കോവിഡ് വിമുക്തരായ വർ ഇനിയും സൂക്ഷിക്കണം

പോസ്റ്റ് കോവിഡ് സിന്‍ട്രോം

എന്താണ് പോസ്റ്റ് കോവിഡ് സിന്‍ട്രോം?

കോവിഡ് മുക്തി നേടിയവരില്‍ കുറച്ചുനാളുകള്‍കൂടി രോഗലക്ഷണങ്ങള്‍ നീണ്ടുനില്ക്കുകയാണെങ്കില്‍ അതിനെ പോസ്റ്റ് കോവിഡ് സിന്‍ട്രോം എന്ന് പറയുന്നു. ഇത് മൂന്ന് ആഴ്ചയാകാം, പന്ത്രണ്ട് ആഴ്ചയാകാം, ചിലപ്പോള്‍ അതില്‍ കൂടുതലും ആകാം. കണക്കുകള്‍ കാണിക്കുന്നത് കോവിഡ് ബാധിച്ച 10 ശതമാനം ആളുകളില്‍ ഇതില്‍ കാണാം എന്നാണ്. കോവിഡ് പോസിറ്റീവായവരില്‍ മാത്രമല്ല യാതൊരു ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് വന്നു പോയവരിലും പോസ്റ്റ് കോവിഡ് സിന്‍ട്രോം വരാം.

ലക്ഷണങ്ങള്‍:-

1. അമിതമായ ക്ഷീണം: 30% ആളുകളില്‍ കണ്ടുവരുന്നു.

2. മണം നഷ്ടപ്പെട്ട സാഹചര്യം കുറച്ച് നാളുകള്‍ കൂടി നിലനില്ക്കുക.

3. നടക്കുമ്പോള്‍, അല്ലെങ്കില്‍ വ്യായാമം ചെയ്യുമ്പോള്‍ ശ്വാസംമുട്ടല്‍.

4. സന്ധിവേദന, പേശീവേദന, തളര്‍ച്ച

5. മാനസികാരോഗ്യത്തെ ബാധിക്കാം: ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, അകാരണമായ ഭയം.

6. തലവേദന, പക്ഷാഘാതം

7. ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ്, സംഭ്രമം, ബ്രയിന്‍ ഫോഗിങ്.

8. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍: നീണ്ടകാലം നില്ക്കുന്ന വരണ്ട ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം, പള്‍മണറി ഫൈബ്രോസിസ്, പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ ടെന്‍ഷന്‍, പള്‍മണറി എംബോളിസം.

9. നീണ്ടകാലം കിതപ്പ് അനുഭവപ്പെടുക, ഹൃദയസ്തംഭനം, മയോകാര്‍ഡൈറ്റിസ്, കാര്‍ഡിയോ മയോപ്പതി.

10. കരള്‍, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍. കോവിഡ് വളരെ ലഘുവായി വന്ന രോഗികളിലും, പ്രത്യേകിച്ച് കുട്ടികളില്‍ ഈ പ്രശ്നങ്ങള്‍ വളരെ ഗുരുതരമായി വന്നേക്കാം.

കുട്ടികളില്‍ കോവിഡ് വരുമ്പോള്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ കാണണമെന്നില്ല. എന്നാല്‍ പോസ്റ്റ് കോവിഡ് സിന്‍ട്രോമിന്‍റെ ഭാഗമായി ത്വക്ക് മുതല്‍ ശരീരത്തിന്‍റെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന രീതിയിലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപകടലക്ഷണങ്ങള്‍:-

1. അമിതമായ നെഞ്ചിടിപ്പ്

2. നടക്കുമ്പോള്‍ അല്ലെങ്കില്‍ വ്യായാമം ചെയ്യുമ്പോള്‍ ശ്വാസംമുട്ടല്‍: ഇതു കണ്ടുപിടിക്കുന്നതിന് രോഗവിമുക്തിയായ ഒരാള് ആദ്യത്തെ ദിവസം 5 മിനിറ്റ് നടക്കുക, രണ്ടാമത്തെ ദിവസം 10 മിനിറ്റ്, മൂന്നാമത്തെ ദിവസം 15 മിനിറ്റ്. ഇങ്ങനെ സാവകാശം നടത്തത്തിന്‍റെ ദൈര്‍ഘ്യം കൂട്ടുമ്പോള്‍; ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ സമീപിച്ച് മറ്റ് പരിശോധനകള്‍ നടത്തുക.

