പിതൃഹൃദയത്തോടെ ;മാര്‍പാപ്പയുടെ ഏറ്റവും പുതിയ അപ്പസ്തോലികലേഖനം

ആഗോളസഭയുടെ മധ്യസ്ഥനായി മാര്‍ യൗസേപ്പിനെ പുണ്യസ്മരണാര്‍ഹനായ ഒന്‍പതാം പീയൂസ് പാപ്പ പ്രഖ്യാപിച്ചതിന്‍റെ (ഝ, ഡിസംബര്‍ 8, 1870) 150-ാം വാര്‍ഷികവേളയില്‍ ഫ്രാന്‍സിസ് പാപ്പ Patris Corde എന്ന പേരില്‍ ഒരു അപ്പസ്തോലിക ലേഖനം 2020 ഡിസംബറിലെ അമലോത്ഭവതിരുനാള്‍ ദിനത്തില്‍ പുറപ്പെടുവിക്കുകയും ഡിസംബര്‍ 8, 2020 മുതല്‍ ഡിസംബര്‍ 8, 2021 വരെ മാര്‍ യൗസേപ്പിന്‍റെ വര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.

“യൗസേപ്പിന്‍റെ മകന്‍” എന്ന് നാലു സുവിശേഷങ്ങളും വിശേഷിപ്പിക്കുന്ന ഈശോയെ ‘പിതൃഹൃദയത്തോടെ’യാണ് മാര്‍ യൗസേപ്പ് സ്നേഹിച്ചത് എന്ന മുഖവുരയോടെയാണ് ഈ അപ്പസ്തോലിക ലേഖനം ആരംഭിക്കുക. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ നിഴലായി മാറിയ മാര്‍ യൗസേപ്പിന്‍റെ പിതൃഭാവങ്ങളും സ്വഭാവഗുണങ്ങളുമാണ് ഈ അപ്പസ്തോലികലേഖനത്തിലെ മുഖ്യപ്രതിപാദ്യം.പശ്ചാത്തലവും ലക്ഷ്യവും1870-ത് കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയവും സാമൂഹികവുമായ വലിയ പ്രതിസന്ധികളുടെ വര്‍ഷമായിരുന്നു. ആ വര്‍ഷം ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ തന്നെ പാപ്പയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടതായി വന്നിട്ടുണ്ട്. ഫ്രാന്‍സ് – ജര്‍മ്മനി യുദ്ധത്തില്‍ ഫ്രാന്‍സ് പരാജയപ്പെട്ടത് ഫ്രാന്‍സ് റോമിന് കൊടുത്തിരുന്ന പിന്തുണ ദുര്‍ബലമാക്കി. 1870-ല്‍ ഇറ്റാലിയന്‍ സൈന്യം റോമില്‍ കടന്നുകയറുകയും സഭയും പേപ്പല്‍ സ്റ്റേറ്റുകളും തമ്മിലുള്ള ബന്ധത്തെ വെല്ലുവിളിക്കുകയും ചെയ്തു. സഭാപരവും രാഷ്ട്രീയവുമായ ഈ പ്രതിസന്ധിഘട്ടത്തില്‍ വാഴ്ത്തപ്പെട്ട ഒമ്പതാം പീയൂസ് പാപ്പ ആഗോളസഭയുടെ മധ്യസ്ഥനായി മാര്‍ യൗസേപ്പിനെ പ്രഖ്യാപിച്ചു. ഈശോയെയും അമ്മയെയും പ്രതിസന്ധികളില്‍ കാത്തുപരിപാലിച്ച മാര്‍ യൗസേപ്പിനെ തിരുസഭയുടെ സംരക്ഷകനായി ആദരിക്കാനും മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാനും മാര്‍പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.ഒമ്പതാം പീയൂസ് മാര്‍പാപ്പയുടെ 1870-ലെ ഈ പ്രഖ്യാപനത്തിന്‍റെ 150-ാം വര്‍ഷം ലോകത്തെയും ആഗോളസഭയെയും ബാധിച്ചിരിക്കുന്ന വലിയ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മാര്‍ യൗസേപ്പിനോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കാനും അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാനും അദ്ദേഹത്തിന്‍റെ ഗുണങ്ങളും തീക്ഷ്ണതയും അനുകരിക്കാനും പ്രചോദിപ്പിക്കുകയാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ലേഖനത്തിന്‍റെ ലക്ഷ്യം. ചെറുതും മനോഹരവുമായ ഈ അപ്പസ്തോലിക ലേഖനം മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള ആഴമായ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് പ്രഥമ വായനയില്‍തന്നെ മനസ്സിലാക്കാവുന്നതാണ്.

