ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനല്‍; ആദ്യ ഐസിസി കിരീടത്തിനായി കോലി

ക്യാപ്റ്റന്‍മാരുടെ പോരാട്ടം കൂടിയാണ് സതാംപ്‌ടണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനല്‍. നായകനായി ആദ്യ ഐസിസി കിരീടം തേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇറങ്ങുമ്ബോള്‍ ദൗര്‍ഭാഗ്യം കൊണ്ട് നഷ്ടപ്പെട്ട ഏകദിന ലോക കിരീടത്തിന്‍റെ നിരാശ മറക്കുകയാണ് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ ലക്ഷ്യം.ഇത് ക്യാപ്റ്റന്മാരുടെ പോരാട്ടമെന്ന് ഇയാന്‍ ബോത്തം, ഇയാന്‍ ചാപ്പല്‍, ഷെയ്‌ന്‍ വോണ്‍ എന്നീ ഇതിഹാസങ്ങള്‍ പറയുന്നു.

ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാമതുള്ള കെയ്ന്‍ വില്യംസണും നാലാം സ്ഥാത്തുള്ള വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനല്‍. 2008ല്‍ 19 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പ് സെമിയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ കോലിയും വില്യംസണുമായിരുന്നു നായകര്‍. അന്നുമുതലുള്ള പരിചയമുണ്ട് ഇരുവര്‍ക്കും.

ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയേയും തറപറ്റിച്ചതിന്‍റെ ചരിത്രമുണ്ടെങ്കിലും പ്രധാന ഐസിസി കിരീടം കോലിക്ക് അകലെയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഐപിഎല്‍ ജേതാക്കളാക്കുന്നതും സ്വപ്നമായി അവശേഷിക്കുന്നു. ഈ കളങ്കങ്ങള്‍ തീര്‍ക്കാനാണ് വിരാടിന്‍റെ തയ്യാറെടുപ്പ്.

സ്റ്റീഫന്‍ ഫ്ലെമിംഗിന് ശേഷം കിവികളെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ ജയിപ്പിച്ചതിന്‍റെ റെക്കോഡുള്ള വില്യംസനും കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒമ്പതിൽ ആറു ജയവുമായാണ് കിവീസ് നായകന്‍ ഇംഗ്ലണ്ടിലെത്തിയത്. പൊതുവെ ശാന്തപ്രകൃതനായ വില്യംസനും കടന്നാക്രമണ സ്വഭാവമുള്ള കോലിയും കൊമ്ബുകോര്‍ക്കുമ്ബോള്‍ ക്യാപ്റ്റന്‍സിയുടെ വിലയിരുത്തല്‍ കൂടിയാകുകയാണ് സതാംപ്‌ടണിലെ ചരിത്ര ടെസ്റ്റ്.

സതാംപ്ടണില്‍ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ശേഷം 2.30നാണ് ടോസ് ഇടുക. മൂന്ന് മണിക്ക് മത്സരം തുടങ്ങും. വിജയികള്‍ക്ക് 12 കോടി രൂപയാണ് സമ്മാനത്തുക. അഞ്ച് ദിവസവും മഴ മുന്നറിയിപ്പുള്ള റോസ്‌ബൗളില്‍ അധികമായി റിസര്‍വ് ദിനവും അനുവദിച്ചിട്ടുണ്ട്. മത്സരം മഴ കൊണ്ടുപോയാല്‍ കിരീടം ഇന്ത്യയും ന്യൂസിലന്‍ഡും പങ്കിടും.