3. നെഞ്ചുവേദന

4. ഒരു കാല് മാത്രം നീര് വയ്ക്കുക. ഇത് രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്ന രോഗത്തിന്‍റെ ഭാഗമാവാം (Deep vein thrombosis)

5. ബോധക്ഷയം: ഈ രോഗലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍തന്നെ ചികിത്സതേടേണ്ടതാണ്.

കോവിഡ് രോഗവിമുക്തര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-

കോവിഡ് വന്നുപോയശേഷം അതില്‍നിന്നും പൂര്‍ണ്ണമായും മുക്തി നേടാന്‍ രണ്ടുമൂന്നു മാസമെങ്കിലും സമയം എടുക്കും. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

1. നല്ല ഉറക്കം: കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. ദിവസം ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക. അതിനായി ഉച്ചയ്ക്കുശേഷം (മൂന്നു മണിക്ക് ശേഷം) ഉത്തേജകവസ്തുക്കള്‍ (ഉദാ: കാപ്പി) ഉപയോഗിക്കാതിരിക്കുക. കാരണം അത് ഉറക്കത്തെ ബാധിക്കും. സ്ക്രീന്‍ ടൈം കുറയ്ക്കുക. കൂടുതല്‍ സമയം മൊബൈലിലും ടി.വിയിലും നോക്കി ഇരിക്കാതിരിക്കുക (പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍).

2. വ്യായാമം : ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം ആരോഗ്യനില തൃപ്തികരമാണെങ്കില്‍ വ്യായാമമുറകള്‍ ആരംഭിക്കാവുന്നതാണ്. തുടക്കത്തില്‍ 5 മിനിറ്റ്, പിന്നെ 10 മിനിറ്റ്, അങ്ങനെ സാവകാശം സമയം കൂട്ടിക്കൊണ്ടുവരിക. ഓരോ വ്യായാമത്തിനിടയിലും മതിയായ വിശ്രമം ആവശ്യമാണ്. ആദ്യ ആഴ്ച: ഓരോ ദിവസവും 5 തവണ 5 മിനിറ്റ് നടക്കുക. രണ്ടാമത്തെ ആഴ്ച: ഓരോ ദിവസവും 3 തവണ 10 മിനിറ്റ് നടക്കുക. മൂന്നാമത്തെ ആഴ്ച: ഓരോ ദിവസവും 2 തവണ 15 മിനിറ്റ് നടക്കുക. എന്നാല്‍ വ്യായാമം ചെയ്യുന്ന സമയത്ത് നെഞ്ചുവേദന, കിതപ്പ്, ക്ഷീണം, തലകറക്കം, നേരിയ തലവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടനെ വ്യായാമം നിര്‍ത്തുക.

3. പോഷകാഹാരം: പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും കഴിക്കുക.

4. ശ്വാസവ്യായാമങ്ങള്‍: ശ്വാസകോശങ്ങളുടെ പുനഃക്രമീകരണത്തിന് ഇത് സഹായിക്കും.

5. കൗണ്‍സിലിങ്:- കോവിഡിന്‍റെ ഭാഗമായുണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കൗണ്‍സിലിങ് ഒരു ആവശ്യമാണ്.

ചികിത്സാസൗകര്യം:-

പോസ്റ്റ് കോവിഡ് സിന്‍ട്രോമിന്‍റെ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ നേടാനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാതലങ്ങളില്‍ എല്ലാ വ്യാഴാഴ്ചയും 12 മണി മുതല്‍ 2 മണി വരെയും, ഗുരുതരമായ ലക്ഷണങ്ങളോടുകൂടി എത്തുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും, മെഡിക്കല്‍ കോളേജുകളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.

NB: പോസ്റ്റ് കോവിഡ് സിന്‍ട്രോം ബാധിച്ചവരില്‍ വൈറസിന്‍റെ സാന്നിധ്യം ഉണ്ടാകാറില്ല; അവര്‍ രോഗം പരത്താറുമില്ല. പ്രായഭേദമെന്യേ പോസ്റ്റ് കോവിഡ് സിന്‍ട്രോം ഏവരേയും ബാധിക്കാം. മാസ്ക്കും, സാനിറ്ററൈസറും, സാമൂഹിക അകലവും തുടരുക.

Leave a Reply