ആമുഖം

സുവിശേഷങ്ങളില്‍ പ്രതിപാദിക്കുന്ന മാര്‍ യൗസേപ്പിന്‍റെ പിതൃഭാവത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് അപ്പസ്തോലികലേഖനം ആരംഭിക്കുന്നത്. പരി. അമ്മയ്ക്കുശേഷം ഏറ്റവും കൂടുതല്‍ മാര്‍പാപ്പമാരാല്‍ പരാമര്‍ശിപ്പിക്കപ്പെട്ടിട്ടുള്ള വിശുദ്ധന്‍ മാര്‍ യൗസേപ്പാണ്.”കത്തോലിക്കാസഭയുടെ രക്ഷകര്‍ത്താവ്” എന്നാണ് വാഴ്ത്തപ്പെട്ട ഒമ്പതാംപീയുസ് മാര്‍പാപ്പ യൗസേപ്പിനെ വിശേഷിപ്പിച്ചത്. അഭിവന്ദ്യ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ യൗസേപ്പിനെ “തൊഴിലാളികളുടെ മധ്യസ്ഥന്‍’ എന്നു നാമകരണം ചെയ്തു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, “രക്ഷകന്‍റെ പാലകന്‍’ എന്നാണ് മാര്‍ യൗസേപ്പിനെ വിശേഷിപ്പിച്ചത്. “നല്ല മരണത്തിന്‍റെ മധ്യസ്ഥന്‍” എന്ന നിലയിലാണ് മാര്‍ യൗസേപ്പ് ലോകമെമ്പാടും വന്ദിക്കപ്പെടുന്നത്. അപ്പസ്തോലികലേഖനത്തിന്‍റെ ആമുഖത്തിലുള്ള ശ്രദ്ധേയമായ ഒരു ചിന്ത ഇതാണ്; മാധ്യമങ്ങളിലോ പൊതുശ്രദ്ധയിലോ സ്ഥാനം പിടിക്കാത്ത എന്നാല്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന സാധാരണ മനുഷ്യരുമായി മാര്‍ യൗസേപ്പിനുള്ള സാമ്യം പാപ്പ എടുത്തുപറയുന്നുണ്ട്: “ആരാലും ശ്രദ്ധിക്കപ്പെടാതെ, ഗുപ്തസാന്നിധ്യമായി ജീവിച്ച മധ്യസ്ഥനും പിന്തുണയും പ്രതിസന്ധിഘട്ടങ്ങളിലെ മാര്‍ഗദര്‍ശിയുമായ, മാര്‍ യൗസേപ്പില്‍ നമുക്ക് നമ്മെത്തന്നെ കണ്ടെത്താനാകും. ആമുഖത്തെ തുടര്‍ന്ന് 7 ശീര്‍ഷകങ്ങളിലായി മാര്‍ യൗസേപ്പിന്‍റെ പിതൃഭാവങ്ങളെയും, ജീവിതശൈലിയെയും, ദൗത്യത്തെയുംപറ്റിയുള്ള ധന്യമായ ചിന്തകള്‍ മാര്‍പാപ്പ പങ്കുവയ്ക്കുന്നു.

1. ഒരു നല്ല പിതാവ്

എല്ലാവരാലും സ്നേഹിക്കപ്പെടുന്ന ഒരു നല്ല പിതാവായി മാര്‍ യൗസേപ്പിനെ മാര്‍പാപ്പ ചിത്രീകരിച്ചിരിക്കുന്നു. മറിയത്തിന്‍റെ ജീവിതപങ്കാളിയും ഈശോയുടെ പിതാവുമെന്നതാണ് മാര്‍ യൗസേപ്പിന്‍റെ രക്ഷാകരപദ്ധതിയിലുള്ള വലിയ സ്ഥാനം.

2. വാത്സല്യവും ആര്‍ദ്രതയുമുള്ള പിതാവ്

ദൈവപിതാവിന്‍റെ വാത്സല്യം നിറഞ്ഞ സ്നേഹം ഈശോ തന്‍റെ പിതാവായ യൗസേപ്പില്‍ ദര്‍ശിച്ചു. തികഞ്ഞ യഹൂദജീവിതം നയിച്ച മാര്‍ യൗസേപ്പ് സിനഗോഗുകളിലെ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ദൈവത്തിന്‍റെ ആര്‍ദ്രസ്നേഹത്തെക്കുറിച്ച് പലതവണ കേട്ടിരിക്കാം. ആര്‍ദ്രത നിറഞ്ഞ ഒരു പിതാവിന്‍റെ കരുതല്‍ ഈശോയ്ക്കും മറിയത്തിനും കൊടുക്കാന്‍ ഇത് അദ്ദേഹത്തെ പ്രാപ്തനാക്കി.

