്ഷകനാണ്. ബീഹാറിലും ജാര്‍ഖണ്ഡിലുമൊക്കെ ഗോത്രവാസികളെ ഉന്‍മൂലനം ചെയ്യാനുള്ള മാഫിയകള്‍ക്കും കോര്‍പറേറ്റുകള്‍ക്കുമെതിരെയാണ് സ്റ്റാന്‍ സ്വാമിയുടെ തളരാത്ത പോരാട്ടം. കാടിന്‍റെ മക്കളെ കുടിയൊഴിപ്പിച്ച് അവിടം വന്‍ഖനികളാക്കി മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ മനുഷ്യാവകാശത്തിന്‍റെ ശബ്ദം ഉയര്‍ത്തുന്ന 83 കാരനായ പുരോഹിതനെ ഭരണകൂടം ജയിലില്‍ അടച്ചിരിക്കുന്നു.
തമിഴ്നാട്ടിലെ തൃച്ചിനാപ്പള്ളിക്കടുത്ത് വാരാഹ്മൂര്‍ സ്വദേശിയായ ഫാ. സ്റ്റാന്‍ സ്വാമി ആദിവാസികളുടെ ഭൂമി, വനം, തൊഴില്‍ പ്രശ്നങ്ങളില്‍ അവരിലൊരാളായി നിലകൊണ്ട് ഏറെക്കാലമായി ഇടപെടലുകളും വ്യവഹാരങ്ങളും നടത്തിവരികയാണ്.
ദളിത് ആദിവാസി ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച വൈദികന് നിരോധിത സിപിഐ- മാവോയിസ്റ്റ് സംഘടനയുമായും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ച ഭീമ കൊറേഗാവ് കലാപവുമായും ബന്ധമുണ്ടെന്നാണ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ)യുടെ കുറ്റപത്രം.
ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രാത്രി 7.20ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ബാഗെയ്ചയിലുള്ള ഈശോസഭാ ഭവനത്തില്‍നിന്നാണ് വാറന്‍റും വിശദീകരണവുമില്ലാതെ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തു നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലടച്ചിരിക്കുന്നത്.
2017 ഡിസംബര്‍ 31 ന് എല്‍ഗാര്‍ പരിഷദ് എന്ന സംഘടന പുനെയിലെ ശനിവാര്‍ വാഡയില്‍ നടത്തിയ യോഗത്തിനു പിന്നില്‍ നിരോധിത മാവോയിസ്റ്റുസംഘടനയുടെ ഇടപെടലുള്ളതായി പോലീസ് പറയുന്നു. പിറ്റേന്ന് 2018ലെ പുതുവര്‍ഷദിനത്തില്‍ പൂനയിലെ ഷിരൂരില്‍ ഭീമ കൊറേഗാവ് ഗ്രാമത്തിലുണ്ടായ ജാതി കലാപത്തിനു കാരമായത് എല്‍ഗാര്‍ പരിഷദ് സമ്മേളനമാണെന്നും പോലീസ് ആരോപിക്കുന്നു.


