വാക്‌സിൻ സ്വീകരിക്കുന്നത് ജീവകാരുണ്യ പ്രവൃത്തി; തയാറെടുത്ത് പാപ്പയും പാപ്പാ എമരിത്തൂസും

വത്തിക്കാൻ സിറ്റി: കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ഫ്രാൻസിസ് പാപ്പയും പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമനും തയാർ. വത്തിക്കാനിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരുടെ ആദ്യ ഗണത്തിൽ 94 വയസുകാരൻ ബെനഡിക്ട് 16-ാമനും ഉൾപ്പെടും. അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറി ബിഷപ്പ് ജോർജ് ഗാൻസ്വയ്‌നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് വാക്‌സിന്റെ ലഭ്യത അനുസരിച്ചായിരിക്കും സ്വീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്‌സിൻ സ്വീകരിക്കുമെന്ന വിവരം ദിവസങ്ങൾക്കുമുമ്പാണ് ഫ്രാൻസിസ് പാപ്പ അറിയിച്ചത്. പ്രമുഖ മാധ്യമത്തിന് അഭിമുഖം നൽകവേ പാപ്പതന്നെ ഇക്കാര്യം പങ്കുവെക്കുകയായിരുന്നു. സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്ന ഓർമപ്പെടുത്തലോടെ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും പാപ്പ പറഞ്ഞു. ‘കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ടത് ധാർമികമായ ആവശ്യമാണ്. എന്തുകൊണ്ടെന്നാൽ, ആരോഗ്യവും ജീവിതവുംകൊണ്ട് നിങ്ങൾ ചൂതാട്ടം നടത്തുന്നത് മറ്റുള്ളവരുടെ ജീവിതംകൂടി ചൂതാട്ടത്തിന് വിധേയമാക്കുന്നതിന് തുല്യമാകും,’ പാപ്പ കൂട്ടിച്ചേർത്തു.

ജനുവരി പകുതിക്കുശേഷം വത്തിക്കാനിൽ വാക്‌സിൻ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വത്തിക്കാനിലെ ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവർക്കുമാണ് വാക്‌സിൻ ആദ്യം നൽകുന്നത്. ബെനഡിക്ട് 16-ാമൻ താമസിക്കുന്ന മാറ്റർ എക്ലേസിയയിലെ എല്ലാവരും വാക്‌സിൻ സ്വീകരിക്കുമെന്നും ബിഷപ്പ് ഗാൻസ്വയ്ൻ അറിയിച്ചു. അതേസമയം, കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന ആഹ്വാനവുമായി പ്രോലൈഫ് പ്രവർത്തകരും സഭാനേതൃത്വവും രംഗത്തെത്തിയതും ശ്രദ്ധേയമായി.

കൊറോണ വൈറസിനെതിരെ വാക്‌സിൻ സ്വീകരിക്കുന്നത് സമൂഹത്തിലെ മറ്റുള്ളവരോടുള്ള ജീവകാരുണ്യ പ്രവർത്തനമായി ഉൾക്കൊള്ളണമെന്ന് അമേരിക്കയിലെ കത്തോലിക്കാ മെത്രാൻ സമിതി വ്യക്തമാക്കി. കോവിഡ് വാക്‌സിൻ ദൈവത്തിന്റെ ഒരു സമ്മാനമാണെന്ന്, പ്രോ ലൈഫ് നേതൃനിരയിൽ പ്രവർത്തിക്കുന്ന റോബർട്ട് ജെഹ്രസ് പറഞ്ഞു. മഹാമാരിയിൽനിന്ന് രക്ഷപെടാൻ ദൈവത്തോട് സഹായം ചോദിക്കുകയും അതേസമയം വാക്‌സിൻ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply