തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തില്‍ നാല് വടക്കന്‍ ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക്

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തില്‍ നാല് വടക്കന്‍ ജില്ലകള്‍ പോളിംഗ് ബൂത്തുകളിലേക്ക്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മോക്ക് പോളിംഗ് പൂര്‍ത്തിയാക്കി രാവിലെ വോട്ടെടുപ്പ് ആരംഭിക്കുമ്ബോള്‍ തന്നെ നാല് ജില്ലകളിലേയും ഭൂരിപക്ഷം പോളിംഗ് ബൂത്തുകളിലും ചെറിയ ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. 90 ലക്ഷം വോട്ടര്‍മാരാണ് വൈകിട്ട് ആറ് മണി വരെ നടക്കുന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്.

കഴിഞ്ഞ പ്രാവശ്യം 4 ജില്ലകളിലായി 79.75 ആയിരുന്നു ശരാശരി. 77.76 ആണ് സംസ്ഥാന ശരാശരി. ഇത് ഇത്തവണ മറികടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഏറ്റവും കൂടുതല്‍ പ്രശ്നബാധിതബൂത്തുകളുള്ള മേഖലയാണ് ഇന്ന് പോളിംഗിലേക്ക് പോകുന്നത്. കണ്ണൂരില്‍ മാത്രം 785 പ്രശ്നബാധിതബൂത്തുകളുണ്ട്. അതിനാല്‍ത്തന്നെ കനത്ത സുരക്ഷയാണ് ജില്ലയില്‍ എമ്ബാടും ഒരുക്കിയിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ വിഐപി വോട്ടര്‍മാര്‍ വോട്ടു ചെയ്യാന്‍ എത്തുന്നതും ഇന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, ഇപി ജയരാജന്‍, എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെകെ ശൈലജ, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരെല്ലാം ഇന്ന് വോട്ട് ചെയ്യും.

Leave a Reply