1818-ല്‍ മറാഠാ പേഷ്വമാര്‍ക്കെതിരെ ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ ഭീമ കൊറേഗാവില്‍ ദളിതര്‍ പോരാടി വിജയിച്ചതിന്‍റെ ഇരുന്നൂറാം വാര്‍ഷികവേളയില്‍ ഒട്ടേറെ ദളിത് വിഭാഗങ്ങള്‍ പഴയ യുദ്ധഭൂമിയില്‍ സമ്മേളിച്ചിരുന്നു. അന്നുണ്ടായ വര്‍ഗ ലഹളയില്‍ രാഹുല്‍ പതംഗ്ലെ എന്ന യുവാവ് കൊല്ലപ്പെട്ടതിനു പിന്നില്‍ മാവോയിസ്റ്റുകളാന്നാണ് ആരോപണം. രണ്ടു വര്‍ഷം പൂനെ പൊലീസ് അന്വേഷിച്ചതിനുശേഷം നിലവില്‍ ഭരിക്കുന്ന സര്‍ക്കാരിന്‍റെ താല്‍പര്യത്തിലാണ് ഇക്കൊല്ലം ജനുവരിയില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറിയതും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പ്രമുഖര്‍ക്കെതിരെ കേസെടുത്തു വരുന്നതും. ഭീമ കോറേഗാവില്‍ ഒരിക്കല്‍പോലും പോയിട്ടില്ലാത്ത സ്റ്റാന്‍ സ്വാമിയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 28നു രാവിലെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് പോലീസ് സംയുക്തമായി സ്റ്റാന്‍ സ്വാമിയുടെ മുറിയിലെത്തി മൊബൈല്‍ ഫോണും ലാപ്ടോപ്പും പത്ര കട്ടിംഗുകളും സി.ഡികളും പ്രസിദ്ധീകരണങ്ങളും മറ്റും വാനില്‍ കയറ്റിക്കൊണ്ടുപോയിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിക്കാന്‍ തന്‍റെ കംപ്യൂട്ടറില്‍ ചില രേഖകള്‍ പോലീസ് ഉള്‍പ്പെടുത്തിയതായി സ്റ്റാന്‍ സ്വാമി തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ പറഞ്ഞെങ്കിലും അത് വിലപ്പെട്ട തെളിവാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
മുപ്പതിലേറെ വരുന്ന ആദിവാസി വിഭാഗങ്ങളെ ജീവിക്കുന്ന മണ്ണില്‍ നിന്നും കുടിയൊഴിപ്പാക്കാനും അവരെ ചൂഷണം ചെയ്യാനുമുള്ള ഭൂമി ഖനി മാഫിയകളുടെയും കോര്‍പറേറ്റുകളുടെയും നീക്കങ്ങളെ സ്റ്റാന്‍ സ്വാമി എക്കാലവും ചോദ്യം ചെയ്തിരുന്നു. അവരുടെ അവകാശപ്രക്ഷോഭങ്ങളില്‍ അസംഘടിതരായ ആദിവാസികള്‍ക്ക് അഭയവും ആശയവും പിന്തുണയും നല്‍കിപോന്നു.
സായുധ പോരാട്ടമായിരുന്നില്ല, മറിച്ച് ഭരണഘടനയിലെ പൗരാവാകാശങ്ങള്‍ നിയമത്തിന്‍റെയും കോടതിയുടെയും പിന്‍ബലത്തില്‍ നേടിയെടുക്കാനായുള്ള അക്ഷീണ പ്രയത്നമാണ് ഇദ്ദേഹത്തിന്‍റെ ജീവിതം. ദരിദ്രരും ദളിതരുമായ ആദിവാസികള്‍ക്കു നേരെയുള്ള ജന്‍മി മാഫിയ സംഘടിത നീക്കങ്ങളെ ചെറുക്കാന്‍ ജനാധിപത്യപരമായ എല്ലാ സമരങ്ങളിലും സ്റ്റാന്‍ മുന്‍നിരയിലുണ്ടായിരുന്നു. അത്തരത്തില്‍ സ്റ്റാന്‍സ്വാമിയെ നീതിയുടെയും സത്യത്തിന്‍റെയും കരുണയുടെയും കവചം ധരിച്ച ആക്ടിവിസ്റ്റുതന്നെ.

1996ല്‍ യുറേനിയം കോര്‍പറേഷന്‍ ഇന്‍ഡ്യ ലിമിറ്റഡ് ബിഹാറില്‍ ഖനനവുമായി എത്തിയതിനെ വനവാസികള്‍ക്കൊപ്പം ചേര്‍ന്ന് സ്റ്റാന്‍ ചെറുത്തു. ഇതുവഴി ചായ്ബാസയില്‍ നിര്‍മിക്കാനിരുന്ന ടെയ്ലിംഗ് ഡാമിന്‍റെ നിര്‍മാണം നിര്‍ത്തിവയ്പ്പിക്കാനായത് ആയിരക്കണക്കിന് വനവാസികള്‍ക്ക് രക്ഷയായി. അണക്കെട്ട് പണിതിരുന്നുവെങ്കില്‍ ജഡുഗോദയിലെ ചാട്ടികൊച ആദിവാസികളുടെ കിടപ്പാടങ്ങള്‍ അപ്പാടെ മുങ്ങിപ്പോകുമായിരുന്നു. പില്‍ക്കാലത്ത് ബുകാരോ, സന്താള്‍ പര്‍ഗാനാ, കോദര്‍മ പ്രദേശങ്ങളിലെ സമാനമായ സമരങ്ങളിലും ആദിവാസികളുടെ സംരക്ഷകനായി നിലകൊണ്ടിരുന്നു.
