അക്രമങ്ങൾക്ക് അറുതിവരുത്തണമെന്ന ആഹ്വാനവുമായി ഇറാഖിൽ ഫ്രാൻസിസ് പാപ്പയുടെ പ്രഥമ സന്ദേശം. ഇറാഖ് ഉൾപ്പെടെ സകല രാജ്യങ്ങളിലും ആയുധങ്ങൾ നിശബ്ദമാക്കപ്പെടണമെന്നും പാപ്പ ആവശ്യപ്പെട്ടു. ഇറാഖി പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഇറാഖിലെ ഭരണനേതൃത്വത്തെയും നയതന്ത്ര പ്രതിനിധികളെയും സർക്കാർ ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്യവേയാണ്, സാഹോദര്യത്തോടെയും ഐക്യദാർഢ്യത്തോടെയുമുള്ള പുതിയ സമൂഹനിർമിതി സാധ്യമാകണമെന്ന് പാപ്പ ആവശ്യപ്പെട്ടത്.
ഇറാഖിലെ സഭ, സമാധാനത്തിനുവേണ്ടി മറ്റ് മതങ്ങളുമായി ക്രിയാത്മകമായി സഹകരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ പാപ്പ, പൂർവകാലം മുതൽ ഈ നാടിന്റെ ഭാഗമായ ക്രൈസ്തവസമൂഹം രാജ്യത്തിന് നൽകിയ സംഭാവനകൾ സമ്പന്നമായ പാരമ്പര്യമാണെന്നും ഓർമിപ്പിച്ചു. പൂർണ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള പൗരന്മാരെന്ന നിലയിൽ പൊതുജീവിതത്തിലെ അവരുടെ പങ്കാളിത്തം, മതവിശ്വാസങ്ങളുടെയും വംശങ്ങളുടെയും സംസ്‌കാരങ്ങളുടെയും ആരോഗ്യകരമായ ഐക്യപ്പെടലിന് കരുത്താകുമെന്നും കൂട്ടിച്ചേർത്തു.
സാഹോദര്യവും ഐക്യദാർഢ്യവും യോജിപ്പും അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലൂടെ ഇറാഖ് നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനാകും. നിരവധി ദശാബ്ദങ്ങളായി ഇറാഖിനെ ബാധിച്ച യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ, ഭീകരത, വിഭാഗീയത, സംഘർഷങ്ങൾ എന്നിവ വിവിധ വംശീയ, മത വിഭാഗങ്ങളുടെ സഹവർത്തിത്വത്തിന് വെല്ലുവിളിയായിട്ടുണ്ട്. എന്നാൽ, വ്യത്യസ്ഥതകൾക്ക് അതീതമായി നോക്കാനും ഒരേ കുടുംബത്തിലെ അംഗങ്ങളായി നമ്മെ കാണാനും പഠിക്കുമ്പോൾ മാത്രമേ ഫലപ്രദമായ പുനർനിർമാണ പ്രക്രിയ സാധ്യമാകൂ.
സാഹോദര്യവും ഐക്യദാർഢ്യവും വളർത്താൻ സർക്കാർ നേതാക്കൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും വിളിയുണ്ട്. അഴിമതി, അധികാര ദുർവിനിയോഗം, നിയമത്തോടുള്ള അവഗണന എന്നിവയ്ക്കെതിരെ പോരാടുന്നതിലൂടെ മാത്രമല്ല, നീതിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സത്യസന്ധതയും സുതാര്യതയും വളർത്തുന്നതിലൂടെയും ഈ മേഖലകളെ ശക്തിപ്പെടുത്താൻ അവർക്ക് കഴിയുമെന്നും പാപ്പ പറഞ്ഞു. ഇറാഖി ജനങ്ങൾ അനുഭവിക്കുന്ന ക്രൂരതകളിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ച പാപ്പ, സമാധാനത്തിന്റെ രാജാവായ ക്രിസ്തുവിന്റെ നാമത്തിൽ സമാധാനത്തിന്റെ തീർത്ഥാടകനെന്ന നിലയിൽ താൻ അവർക്കിടയിലുണ്ടെന്ന പ്രത്യാശയും പങ്കുവെച്ചാണ് സന്ദേശം അവസാനിപ്പിച്ചത്.
