കുട്ടികള്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനുള്ള കാരണങ്ങള്‍

കുട്ടികള്‍ ലഹരിക്കു പിന്നാലെ പോകുന്നതിന് കാരണങ്ങള്‍ പലതാണ്. പലപ്പോഴും ഇത്തരം ലഹരിവസ്തുക്കളുടെ ദോഷങ്ങളെ ലഘൂകരിച്ചു കണ്ട് വെറുതേ ഒരു രസത്തിനുവേണ്ടി മാത്രം അല്ലെങ്കില്‍ മറ്റു കൂട്ടുകാര്‍ ഉപയോഗിക്കുന്നതിന്‍റെ കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോകാതിരിക്കാന്‍വേണ്ടി ഉപയോഗിക്കുന്നവരും വളരെക്കൂടുതലാണ്. അത് തുടര്‍ന്നുപോകാനോ ശീലമാക്കാനോ ഇക്കൂട്ടര്‍ക്ക് താത്പര്യമുണ്ടാവില്ല. പക്ഷേ, പിന്നീട് അവര്‍ ലഹരിക്ക് അടിമകളാവുന്നതായും കാണപ്പെടുന്നുണ്ട്.
ജീവിതത്തിലുണ്ടാകുന്ന പിരിമുറുക്കങ്ങള്‍, ദുരനുഭവങ്ങള്‍, നിരാശാബോധം തുടങ്ങിയ കാരണങ്ങള്‍ ചില കുട്ടികളെ ലഹരിയുപയോഗമെന്ന ദുശ്ശീലത്തിന്‍റെ അനിവാര്യതയിലേക്ക് തള്ളിവിടുകയും ലഹരിക്കടിപ്പെടുന്ന അവസ്ഥയിലേക്കെത്തിക്കുന്ന അപകടകരമായ സ്ഥിതിയിലേക്ക് വഴുതിവീഴുന്നതിനും കാരണമാകുന്നു. കുട്ടികള്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചുതുടങ്ങുവാന്‍ പ്രധാനമായും മൂന്നു കാരണങ്ങളാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
1. ആകാംക്ഷ : പണ്ട് ബീഡിയും സിഗററ്റുമൊക്കെയായിരുന്നു കുട്ടികള്‍ ആകാംക്ഷമൂലം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ വഴിയും കൂട്ടുകാര്‍ മുഖേനയും കുട്ടികള്‍ ലഹരി മരുന്നുകളെക്കുറിച്ചറിയുന്നു. ഒരുപക്ഷേ, ഇത്തരം മരുന്നുകളെക്കുറിച്ച് അവര്‍ക്കു ലഭിക്കുന്ന അറിവ് അവരില്‍ ലഹരി ഉപയോഗിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നതാവാം. എട്ടു മുതല്‍ പതിനെട്ടു വയസ്സുവരെയുള്ള കുട്ടികളില്‍ എഴുപതു ശതമാനം പേര്‍ ഒരിക്കലെങ്കിലും ലഹരി ഉപയോഗിച്ചവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. യു.പി. ക്ലാസ് മുതല്‍ കൗതുകത്തിന്‍റെ പേരില്‍ ലഹരി ഉപയോഗിച്ച കുട്ടികള്‍ ഉണ്ടെന്നാണറിവ്. എന്‍റെ മകന്‍ ഹയര്‍ സെക്കന്‍ററിയില്‍ പഠിച്ചിരുന്ന സമയത്ത് അവന്‍റെ ക്ലാസില്‍ പഠിച്ചിരുന്ന ചില കുട്ടികള്‍ പുകയിലയുത്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി അവന്‍ എന്നോടു പറഞ്ഞു. ഇക്കാര്യം അന്ന് സ്കൂള്‍ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവര്‍ കാര്യമായെടുത്തില്ല.
2. സമ്മര്‍ദ്ദം : കൂട്ടുകാരുടെ സമ്മര്‍ദ്ദംമൂലവും ലഹരി ഉപയോഗിച്ചുതുടങ്ങുന്ന കുട്ടികളുണ്ട്. ഞാന്‍ എക്സൈസ് കമ്മീഷണറായി ജോലി ചെയ്ത മൂന്നുവര്‍ഷക്കാലത്ത് അറുനൂറ്റിയെണ്‍പതിലധികം സ്കൂള്‍ / കോളേജുകളില്‍ ബോധവത്കരണക്ലാസെടുക്കാന്‍ ചെന്നപ്പോള്‍ എനിക്കു മനസ്സിലായത് സീനിയറായ കുട്ടികളും പഠനം കഴിഞ്ഞുപോയ കുട്ടികളും നല്ല രീതിയില്‍ ലഹരിവസ്തുക്കള്‍ കൊണ്ടുവന്ന് വിതരണം നടത്താറുണ്ടെന്നാണ്. ഹോസ്റ്റലുകളിലും ടോയ്ലറ്റുകളിലും ഉപയോഗിക്കുന്നതിനെക്കാള്‍ അധികം ക്ലാസ്മുറികളില്‍ത്തന്നെയാണ് കുട്ടികള്‍ കൂടുതലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത്. ഇവരെ നിയന്ത്രിക്കുന്നതില്‍ അധ്യാപകര്‍ പലപ്പോഴും പരാജിതരാവുന്നു. കര്‍ശനനിയമന്ത്രണങ്ങളൊന്നും സ്കൂളധികൃതര്‍ ഏര്‍പ്പെടുത്താത്തതുകാരണം എപ്പോള്‍ വേണമെങ്കിലും പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പ്രവേശിക്കാം. പൂര്‍വവിദ്യാര്‍ത്ഥികള്‍ വഴിയും നല്ലൊരു ശതമാനം ലഹരിമരുന്നിന്‍റെ വിതരണം സ്കൂളുകളില്‍ നടക്കുന്നുണ്ട്.
3. പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതുമൂലവും മറ്റുമുള്ള മാനസികപിരിമുറുക്കങ്ങള്‍ : കൂടുതല്‍ മാര്‍ക്ക് വാങ്ങിക്കാന്‍ കുട്ടികളെ നിരന്തരം നിര്‍ബന്ധിക്കുമ്പോള്‍ അത് കുട്ടികളില്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിനു കാരണമാവുന്നു. മാതാപിതാക്കളുടെ ഭാവനയ്ക്കനുസരിച്ച് എത്തിപ്പെടാന്‍ കുട്ടികള്‍ക്ക് ചിലപ്പോള്‍ കഴിഞ്ഞെന്നുവരില്ല. അതിരാവിലെ മുതല്‍ രാത്രി ഏഴോ എട്ടോ മണിവരെ നീളുന്ന പഠനം കുട്ടിയില്‍ മാനസികപിരിമുറുക്കം സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ മാനസികസമ്മര്‍ദത്തിനിരയാവുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാനോ കൂടുതല്‍ മാര്‍ക്ക് വാങ്ങിക്കാനോ കഴിഞ്ഞെന്നുവരില്ല. ചില കുട്ടികളില്‍ വീട്ടിലെ അന്തരീക്ഷം ചീത്ത കൂട്ടുകെട്ടിലേക്കും മയക്കുമരുന്നിന്‍റെയും മദ്യത്തിന്‍റെയും ഉപയോഗത്തിലേക്കും നയിക്കുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് കുട്ടികളുടെ മനസ്സിനെ തെല്ലൊന്നുമല്ല ഉലയ്ക്കുക. നിത്യവും മദ്യപിച്ച് വീട്ടില്‍ വരുന്ന അച്ഛനും ഇതുകണ്ട് ദിവസവും വഴക്കിടുന്ന അമ്മയും സമാധാനാന്തരീക്ഷം ഉണ്ടാക്കില്ലെന്നു തീര്‍ച്ചയാണ്. ചില കുട്ടികളെ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാതെവരുന്നു. ശരിയായ രീതിയില്‍ ന്യൂറോണുകളുടെ കണക്ഷനുകള്‍ ക്രമപ്പെടുന്നതില്‍ സാഹചര്യങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. ജനിതകമായി ലഭിക്കുന്ന ഘടകങ്ങളോടൊപ്പം ഉദാത്തമായ സാഹചര്യങ്ങള്‍കൂടി ചേരുമ്പോഴാണല്ലോ വൈകൃതമില്ലാത്ത സ്വഭാവം രൂപപ്പെടുന്നത്.
ലഹരിമരുന്ന് ഉപയോഗിക്കുന്ന വിധം
പ്രധാനമായും മൂക്കിലൂടെ വലിച്ചെടുക്കുക, ചവയ്ക്കുക, ഇന്‍ജക്ഷന്‍ വഴി, ഗുളികരൂപത്തില്‍ തുടങ്ങിയ രീതികളിലൂടെയാണ് ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നത്. മൂക്കിലൂടെ നേരിട്ട് ഉപയോഗിക്കുമ്പോള്‍ മൂക്കിന് തകരാറുണ്ടാവുന്നു. ഇന്‍ജക്ഷന്‍ മുഖേന ഉപയോഗിക്കുന്നവര്‍ക്ക് സൂചിവഴി പകരുന്ന ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി, ടെറ്റനസ്, എച്ച്.ഐ.വി. മുതലായ രോഗങ്ങള്‍ പകരുന്നു. വായിലുണ്ടാവുന്ന കാന്‍സറിന് പ്രധാന കാരണം ലഹരിമരുന്നുകളുടെ ഉപയോഗമാണ്.
കുട്ടികളിലുണ്ടാവുന്ന മാറ്റങ്ങള്‍
ടീച്ചര്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കുക, ഇടയ്ക്കിടയ്ക്ക് ടോയ്ലറ്റില്‍ പോകണമെന്നു പറയുക, ശരീരം തളരുക, നിസ്സാരകാര്യത്തിന് ഉറക്കെ സംസാരിക്കുക, ദേഷ്യം പ്രകടിപ്പിക്കുക, സുഹൃത്തുക്കളോട് സംസാരിക്കാതിരിക്കുക, കുട്ടിയുടെ പഠനനിലവാരം കുറയുക, ഉറക്കം കുറയുക, ലഹരിമരുന്ന് കിട്ടാത്തതുകൊണ്ട് ടീച്ചറിനോട് ആവശ്യമില്ലാതെ ക്ഷോഭിക്കുക മുതലായവയെല്ലാം ടീച്ചര്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.
അമിത വികൃതി അഥവാ ഹൈപ്പര്‍ ആക്ടീവ് ഡിസോഡര്‍, പഠനവൈകല്യം തുടങ്ങിയ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും ശാസ്ത്രീയമായ രീതിയില്‍ അവ പരിഹരിക്കുന്നതിനും തയ്യാറാവണം. പഠനനിലവാരം താഴാനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ, എപ്പോഴും പഠിക്ക്, പഠിക്ക് എന്നു പറഞ്ഞ് സമ്മര്‍ദ്ദപ്പെടുത്തുവാന്‍ പാടില്ലതന്നെ.

ഋഷിരാജ് സിങ് (മുൻ എക്‌സൈസ് കമ്മീഷണർ)