സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും തുറക്കുന്നു എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകൾ മാർച്ച് 17 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ ധാരണയായത്. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുത്തു.

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കും. മാര്‍ച്ച്‌ 17 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുക.

ഒന്‍പത് മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്

ഒന്‍പത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വണ്‍ ക്ലാസുകളുടെ കാര്യത്തിലും പിന്നീടേ തീരുമാനിക്കൂ.

പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൊതുപരീക്ഷയുണ്ടായിരിക്കും. പരീക്ഷയ്‌ക്ക് തയ്യാറാകേണ്ടതിനാലാണ് ജനുവരി ആദ്യ വാരത്തില്‍ പത്ത്, പ്ലസ് ടു ക്ലാസുകള്‍ തുടങ്ങാന്‍ ആലോചിക്കുന്നത്.

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണ് സൂചന. ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ എല്ലാവര്‍ക്കും ഓള്‍പാസ് നല്‍കിയേക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒന്‍പതാം ക്ലാസ് വരെയുള്ളവര്‍ക്ക് സ്‌കൂളുകളില്‍ അധ്യയനം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തല്‍..

കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ത്ഥികളെ വെച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും. കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ എണ്ണം ഭാഗിച്ച്‌ പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

Leave a Reply