ആദിവാസികളെ കുടിയൊഴിപ്പിച്ച് മലകളും വനങ്ങളും പുഴകളും തുരന്നിറങ്ങി ധാതുക്കള്‍ കവര്‍ന്നെടുക്കാനുള്ള തീരുമാനത്തിനെതിരെ നടന്ന സമരങ്ങളില്‍ ഫാദര്‍ സ്വാമി ആദിവാസികളുടെ മുന്‍നിരയിലുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളും മനുഷ്യാവകാശ പരിസ്ഥിതി സംഘടനകളും അച്ചനു പിന്തുണ നല്‍കി. ഒപ്പം സുപ്രീം കോടതിയും ആദിവാസികളുടെ രക്ഷയ്ക്കെത്തി. രാജ്യത്തെ 219 ഖനികളില്‍ 214 എണ്ണവും നിയമവിരുദ്ധമാണെന്നും അടച്ചുപൂട്ടി പിഴ ഈടാക്കണമെന്നും സുപ്രീംകോടതി വിധിച്ചു. എന്നാല്‍ ഇതു വകവയ്ക്കാതെ ഖനനവുമായി മുന്നോട്ടുനീങ്ങിയപ്പോള്‍ ധീരമായ ചെറുത്തു നില്‍പ്പുമായി സ്റ്റാന്‍ സ്വാമി തളരാതെ സമരഭൂമിയില്‍ നിലകൊണ്ടതോടെ ഇദ്ദേഹം മാഫിയകളുടെ കണ്ണിലെ കരടായി മാറി.
ജാര്‍ഖണ്ഡില്‍ മാവോയിസവും നസ്കസലിസവും വളര്‍ന്നപ്പോള്‍ 2010ല്‍ നക്സലൈറ്റ് ബന്ധം ആരോപിച്ചു മൂവായിരത്തോളം ആദിവാസി യുവാക്കളെ വിചാരണയില്ലാതെ തടവിലാക്കിയ സംഭവത്തില്‍ സ്റ്റാന്‍ നടത്തിയ പോരാട്ടം ദേശീയ തലത്തില്‍ ശ്രദ്ദേയമായി. ഈ പശ്ചാത്തലത്തില്‍ ഫാ. സ്റ്റാന്‍ സ്വാമി എഴുതിയ ‘ദ ട്രൂത്ത് ഓഫ് അണ്ടര്‍ ട്രയല്‍സ്’ എന്ന പുസ്തകം ജാര്‍ഖണ്ഡിലെ മനുഷ്യാവകാശലംഘനങ്ങള്‍ പുറംലോകത്ത് അറിയിക്കാന്‍ സഹായകരമായി.
അറസ്റ്റ് ചെയ്തതില്‍ 98 ശതമാനം ആദിവാസി യുവാക്കള്‍ക്കും മാവോയിസ്റ്റുകളുമായി ഒരു ബന്ധവുമില്ലെന്നും ഇദ്ദേഹം പുസ്തകത്തില്‍ പറയുന്നു.
ഈ യുവാക്കള്‍ക്ക് അയ്യായിരം രൂപ തികച്ചു വാര്‍ഷിക വരുമാനമില്ലെന്നിരിക്കെ കേസ് വാദിക്കാന്‍ അഭിഭാഷകരെപ്പോലും ഏര്‍പ്പാടാക്കാന്‍ കഴിയാതെ അനന്ത കാലത്തോളം ജയിലില്‍ കിടക്കുമെന്ന പുസ്തകത്തിലെ പരാമര്‍ശം ഭരണക്കാരെ ചൊടിപ്പിച്ചു. വിചാരണത്തടവുകാരെ വ്യക്തിഗത ബോണ്ടിനുമേല്‍ മോചിപ്പിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ഈ വൈദികന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കി. ഒപ്പം വിചാരണ താമസിക്കാനുള്ള കാരണങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
ആദിവാസികളുടെ പുരോഗതിക്കും വികസനത്തിനും ആവശ്യമായ കാര്യങ്ങള്‍ അധികാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ആദിവാസികള്‍ മാത്രം അംഗങ്ങളായ ട്രൈബല്‍ അഡ്വൈസറി കൗണ്‍സില്‍ രൂപീകരിക്കണമെന്ന ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിലെ അനുശാസനം നടപ്പിലാക്കാത്തതിനെയും മുന്‍പ് സ്റ്റാന്‍ സ്വാമി ചോദ്യം ചെയ്തിരുന്നു. അവകാശങ്ങള്‍ക്കായി ആദിവാസികളെ സംഘടിപ്പിച്ചു ഇദ്ദേഹം നയിച്ച സമരം 2017 ല്‍ പതല്‍ഗുഡി അവകാശ പ്രസ്ഥാനമായി ജാര്‍ഖണ്ഡില്‍ ശക്തിപ്പെടുകയും ചെയ്തു.
