കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്ന് കോടതി അറിയിച്ചു. എറണാകുളം ജില്ല വിട്ട് പോകരുതെന്നും പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ആരോഗ്യസ്ഥിതി അതീവഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്‍റെ ആവശ്യം. ആരോഗ്യ പ്രശ്നം കണക്കിലെടുത്ത് ജാമ്യം അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചില്ല. നേരത്തെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി, ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നല്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പുതിയ ജാമ്യ ഹര്‍ജി നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.

