ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ് ഇറാഖിലെത്തി. ബഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മാർപാപ്പ എത്തിയത്. ഇതാദ്യമായാണ് ഇറാഖിൽ മാർപാപ്പ സന്ദർശനം നടത്തുന്നത്. പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായും മാർപാപ്പ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.
ശനിയാഴ്ച, നജഫിലെത്തി ഗ്രാൻഡ് ആയത്തുല്ല അൽ സിസ്താനിയെ സന്ദർശിക്കുന്ന മാർപാപ്പ നസിറിയയിൽ സർവമതസമ്മേളനത്തിലും പങ്കെടുക്കും . ശനിയാഴ്ച ബഗ്ദാദിലും ഞായറാഴ്ച ഇർബിലിലും കുർബാന അർപ്പിക്കും. മൊസൂളും സന്ദർശിക്കുന്നുണ്ട്. കൊറോണ വൈറസ്, ഭീകരാക്രമണ ഭീഷണികൾക്കിടയിൽ ഇറാഖിൽ 1450 കിലോമീറ്റർ സഞ്ചരിച്ച ശേഷം മാർപാപ്പ തിങ്കളാഴ്ച മടങ്ങും
