ന്യൂനപക്ഷ വിവേചനം: ഹൈക്കോടതി വിധി സർക്കാർ വേഗം നടപ്പിലാക്കണമെന്നു മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍

ന്യൂനപക്ഷ അവകാശങ്ങളെല്ലാം നീതിപൂര്‍വം വിതരണം ചെയ്യണമെന്നും ഹൈക്കോടതി വിധി വേഗം നടപ്പിലാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി മറികടക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല.

സര്‍ക്കാര്‍ ആരുടെയും സമ്മര്‍ദത്തിനു വഴങ്ങരുതെന്നും തുല്യനീതി ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പുവരുത്തുമ്പോള്‍ മത, സമുദായ ഐക്യം വര്‍ധിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു. അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, അമല്‍ സിറിയക്, ഡോ. ചാക്കോ കാളംപറമ്പില്‍ എന്നിവര്‍ വിഷയാവതരണം നടത്തി.ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായി വിവിധ സംഘടനകളും ഇതര സഭാ വിഭാഗങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ നേതൃസമ്മേളനം തീരുമാനിച്ചു.

ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെ കത്തോലിക്ക കോണ്‍ഗ്രസ് അഭിനന്ദിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് ജോസഫ്, ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഡോ. കെ.പി. സാജു, തോമസ് ആന്റണി, ജോര്‍ജ് കോയിക്കല്‍, ജോസ് പുതിയിടം, ഇമ്മാനുവേല്‍ നിധീരി, അഡ്വ. പി.പി. ജോസഫ്, അഡ്വ. ബിജു കുണ്ടുകുളം, തമ്പി എരുമേലിക്കര, പി.വി. പത്രോസ്, ഫ്രാന്‍സിസ് മൂലന്‍, ജോമി ഡോമിനിക് എന്നിവര്‍ പ്രസംഗിച്ചു.