3. അനുസരണയുള്ള പിതാവ്

നാലു സ്വപ്നങ്ങളിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തിന് പ്രതിസന്ധികളുടെ മധ്യേ പരിപൂര്‍ണ്ണമായും വിധേയമായിക്കൊണ്ട് മാര്‍ യൗസേപ്പ് അനുസരണമുള്ള പിതാവായി മാറിയെന്ന് പരിശുദ്ധ പിതാവ് സമര്‍ത്ഥിക്കുന്നു.ദൈവത്താല്‍ രക്ഷാകരപദ്ധതിയിലേക്ക് വിളിക്കപ്പെട്ട മാര്‍ യൗസേപ്പ് ദൈവഹിതത്തിന് പൂര്‍ണ്ണസമര്‍പ്പണം നടത്തിക്കൊണ്ട് “രക്ഷാകരപദ്ധതിയുടെ യഥാര്‍ത്ഥ സേവകനായി” മാറി.

4. എല്ലാം സ്വീകരിക്കുന്ന പിതാവ്

പരി. മറിയത്തെ ഉപാധികളില്ലാതെയാണ് മാര്‍ യൗസേപ്പ് സ്വീകരിച്ചത്. എല്ലാം സ്പഷ്ടമാകുന്ന ഒരു ആത്മീയജീവിതചര്യയല്ല മറിച്ച് എല്ലാം സ്വീകരിക്കുന്ന ഒരു പാതയാണ് മാര്‍ യൗസേപ്പിന്‍റെ ജീവിതം നമ്മുടെ മുമ്പില്‍ വയ്ക്കുന്നതെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. ജീവിതപ്രതിസന്ധികളില്‍ പിന്മാറുന്ന വ്യക്തിത്വമല്ല മറിച്ച് ധൈര്യത്തോടെ മുന്നോട്ട് പോകുന്ന വ്യക്തിത്വമാണ് മാര്‍ യൗസേപ്പിന്‍റേത്.

5. സര്‍ഗ്ഗാത്മക ധൈര്യമുള്ള പിതാവ്

പ്രതിസന്ധിഘട്ടങ്ങളിലാണ് സര്‍ഗ്ഗാത്മകധൈര്യം നമ്മില്‍ ഉടലെടുക്കുക. പ്രതിസന്ധിയുടെ നിമിഷങ്ങളില്‍ ഒന്നുകില്‍ നാം എല്ലാം ഉപേക്ഷിച്ച് പോകും അല്ലെങ്കില്‍ ധൈര്യപൂര്‍വ്വം നേരിടും. ദൈവഹിതത്തിന് അന്ധമായി വിധേയനായവനല്ല മാര്‍ യൗസേപ്പ്. പ്രതിസന്ധിഘട്ടങ്ങളില്‍ ദൈവത്തിന്‍റെ പദ്ധതിയില്‍ വിശ്വസിച്ച് സര്‍ഗ്ഗാത്മകമായ ഒരു പരിഹാരം കണ്ടെത്തി ധൈര്യപൂര്‍വ്വം മുന്നോട്ടുപോയ യൗസേപ്പിനെയാണ് സുവിശേഷങ്ങളില്‍ നാം കാണുക. പ്രതിസന്ധികളില്‍ ധൈര്യസമേതം മുന്നോട്ടുപോകാന്‍ മക്കളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്ന് നമുക്ക് മറക്കാതിരിക്കാം.

