സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞതില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കൊവിഡ് ചികിത്സ തുടക്കം മുതല്‍ സൗജന്യമായുള്ളത്. അങ്ങനെ സൗജന്യമായുള്ള സംസ്ഥാനത്ത് കൊവിഡിനെ പ്രതിരോധിക്കാനുള്ള കുത്തിവയ്പ്പിന്റെ പൈസ ഇങ്ങ് പോരട്ടെ എന്ന് സംസ്ഥാനം വയ്ക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രതിപക്ഷത്തിന് വേറൊന്നും പറയാനില്ലാഞ്ഞിട്ട് ആരോപണം ഉന്നയിക്കുന്നതാണ്. സൗജന്യ ചികിത്സയുടെ ഭാഗമാണ് കുത്തിവയ്പ്പും. അതില്‍ ഒരു പെരുമാറ്റ ചട്ട ലംഘനവുമില്ല. നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സൗജന്യ ചികിത്സയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടും. ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുന്‍പ് ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ ശക്തികളും ഒന്നിച്ച് എല്‍ഡിഎഫിനെ നേരിടാന്‍ തയാറെടുക്കുകയും അതിന് ആവശ്യമായ എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തു കൊടുക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.
എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കാമെന്നും ഉലച്ചു കളയാമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. പക്ഷേ 16 ാം തിയതി വോട്ട് എണ്ണുമ്പോള്‍ മനസിലാകും ആരാണ് ഉലഞ്ഞത്, ആരാണ് ക്ഷീണിച്ചതെന്ന്. ഐതിഹാസിക വിജയമാണ് എല്‍ഡിഎഫ് നേടാന്‍ പോകുന്നത്. അതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കില്‍ അവര്‍ക്ക് കടക്കാം. ഇതുവരെ വോട്ട് ചെയ്തവര്‍ വലിയ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ജയിക്കില്ലായെന്ന് പലരും കരുതിയിരുന്ന പ്രദേശങ്ങളില്‍ പോലും ഇത്തവണ എല്‍ഡിഎഫ് വിജയിക്കും. ജനങ്ങള്‍ കള്ളങ്ങളോളും നുണകളോടും എങ്ങനെ പ്രതികരിക്കുമെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
