അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ , ചൈനീസ് സൈനികരെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ . സിക്കിമിലെ നാകുലയിലാണ് മൂന്നു ദിവസം മുന്‍പ് പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചൈനീസ് കടന്നു കയറ്റത്തെ ഇന്ത്യന്‍ സൈനികര്‍ ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ രേഖ മുറിച്ചുകടന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഇന്ത്യന്‍ സൈന്യം ചെറുക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. സായുധമായ ഏറ്റുമുട്ടല്‍ ആയിരുന്നില്ല എന്നാണ് സൂചന. പ്രദേശത്ത് ഇപ്പോള്‍ സൈന്യം ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മേഖലയിലെ അന്തരീക്ഷം സമാധാനപരമാണെന്നും സൈന്യം പറഞ്ഞു.

Leave a Reply