6. തൊഴിലാളികളുടെ പിതാവ്

മാര്‍ യൗസേപ്പില്‍നിന്നാണ് ഈശോ തൊഴിലിന്‍റെ മാഹാത്മ്യം പഠിച്ചത്: “തന്‍റെ കുടുംബത്തിന്‍റെ നിത്യച്ചെലവുകള്‍ക്കായി മരപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരാളായിരുന്നു വിശുദ്ധ യൗസേപ്പ്. പിതാവില്‍നിന്നാണ് സ്വന്തം അധ്വാനംകൊണ്ടു കഴിക്കുന്ന അന്നത്തിന്‍റെ മഹത്ത്വവും തൊഴിലിന്‍റെ മൂല്യവും അന്തസ്സും ഈശോ തിരിച്ചറിഞ്ഞത്.” തൊഴിലെടുക്കുന്ന ഓരോ വ്യക്തിയും ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ സഹകാരികളാവുകയാണ്. കോവിഡ് – 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും രൂക്ഷമായ പ്രശ്നങ്ങളായി നിരവധിപേരെ ബാധിച്ചിട്ടുണ്ടെന്നുള്ള സത്യം മാര്‍പാപ്പ അനുസ്മരിക്കുന്നു. ഒരാളുപോലും തൊഴിലില്ലാത്ത സാഹചര്യത്തെ നേരിടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ തൊഴിലാളികളുടെ മധ്യസ്ഥനായ മാര്‍ യൗസേപ്പിനോട് അപേക്ഷിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു.

7. നിഴലായി നടന്ന പിതാവ്

പോളിഷ് എഴുത്തുകാരനായ യാന്‍ ദൊബ്രാസിന്‍സ്കിയുടെ ഠവല ടവമറീം ീള വേല എമവേലൃ എന്ന നോവല്‍ ഉദ്ധരിച്ചുകൊണ്ട് ഈശോയുമായുള്ള ബന്ധത്തില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഭൂമിയിലെ നിഴലായിരുന്നു മാര്‍ യൗസേപ്പ് എന്ന ധന്യമായ ചിന്ത മാര്‍പാപ്പ പങ്കുവയ്ക്കുന്നു. പാപ്പയുടെ വാക്കുകളില്‍ “പിതാക്കന്മാര്‍ ജനിക്കുകയല്ല, സൃഷ്ടിക്കപ്പെടുകയാണ്.” ഓരോ കുഞ്ഞും ദൈവത്തിന്‍റെ കുഞ്ഞാണെന്നും കുഞ്ഞിന്‍റെ ഉടമസ്ഥാവകാശം തനിക്കില്ലെന്നും പരിപാലിക്കാനുള്ള നിയോഗം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും തിരിച്ചറിയുന്ന മാതാപിതാക്കള്‍ തിരുക്കുടുംബത്തിന് സദൃശരാകുന്നു.

ഉപസംഹാരം

മാര്‍പാപ്പ തന്‍റെ അപ്പസ്തോലിക ലേഖനം അവസാനിപ്പിക്കുക മാര്‍ യൗസേപ്പിനോട് മാനസാന്തരത്തിനുവേണ്ടിയുള്ള വലിയ കൃപയ്ക്കായി മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്ന ഒരു പ്രാര്‍ത്ഥനയോടെയാണ്. “മറിയത്തിന്‍റെ ഭര്‍ത്താവും ഉണ്ണീശോയുടെ സംരക്ഷകനുമായ പിതാവേ, സ്വസ്തി! ദൈവം തന്‍റെ തിരുക്കുമാരനെ അങ്ങയെ ഭരമേല്പിച്ചുവല്ലോ. മറിയം നിന്നില്‍ ആശ്രയിച്ചു. മനുഷ്യാവതാരം ചെയ്ത ഈശോ അങ്ങയുടെ കൂടെ വസിച്ചു. മാര്‍ യൗസേപ്പേ അങ്ങ് ഞങ്ങളുടെയും വത്സലപിതാവായിരിക്കണമേ. ജീവിതവീഥികളില്‍ ഞങ്ങളേയും നയിക്കണമേ. കൃപ, കരുണ, ധൈര്യം എന്നിവ ഞങ്ങള്‍ക്ക് നേടിത്തരണമേ. എല്ലാ തിന്മയില്‍നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍.”പിതൃത്വത്തിനും കുടുംബജീവിതത്തിന്‍റെ പരിശുദ്ധിക്കും വലിയ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ മാര്‍ യൗസേപ്പിന്‍റെ ജീവിത മാതൃക നല്ല ആത്മീയതയുള്ള അപ്പന്മാരും നേതാക്കന്മാരുമാകാന്‍ നമ്മെ പ്രചോദിപ്പിക്കട്ടെ. നമ്മുടെ പ്രവര്‍ത്തനമേഖലകളില്‍ ഒരു അപ്പന്‍റെ കരുതലോടെ സ്വര്‍ഗ്ഗപിതാവിന്‍റെ നിഴലായി വര്‍ത്തിക്കാന്‍ നമുക്ക് ശ്രമിക്കാം. അതിന് മാര്‍ യൗസേപ്പിന്‍റെ വര്‍ഷാചരണം നമ്മെ സഹായിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Leave a Reply