യെരെവാൻ: സംഘർഷസാധ്യത തുടരുന്ന അർമേനിയ, ജോർജിയ, അസർബൈജാൻ എന്നീ രാജ്യങ്ങളിൽ സമാധാനത്തിന്റെ സന്ദേശമേകാൻ ഫാത്തിമാ നാഥയുടെ ‘തീർത്ഥാടന ചിത്രം’ പര്യടനത്തിനെത്തുന്നു. കരിക്കടലിനും കാസ്പിയൻ കടലിനും ഇടയിയിലെ കൗകാസസ് റീജ്യണിൽ ഉൾപ്പെടുന്ന, സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ രാജ്യങ്ങൾ ആദ്യമായി ഫാത്തിമാ നാഥയെ വരവേൽക്കാനൊരുങ്ങുന്നു എന്നതും പര്യടനത്തെ സവിശേഷമാക്കുന്നു. സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിലാണ് ചരിത്രപ്രാധാന്യം ഏറെയുള്ള മരിയൻ പര്യടനം ക്രമീകരിച്ചിരിക്കുന്നത്.
അർമേനിയയിലെയും ജോർജിയയിലെയും അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ഹൊസെ ബെറ്റെൻകോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്നുകൊണ്ടാവും മൂന്ന് രാജ്യങ്ങളിലെ വിവിധ ഇടവകകളിലൂടെയും വിശ്വാസീസമൂഹങ്ങളിലൂടെയും പരിശുദ്ധ അമ്മയുടെ ചിത്രം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പ നടത്തിയ അഭ്യർത്ഥനയോടുള്ള പ്രതികരണമായാണ് സഭാനേതൃത്വം മരിയൻ പ്രയാണം സംഘടിപ്പിക്കുന്നത്.
ഫാത്തിമയിലെ മരിയൻ പ്രത്യക്ഷീകരണത്തിന് സാക്ഷിയായ സിസ്റ്റർ ലൂസിയയുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ഫാത്തിമാ നാഥയുടെ ചിത്രം ആദ്യമായി തയാറാക്കിയത്. പോർച്ചുഗലിലെ ലെയിരിയ രൂപതയുടെ മേൽനോട്ടത്തിൽ തയാറാക്കിയ തിരുരൂപത്തിന്റെ കിരീടധാരണം 1947 മേയ് 13ന് ഇവോര അതിരൂപതാധ്യക്ഷനാണ് നിർവഹിച്ചത്. അന്നേ ദിനം മുതൽ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമേകാൻ പ്രസ്തുത ചിത്രവുമായി അദ്ദേഹം വിവിധ രാജ്യങ്ങളിലെത്തി. ‘തീർത്ഥാടന ചിത്രം’ വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രം അതിനകം വിവിധ ഭൂഖണ്ഡങ്ങളിലെ 64 രാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്.
‘തീർത്ഥാടന ചിത്ര’ത്തിന്റെ പര്യടനം ഇനി അസാധാരണ സാഹചര്യങ്ങളിൽ മാത്രം മതി എന്ന തീരുമാനത്തോടെ 2000ൽ ഫാത്തിമയിലെ ഔർ ലേഡി ഓഫ് റോസറി ബസിലിക്കയിൽ ചിത്രം പ്രതിഷ്ഠിക്കുകയായിരുന്നു. പിന്നീട് ചുരുക്കം സാഹചര്യങ്ങളിൽ മാത്രം പര്യടനത്തിന് ഒരുക്കിയിട്ടുള്ള തീർത്ഥാടന ചിത്രമാണ് അർമേനിയ, ജോർജിയ, അസർബൈജാൻ എന്നിവടങ്ങളിൽ സന്ദർശനത്തിനെത്തിക്കുന്നത്. നിരന്തരമായ അഭ്യർത്ഥനകളെ തുടർന്ന് തീർത്ഥാടന ചിത്രത്തിന്റെ മാതൃകയിൽ തയാറാക്കിയ 13 മരിയൻ ചിത്രങ്ങൾ ഇപ്പോൾ വിവിധ ഭൂഖണ്ഡങ്ങളിൽ പര്യടനം നടത്തുന്നുണ്ട്.