തലമുറകളായി താമസിക്കുന്ന കിടപ്പാടത്തിന് പട്ടയം ആവശ്യപ്പെട്ട് 2006നും 2011നുമിടെ 30 ലക്ഷം അപേക്ഷകള്‍ സമര്‍പ്പിക്കുകയും 11 ലക്ഷംപേര്‍ക്ക് പട്ടയം ലഭിക്കുകയും ചെയ്തു. 14 ലക്ഷം അപേക്ഷകള്‍ തള്ളുകയും അഞ്ചു ലക്ഷം തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയും ചെയ്തപ്പോഴും അച്ചന്‍ ഇടപെടലുകള്‍ നടത്തി.
ആദിവാസികളെ കുടിയൊഴിപ്പിച്ച് ഭൂമി കൈവശപ്പെടുത്താന്‍ സര്‍ക്കാര്‍ ലാന്‍റ് അക്വിസിഷന്‍ ആക്റ്റ് ഭേദഗതി ചെയ്ത തീരുമാനത്തെയും ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ലാന്‍ഡ് ബാങ്കുകള്‍ സ്ഥാപിക്കാന്‍ നീക്കം നടത്തിനെയും ചോദ്യം ചെയ്തു.
നീതി തേടിയുള്ള അവകാശ പോരാട്ടത്തില്‍ ധീരമായ നിലപാടുകളുള്ള സ്റ്റാന്‍ സ്വാമി സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും കണ്ണിലെ കരടായി മാറിയതിനെത്തുടര്‍ന്നാണ് ആരോപണങ്ങള്‍ കെട്ടിച്ചമച്ചുള്ള അറസ്റ്റ്.
ഭീമ കൊറേഗാവ് പ്രക്ഷോഭത്തില്‍ പങ്കില്ലെന്ന് 2018 ല്‍ മുംബൈ ഹൈക്കോടതിയില്‍ സ്റ്റാന്‍ സ്വാമി നല്‍കിയ മൊഴികളെ വകവയ്ക്കാതെയാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ഐഎന്‍എയുടെ 15 മണിക്കൂര്‍ നീണ്ട വിശദമായ ചോദ്യം ചെയ്യലിനു പിന്നാലെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ക്കിന്‍സന്‍സ് രോഗിയായ വയോധികനെ ജയിലില്‍ അടച്ചത്. എല്‍ഗാര്‍ പരിഷത്ത്, ഭീമ കൊറേഗാവ് സംഭവങ്ങളില്‍ ഇതോടകം അറസ്റ്റിലായവര്‍ക്കെല്ലാം നിരോധിതസംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ ആരോപണം.
ഫാ. സ്റ്റാന്‍ സ്വാമിയെ കൂടാതെ, സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്പൂരിലെ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങ്, ഡല്‍ഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബു തുടങ്ങി ഏതാനും പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി റാഞ്ചി രൂപതയും മനുഷ്യാവകാശ സംഘടനകളും ഈശോസഭയും ഉള്‍പ്പെടെ ദേശവ്യാപകമായ പ്രതിഷേധം തുടരുകയാണ്. ഫാ. സ്റ്റാന്‍ ഉള്‍പ്പെടെ പൗരവകാശ പ്രവര്‍ത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നന്നു യുഎന്‍ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലിന്‍റെ പ്രസ്താവന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളുകയും ഇന്ത്യ സ്വതന്ത്ര ജുഡീഷ്യറിയും നിയമസംവിധാനവുമുള്ള രാജ്യമാണെന്നാണ് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply